മോളിവുഡിലെ ആദ്യത്തെ 'ഫെരാരി 296 ജിടിബി' ഇനി ദുൽഖറിന്റെ ഗാരേജിൽ !

മോളിവുഡിലെ ആദ്യ ഫെറാരി സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ സൽമാൻ. മലയാള സിനിമാ താരങ്ങളിൽ ആദ്യം എന്നതിന് പുറമെ ഇന്ത്യയിൽ തന്നെ ഈ വാഹനം ആദ്യമാണെന്നതാണ് പ്രത്യേകത. ചെന്നൈയിൽ നിന്നുള്ള പുതിയ ഫെറാറി 296 ജിടിബി സൂപ്പർകാറിന്റെ ഒരു കൂട്ടം ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിലടക്കം വൈറലാകുന്നത്.

ഫെറാരി എന്ന് കേൾക്കുമ്പോൾ ചുവപ്പു നിറത്തിലുള്ള കാർ ആയിരിക്കും എല്ലാവരും മനസ്സിൽ വരിക. ഫെറാരിയുടെ നിറം തന്നെയാണ് ഇതിനെ വ്യത്യസ്‍തമാക്കുന്നത്. എന്നാൽ നോർമൽ റെഡിൽ നിന്ന് വ്യത്യസ്തമായ റോസ്സോ റുബിനോ മെറ്റാലിസാറ്റോ എന്ന നിറത്തിലാണ് ഫെറാരി 296 ജിടിബി ഒരുങ്ങിയിരിക്കുന്നത്. ഈ ഫിനിഷിങ്ങിൽ ഇന്ത്യയിൽ എത്തുന്ന ആദ്യ വാഹനമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

ഫ്രണ്ട് ലിപ് സ്‌പോയിലർ, സൈഡ് സ്‌കേർട്ടിങ്ങ്, റോക്കർ പാനൽ, ഡിയർ എയർഡാം മെഷ്, റിയർ ഡിഫ്യൂസർ എന്നിവയ്ക്ക് ബ്ലാക്ക് നിറമാണ് നൽകിയിരിക്കുന്നത്. എ-പില്ലർ, വിന്റോ ട്രയാങ്കിൾ, ബ്രേക്ക് ലൈറ്റുകൾ കണക്ട് ചെയ്യുന്ന സ്ട്രിപ്പ് എന്നിവയും ബ്ലാക്ക് നിറം നൽകി. കുവോയോ ലെതർ, അൽകന്റോ എന്നി ഫിനീഷിങ്ങുകളിലാണ് ഇന്റീരിയറിനെ അലങ്കരിച്ചിരിക്കുന്നത്. മാറ്റ് ഗ്രേ അലുമിനിയം, ഗ്ലോസി ബ്ലാക്ക് കാർബൺ ഫൈബറിലും തീർത്ത ട്രിമ്മുകളും ഇന്റീരിയറിനെ അലങ്കരിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.

വെറും 2.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഫെറാറി 296 ജിടിബിക്ക് സാധിക്കും. മണിക്കൂറിൽ 330 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 20 ഇഞ്ച് വലിപ്പമുള്ള അഞ്ച് സ്‌പോക്ക് അലുമിനിയം വീലുകളാണ് നൽകിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള കാലിപ്പറും അതേനിറത്തിൽ ഫെരാരിയുടെ ലോഗോയും കാണാം.

ന്യൂഡൽഹിയിലെ ഫെരാരിയുടെ ഷോറൂമിൽ നിന്നാണ് ദുൽഖർ സൽമാൻ വാഹനം സ്വന്തമാക്കിയത്.  5.40 കോടി രൂപയാണ് ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ ഫെരാരിയുടെ 296 ജി.ടി.ബിയുടെ എക്‌സ്-ഷോറൂം വില. കളർ ഷെയ്ഡും കസ്റ്റമൈസേഷനും അനുസരിച്ച് വില കൂടും.