‘അടിവസ്ത്രം ഉൾപ്പെടെ അഴിച്ചുമാറ്റി, മരത്തടികൾ ഉപയോഗിച്ചും നൈലോൺ കയറുകൊണ്ടും മർദ്ദനം’; രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന് കുരുക്കായി സഹായിയുടെ മൊഴി
കന്നഡ നടൻ ദർശൻ പ്രതിയായ ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസ് ആയിരുന്നു രേണുകസ്വാമി കൊലക്കേസ്. ദർശന്റെ കടുത്ത ആരാധകൻ കൂടിയായ രേണുക സ്വാമി പവിത്രക്ക് അശ്ലീല സന്ദേശമയച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. ജൂൺ 8നാണ് ഒരു ഫാർമസി കമ്പനിയിൽ ജോലി ചെയ്യുന്ന രേണുകയെ ചിത്രദുർഗയിൽ നിന്നും തട്ടിക്കൊണ്ടുപോകുന്നത്. പിറ്റേന്ന് രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലിൽ കണ്ടെത്തുകയും ചെയ്‌തു. രേണുകസ്വാമിയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു.
മരിക്കുന്നതിനു മുൻപ് രേണുക സ്വാമിക്ക് ക്രൂരമർദ്ദനമേറ്റിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രേണുക സ്വാമിയെ മരത്തടികൾ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്‌തു. തലയിലും വയറിലുമടക്കം മുറിവുകൾ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്. സ്വാമിയെ അടിക്കാൻ ദർശൻ ഉപയോഗിച്ച തുകൽ ബെൽറ്റും പൊലീസ് കണ്ടെടുത്തിയിരുന്നു.
ഇപ്പോഴിതാ രേണുകസ്വാമി വധക്കേസിൽ നടൻ ദർശനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹായിയും കേസിലെ 14-ാം പ്രതിയുമായ പ്രദോഷ്. ദർശൻ രേണുകസ്വാമിയെ ആസുത്രിതമായി കൊലപ്പെടുത്തിയതിൻറേയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നാണ് പ്രദോഷ് പറയുന്നത്. അതേസമയം തന്നെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് പ്രദോഷ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്.
നടിയും കാമുകിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നാരോപിച്ചായിരുന്നു രേണുകസ്വാമിയെ ദർശൻ ക്രൂരമായി കൊലപ്പെടുത്തിയത്. രേണുകസ്വാമിയെ ദർശൻ ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്ന് പ്രദോഷിൻ്റെ മൊഴിയിയിലുണ്ട്. മർദനമേറ്റ് രേണുകസ്വാമിയുടെ തലയിൽ നിന്നും രക്തം ഒഴുകിയിരുന്നു. എന്നിട്ടും പവിത്ര ഗൗഡയോട് ചെരുപ്പുകൊണ്ട് രേണുകസ്വാമിയെ അടിക്കാൻ ആവശ്യപ്പെട്ടു. അടിവസ്ത്രം ഉൾപ്പെടെ അഴിച്ചുമാറ്റിയ ശേഷം മരത്തടികൾ ഉപയോഗിച്ചും നൈലോൺ കയറുകൊണ്ടും പ്രതികളായ നന്ദിഷ്, പവൻ, നാഗരാജ് എന്നിവർ രേണുകസ്വാമിയെ മർദിച്ചു.
രേണുകസ്വാമിയെ വാഹനത്തിനുള്ളിലിട്ട് തൂക്കിക്കൊല്ലാൻ ശ്രമിച്ചു എന്നും പ്രദോഷ് മൊഴി നൽകി. ദർശൻ നൈലോൺ കയർ ഉപയോഗിച്ച് രേണുകസ്വാമിയുടെ കയ്യിലും പുറത്തും പലതവണ അടിക്കുകയും സ്വകാര്യഭാഗങ്ങളിൽ തുടർച്ചയായി ചവിട്ടുകയും ചെയ്തു. ഒടുവിൽ മർദനം താങ്ങാനാവാതെ രേണുകസ്വാമി കുഴഞ്ഞുവീണപ്പോൾ ദർശൻ ഇയാളുടെ നെഞ്ചിൽ രണ്ടു കാലും വച്ചമർത്തിയെന്നും പ്രദോഷ് പറയുന്നു. പിന്നീട് തെളിവ് നശിപ്പിക്കാനും മറ്റൊരു കഥ തയാറാക്കാനും ദർശനും സംഘവും തീരുമാനിച്ചെന്നും സാമ്പത്തിക തർക്കത്തിനിടെ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീർക്കാൻ പ്രതികൾക്ക് ദർശൻ ലക്ഷങ്ങൾ നൽകിയെന്നും മൊഴിയിൽ പറയുന്നു.
കൂടാതെ രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളിക്കടുത്ത് ഡ്രെയിനേജിൽ തള്ളുകയും ചെയ്‌തു. നടൻ ദർശനിൽ നിന്നും മറ്റു പ്രതികളിൽ നിന്നും വധഭീഷണിയുണ്ടാവാൻ സാധ്യതയുള്ളതിനാൽ തനിക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു അപേക്ഷയും പ്രദോഷ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്ന രേണുകസ്വാമി ജൂൺ 9നാണ് കൊല്ലപ്പെടുന്നത്. ആദ്യം ഇതൊരു ആത്മഹത്യയാണെന്നാണ് പൊലീസ് കരുതിയത്. എന്നാൽ പീന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. 2024 ജൂൺ 11ന് മൈസൂരുവിൽ നിന്നാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി