കൊതിപ്പിക്കും വിലയും സ്‌പോര്‍ട്ടി ലുക്കും; കിടിലൻ ഫീച്ചറുകളുമായി പുതിയ ഹ്യുണ്ടായ് ക്രെറ്റ എന്‍ലൈന്‍ !

ഏറ്റവും കൂടുതൽ ആരാധകരുള്ള മോഡലുകളാണ് പെർഫോമൻസ് കാറുകൾ. എന്നാൽ ഇന്ത്യൻ വിപണിയിൽ ഇത്തരം വണ്ടികൾക്ക് ഇതുവരെ കാര്യമായ വിൽപന പിടിക്കാനായിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്കും ഈ സെഗ്മെന്റിൽ വിജയം കാണാൻ സാധിച്ചില്ല. എന്നാൽ അതേസമയം, പ്രധാന എതിരാളിയായ ഹ്യുണ്ടായ് കത്തിക്കയറിയ സെഗ്മെന്റ് ആണിത്.

N ലൈൻ എന്ന രാജ്യന്തര പരിവേഷമുള്ള കാറുകളെയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയിലെ ഡ്രൈവിംഗ് പ്രേമികൾക്കായി ഒരുക്കിവെച്ചത്. i20, വെന്യു എന്നീ മോഡലുകളുടെ പെർഫോമൻസ് പതിപ്പുകൾ നല്ല രീതിയിൽ തന്നെ വിറ്റഴിക്കാൻ ഹ്യുണ്ടായിക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്ത് ഏറ്റവും വിൽപ്പന നേടുന്ന എസ്‌യുവിയായ ക്രെറ്റയുടെ N ലൈൻ പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായ്.

interior

ക്രെറ്റ N ലൈൻ എസ്‌യുവിയുടെ ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 16.82 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ഹ്യുണ്ടായ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. N8, N10 വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്ന ക്രെറ്റ N ലൈൻ ഒരു എഞ്ചിനിലും രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ലഭ്യമാണ്. ബ്രാൻഡിന്റെ സിഗ്നേച്ചർ ഡീലർഷിപ്പുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും 25,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാൻ കഴിയും.

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായ് ക്രെറ്റ N ലൈനിൻ്റെ N8,N10 വേരിയൻ്റുകൾ വാഗ്ദാനം ചെയ്യുന്നത്. 16.82 ലക്ഷം മുതൽ 18.32 ലക്ഷം രൂപ വരെയാണ് N8 മോഡലുകളുടെ വില വരുന്നത്. ടോപ്പ് എൻഡ് N10 മാനുവലിന് 19.34 ലക്ഷവും ഓട്ടോമാറ്റിക് പതിപ്പിന് 20.30 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സ്റ്റാൻഡേർഡ് ക്രെറ്റയുടെ ടോപ്പ് എൻഡ് SX (O) വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്.

ഹ്യുണ്ടായ് N ലൈൻ മോഡലുകളുടെ സവിശേഷമായ ചില ഡിസൈനാണ് പെർഫോമൻസ് അടിസ്ഥാനമാക്കിയുള്ള ക്രെറ്റയെ വേറിട്ടു നിർത്തുന്നത്. പുതിയ സ്‌പോർട്ടി ഫ്രണ്ട് ഗ്രില്ലും N ലൈൻ ലോഗോയും സഹിതം എക്സ്റ്റീരിയർ ഡിസൈൻ അപ്‌ഡേറ്റ് ചെയ്തിട്ടുമുണ്ട്.

പിൻഭാഗത്ത് പെർഫോമൻസ് എസ്‌യുവിക്ക് ട്വിൻ-ടിപ്പ് എക്‌സ്‌ഹോസ്റ്റാണ് കാണാനാവുന്നത്. ഇത് സ്റ്റാൻഡേർഡ് ക്രെറ്റയേക്കാൾ സ്‌പോർട്ടിയായി വീണ്ടും ക്രെറ്റയെ മാറ്റുന്ന കാര്യമാണ്. ആറ് കളർ ഓപ്ഷനുകളിൽ ക്രെറ്റ N ലൈൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്ലാക്ക് റൂഫിൽ വരുന്ന മൂന്ന് ഡ്യുവൽ ടോൺ എക്സ്റ്റീരിയർ ഓപ്ഷനും ഇതിൽ ഉൾപ്പെടുന്നുണ്ട്. അറ്റ്ലസ് വൈറ്റ്, അബിസ് ബ്ലാക്ക്, ടൈറ്റൻ ഗ്രേ മാറ്റ് എന്നിവയാണ് മോണോടോൺ നിറങ്ങൾ.

അതേസമയം തണ്ടർ ബ്ലൂ വിത്ത് അബിസ് ബ്ലാക്ക് റൂഫ്, ഷാഡോ ഗ്രേ വിത്ത് അബിസ് ബ്ലാക്ക് റൂഫ്, അറ്റ്ലസ് വൈറ്റ് വിത്ത് എബിസ് ബ്ലാക്ക് റൂഫ് എന്നിവയാണ് ഡ്യുവൽ ടോൺ ഷേഡുകൾ. ഇന്റീരിയറിലും കിടിലൻ പരിഷ്ക്കാരങ്ങൾ യാത്രക്കാരെ വരവേൽക്കും. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ പോലുള്ള എല്ലാത്തരം മോഡേൺ സവിശേഷതകളും വാഹനത്തിലുണ്ട്. ഇതുകൂടാതെ ഡ്യുവൽ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഡ്രൈവർ സീറ്റ് എന്നിവയും അതിലേറെയും ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് ക്രെറ്റ N ലൈൻ എസ്‌യുവി എത്തുന്നത്. സേഫ്റ്റിയുടെ കാര്യത്തിൽ ലെവൽ-2 ADAS സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോ എന്നിവ പോലുള്ള കാര്യങ്ങളാണ് വാഹനത്തിൽ ഹ്യുണ്ടായി ഒരുക്കിയിട്ടുള്ളത്.

New hyundai creta-n-line

ക്രെറ്റ N ലൈനിന് 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുക. ഇത് സ്റ്റാൻഡേർഡ് ക്രെറ്റ എസ്‌യുവിക്ക് കരുത്ത് പകരുന്ന അതേ യൂണിറ്റാണെങ്കിലും സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് വ്യത്യസ്തമായി എഞ്ചിന് 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭിക്കും. 158 ബിഎച്ച്പി പവറിൽ 253 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുന്ന വിധത്തിലാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്.

വെറും 9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഹ്യുണ്ടായ് ക്രെറ്റ N ലൈൻ എസ്‌യുവിക്ക് കഴിയും. ഇക്കോ, നോർമൽ, സ്‌പോർട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്നോ, സാൻഡ്, മഡ് എന്നീ മൂന്ന് ട്രാക്ഷൻ കൺട്രോൾ മോഡുകളും പുത്തൻ ക്രെറ്റയുടെ പ്രത്യേകതയാണ്.