ഹൈലക്സിനെ വെട്ടാന്‍ കിയയുടെ ടാസ്മാന്‍ !

വിദേശ രാജ്യങ്ങളിൽ ക്യാമ്പിംഗിനും മറ്റ് കാര്യങ്ങൾക്കുമായി ഉപയോഗിക്കുന്ന വാഹനമാണ് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകൾ. എന്നാൽ ഇന്ത്യയിൽ അത്ര ജനപ്രിയമല്ലാത്ത സെഗ്മെന്റുകളിൽ ഒന്നാണ് ഇത്തരത്തിലുള്ള വാഹനങ്ങൾ. ഈ മോഡലിലുള്ള വാഹനങ്ങൾ രാജ്യത്ത് ഇതുവരെ ക്ലച്ച് പിടിച്ചിട്ടും ഇല്ല.

ക്യാബിനിൽ രണ്ടു നിര സീറ്റുകളും പിന്നിൽ ഗുഡ്‌സിനായി സ്ഥലവും ഒരുക്കിയിട്ടുള്ള ലൈഫ് സ്റ്റൈൽ മോഡലുകൾ ആണ് ഇവ. ടാറ്റയും മഹീന്ദ്രയുമൊക്കെ പരാജയപ്പെട്ട് പോയ സെഗ്മെന്റ് ആണെങ്കിലും ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസു കുറച്ചെങ്കിലും ഈ സെഗ്മെന്റിൽ പിടിച്ചു നിന്നു. ഹൈലക്‌സിനെ കൊണ്ടുവന്ന് പതിയെ വിൽപ്പന കൂട്ടിക്കൊണ്ടിരിക്കുകയാണ് ടൊയോട്ട.

വിദേശ രാജ്യങ്ങളിൽ ഇത്തരം വണ്ടികൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇവിടെയുള്ള ക്യാമ്പിംഗ് സംസ്കാരവും ഒക്കെയാണ് ഇതിന് കാരണം. ടെൻഡടിക്കാനും ഒരു രാത്രി കഴിഞ്ഞുകൂടാനും പിക്കപ്പിന്റെ പിന്നിലുള്ള സ്ഥലം ഉപയോഗപ്പെടുത്താനാകും എന്നത് തന്നെയാണ് കാരണം. ഇതുവരെ ഫോർഡും ഷെവർലെയും ടൊയോട്ടയും കൈയടി വെച്ചിരുന്ന ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടെ സെഗ്മെന്റിലേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ കൂടി കടന്നു വരികയാണ്.

ലോകത്താകമാനം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹൈലക്‌സ് മോഡലിനെ വെല്ലുവിളിച്ചാണ് കിയ ഇത്തവണ ഒരുങ്ങുന്നത്. പുതിയ പിക്കപ്പ് ട്രക്ക് വരും മാസങ്ങളിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. ടാസ്മാൻ എന്നാണ് കിയ പേര് കണ്ടുവെച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് കമ്പനി റഗ്ഗഡ് പിക്കപ്പ് വിപണിയിലേക്ക് കടക്കുന്നത്. പുത്തൻ വണ്ടിയുടെ ടീസർ വീഡിയോ പുറത്തു വിട്ടുകൊണ്ട് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചുകഴിഞ്ഞു. ഓസ്ട്രേലിയയിലായിരിക്കും മോഡൽ അരങ്ങേറ്റം കുറിക്കുക.

ടാസ്മാൻ പിന്നീട് അന്താരാഷ്ട്രതലത്തിൽ വിൽപ്പനയ്‌ക്കെത്തുന്നതോടൊപ്പം തന്നെ ഇന്ത്യയിലേക്കും വരുമെന്നാണ് പ്രതീക്ഷ. ലാഡർ-ഫ്രെയിം ആർക്കിടെക്ചർ ഫീച്ചർ ചെയ്യുന്ന കിയയുടെ ആദ്യ പിക്കപ്പാണ് ടാസ്മാൻ. ടൊയോട്ട ഹൈലക്സ്, ഫോർഡ് റേഞ്ചർ, ഫോക്‌സ്‌വാഗൺ അമാരോക്ക് തുടങ്ങിയ ജനപ്രിയ എതിരാളികളെ നേരിടാനാണ് മോഡലിനെ കമ്പനി പണികഴിപ്പിക്കുന്നത്. കിയ ടാസ്മാൻ്റെ ഡിസൈൻ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കോണാകൃതിയിലുള്ള രൂപകൽപ്പനയും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉള്ള ഒരു ബോക്‌സി പിക്കപ്പായിരിക്കുമെന്ന് സ്ഥിരീകരിക്കുന്ന ട്രക്കിൻ്റെ ഒരു സിലൗറ്റ് കിയ ടീസറിലൂടെ പങ്കുവെക്കുന്നുണ്ട്.

പ്ലാറ്റ്‌ഫോമിനെക്കുറിച്ചോ ഓഫ്-റോഡ് ഗിയറിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. എങ്കിലും ടാസ്മാനിന് ഡീസൽ എഞ്ചിൻ ലഭിക്കുമെന്ന് കിയ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മിക്കവാറും കാർണിവൽ, സാന്താ ഫെ തുടങ്ങിയ മറ്റ് നിരവധി കിയ, ഹ്യൂണ്ടായ് മോഡലുകൾക്ക് കരുത്ത് പകരുന്ന 2.2 ലിറ്റർ യൂണിറ്റ് ഉണ്ടാകാനാണ് സാധ്യത. ഈ വർഷത്തിൻ്റെ രണ്ടാം പകുതിയിൽ വാഹനത്തിന്റെ അരങ്ങേറ്റം നടക്കുമെന്നാണ് പ്രതീക്ഷ. ആഗോള അരങ്ങേറ്റത്തോടെ അടുത്ത മാസങ്ങളിൽ പുത്തൻ പിക്കപ്പ് ട്രക്കിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കിയ പങ്കിടാനാണ് സാധ്യത.