4 ലക്ഷം ഡിസ്‌കൗണ്ട് ! ഹ്യുണ്ടായിയുടെ ഇതിലും മികച്ച ഓഫർ ഇനി സ്വപ്നങ്ങളിൽ മാത്രം...

ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളിൽ ഒന്നാണ് ഹ്യുണ്ടായ്. മികച്ച മോഡലുകളുമായി രണ്ടാം സ്ഥാനത്ത് തുടരുന്ന കമ്പനിയുടെ പ്രധാന മത്സരം ടാറ്റ മോട്ടോർസുമായാണ്. എന്നിരുന്നാലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മാരുതിയോട് മത്‌സരിക്കാനാണ് ഹ്യുണ്ടായ്‌ക്ക് താത്പര്യം.

കൂടുതൽ വിറ്റുവരവ് നേടാനായി കഴിഞ്ഞ മാസത്തെ ഓഫറുകളുടെ തുടർച്ചയായി ഹ്യുണ്ടായ് അടിപൊളി ഡിസ്‌കൗണ്ടുകളാണ് 2024 ഏപ്രിൽ മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന മോഡലുകളെ അപേക്ഷിച്ച് 50,000 രൂപ മുതൽ 4 ലക്ഷം രൂപ വരെയുള്ള വമ്പൻ ആനുകൂല്യങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം ഹ്യുണ്ടായ് കൊണ്ടുവന്നിരികുന്ന ഓഫറുകൾ എന്തൊക്കെയാണെന്ന് നോക്കാം..

ഈ മാസം ഹ്യുണ്ടായിൽ നിന്നുള്ള എൻട്രി ലെവൽ കാറായ ഗ്രാൻഡ് i10 നിയോസ് വാങ്ങാൻ എത്തുന്നവർക്ക് തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അപേക്ഷിച്ച് പരമാവധി 43,000 രൂപ വരെ ലാഭിക്കാൻ സാധിക്കും. 30,000 രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ടാണ് ഇതിലെ ഹൈലൈറ്റ്. ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പുകൾക്കാണ് ഇത് ലഭ്യമാവുക.

10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവയും ഇതോടൊപ്പം അധികമായി കിട്ടും. ഗ്രാൻഡ് i10 നിയോസിൻ്റെ എഎംടി ട്രാൻസ്മിഷൻ മോഡലുകൾക്ക് 18,000 രൂപയാണ് മൊത്തത്തിൽ കിട്ടുന്ന ആനുകൂല്യം. ഇതിൽ തന്നെ 5000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവയൊക്കെയാണ് ഹ്യുണ്ടായ് അവതരിപ്പിച്ചിരിക്കുന്നത്.

കോംപാക്‌ട് സെഡാൻ വാഹനമായ ഓറയിലും ഏപ്രിൽ മാസം മികച്ച ഓഫറാണ് ലഭിക്കുക. കാറിന്റെ സിഎൻജി വേരിയൻ്റുകൾക്ക് 18,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ഉൾപ്പടെ 33,000 രൂപ വരെ വിലക്കുറവ് ലഭിക്കും. ഓറയുടെ മറ്റെല്ലാ വേരിയന്റുകൾക്കും 5,000 ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. ഇതോടൊപ്പം i10 ഹാച്ചിലേതു പോലെ തന്നെ 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയും സെഡാനൊപ്പം വാഗ്‌ദാനം ചെയ്യുന്നു.

i20 പ്രീമിയം ഹാച്ച്ബാക്കിന്റെ കാര്യത്തിൽ, കാറിന്റെ മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകൾക്ക് 25,000 രൂപ വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക. ജനപ്രിയ മോഡലിന്റെ IVT ഓട്ടോമാറ്റിക് ട്രിമ്മുകളിൽ 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് മാത്രമാണ് ഹ്യുണ്ടായ് അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വെർണയും അൽകസാറും വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നവർക്കും പണം ലാഭിക്കാം.

രണ്ട് മോഡലുകൾക്കും 35,000 രൂപ വരെയാണ് ഡിസ്കൗണ്ട് ഒരുക്കിയിരിക്കുന്നത്. ടോപ്പ് സെല്ലിംഗ് കോംപാക്‌ട് എസ്‌യുവി മോഡലായ വെന്യുവിന് 30,000 രൂപയാണ് ഓഫറിട്ടിരിക്കുന്നത്. ഇത് 1.0 ടർബോ പെട്രോൾ മാനുവൽ വേരിയന്റുകളിലാണ് കിട്ടുക. 1.0 ടർബോ ഡിസിടി ഓട്ടോമാറ്റിക് വേണ്ടവരാണെങ്കിൽ 25,000 രൂപയുടെ ഓഫർ മാത്രമേ ഉണ്ടാവുകയുള്ളു. ഇതുകൂടാതെ വെന്യു 1.2 ലിറ്റർ കാപ്പ മാനുവൽ മോഡലുകളിൽ 20,000 രൂപയുടെ ഡിസ്കൗണ്ടും കമ്പനി നൽകുന്നുണ്ട്.

ഹ്യുണ്ടായിയുടെ പ്രീമിയം എസ്‌യുവിയായ ട്യൂസോണിന്റെ ഡീസൽ പതിപ്പുകൾക്ക് 50,000 രൂപയോളമാണ് ക്യാഷ് ഡിസ്‌കൗണ്ടായി ലഭിക്കുക. സാധാരണ ICE മോഡലുകൾക്ക് പുറമെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ കോനയിലാണ് വമ്പൻ ഓഫറിട്ടിരിക്കുന്നത്. ആളുകളെ കൈയിലെടുക്കാൻ കോന ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് 4 ലക്ഷം രൂപയാണ് ഏപ്രിൽ മാസം കിട്ടുന്ന ഡിസ്കൗണ്ട്.

ഒറ്റ ചാർജിൽ 452 കിലോമീറ്റർ റേഞ്ച് വരെ വാഗ്‌ദാനം ചെയ്യാൻ കോന ഇവിക്ക് സാധിക്കും. ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ലോഞ്ചായ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് 2024 ഏപ്രിലിൽ മാസത്തെ ഓഫറിനു കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല. ഏപ്രിൽ ഒന്ന് മുതൽ ക്രെറ്റയുടെ വിലയും കമ്പനി വർധിപ്പിച്ചിട്ടുണ്ട്.

പെട്രോൾ പതിപ്പിൽ 1.5 ലിറ്റർ എഞ്ചിനും മാനുവൽ ഗിയർബോക്സുമായി വരുന്ന എൻട്രി ലെവൽ E വേരിയന്റ്, ഡിസിടി ട്രാൻസ്മിഷനുമായി വരുന്ന 1.5 ലിറ്റർ ടർബോ SX(O) വേരിയന്റ് എന്നിവയുടെ വില പഴയപടി നിലനിർത്തിയിട്ടുണ്ട്. പെട്രോൾ എഞ്ചിൻ ഉള്ള ബാക്കി മോഡലുകൾക്ക് ഏകദേശം 3,500 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.

എന്നാൽ ഡീസൽ വേരിയന്റുകളിൽ ഓട്ടോമാറ്റിക് SX(O) ഡ്യുവൽ ടോൺ SX(O) പോലുള്ള ടോപ്പ് എൻഡ് വേരിയന്റുകളുടെ വില ഹ്യുണ്ടായ് കൂട്ടിയിട്ടില്ല. പകരം 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിൻ ഉള്ള ക്രെറ്റയുടെ മറ്റെല്ലാ വകഭേദങ്ങൾക്കും ഏകദേശം 10,800 രൂപയാണ് ഇനി അധികമായി മുടക്കേണ്ടിവരിക.