അടിമുടി മാറ്റങ്ങളുമായി പുത്തൻ 'ഹ്യുണ്ടായ് ഐ20 ഫേസ്‌ലിഫ്റ്റ്' ; ഈ വർഷം ഇന്ത്യയിലെത്തും !

പുത്തൻ ഐ 20 ഫേസ്‌ലിഫ്റ്റ് മോഡലിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായ്. വാഹനം ഉടൻതന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. ഹാച്ച്ബാക്കിന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പ് യൂറോപ്യൻ വിപണിയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി എത്തുന്ന വാഹനം അകത്തും പുറത്തും ചെറിയ മാറ്റങ്ങളുമായാണ് എത്തുന്നത്. ചില മോഡലുകളിൽ എഡിഎഎസ് ഫീച്ചറുണ്ട്.

എട്ട് കളര്‍ ഓപ്ഷനുകളിലാണ് കമ്പനി ഹ്യുണ്ടായ് ഐ20 ഫേസ്‌ലിഫ്റ്റ് യൂറോപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പുതിയ നിറങ്ങളും രണ്ട് ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്. ലൂസിഡ് ലൈം മെറ്റാലിക്, ലുമെന്‍ ഗ്രേ പേള്‍, മെറ്റാ ബ്ലൂ പേള്‍ എന്നിവയാണ് പുതിയ കളറുകള്‍. അറ്റ്‌ലസ് വൈറ്റ്, ഫാന്റം ബ്ലാക്ക് പേള്‍, അറോറ ഗ്രേ പേള്‍, ഡ്രാഗണ്‍ റെഡ് പേള്‍, മാംഗ്രോവ് ഗ്രീന്‍ പേള്‍ തുടങ്ങിയ കളറുകളിലും വാഹനം ലഭ്യമാകും.

കാഴ്ചയിൽ പുത്തൻ ലുക്ക് തോന്നിപ്പിക്കാനായി മുൻ ബംബറിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗ്രില്ലിന്റെ രണ്ട് വശങ്ങളിലുമായി എയർ ഇൻലെറ്റുകൾ ഉണ്ട്. അലോയ് വീലുകൾക്ക് പുതിയ ഡിസൈൻ ആണ് നൽകിയിരിക്കുന്നത്. ഉയർന്ന വകഭേദങ്ങൾക്ക് 17 ഇഞ്ച് മറ്റുള്ളവയ്ക്ക് 16 ഇഞ്ച് എന്നിങ്ങനെയാണ് നൽകുന്നത്.

യൂറോപ്യൻ വിപണിയിലേക്കുള്ള ഐ 20യുടെ നിർമാണം ടർക്കിയിലായിരിക്കും നടത്തുക . നിലവിലെ 1 ലീറ്റർ ടർബോ പെട്രോൾ എൻജിനും 48V മൈൽഡ് ഹൈബ്രിഡ് എൻജിനും തന്നെയാണ് യൂറോപ്യൻ മോഡലിന് ഉണ്ടാവുക. ചെറിയ മാറ്റങ്ങൾ വരുത്തിയ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും വാഹനത്തിനുണ്ടാകും.

1.2 ലീറ്റർ പെട്രോൾ എൻജിനും 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിനും ഇന്ത്യൻ മോഡലിൽ ഉണ്ടാകും. പുതുക്കിയ ഐ20യുടെ ഉത്പാദനം 2023ന്റെ മൂന്നാം പാദത്തില്‍ ആരംഭിക്കുമെന്നാണ് ഹ്യുണ്ടായ് അറിയിച്ചിരിക്കുന്നത്. വാഹനം ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷാവസാനം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.