Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:22 PM IST
National

ഹൽദ്വാനിയിൽ ‘ശുദ്ധീകരണം’ നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടു; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്

ന്യൂസ് ഡെസ്ക് 31 August 2026, 8:39 am
SHARE

ഹൽദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്. മതപരമായ ചടങ്ങിന് രാഹുൽ ഗാന്ധി ജാതീയമായ വ്യാഖ്യാനം നൽകിയെന്നാരോപിച്ചാണ് കേസ്. വാൽമീകി സമുദായാംഗമായ അമിത് കുമാർ നൽകിയ പരാതിയിലാണ് നടപടി. BNS 196, 299 വകുപ്പുകൾക്കും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ 3(1)(q) വകുപ്പിനും കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ ശുദ്ധീകരണ ചടങ്ങ് നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ കേസെടുത്തത്. ശുദ്ധീകരണ വിവാദത്തെച്ചൊല്ലി എൻഡിഎയിലും ഭിന്നത പ്രകടമാണ്. വിഷയം ആശങ്കയുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സാമൂഹിക സാഹചര്യങ്ങളിൽ ഇപ്പോഴും കാര്യമായ മാറ്റമുണ്ടാകാത്തത് സർക്കാരിനും ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശുദ്ധീകരണ നടപടിയെ തുടക്കം മുതൽ ന്യായീകരിച്ച ബിജെപി-ആർഎസ്എസ് നേതാക്കൾ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ക്ഷേത്രം ഉൾപ്പെടുന്ന മൈതാനത്ത് കോൺഗ്രസ് പ്രവർത്തകർ ചില മുദ്രാവാക്യങ്ങൾ വിളിച്ചതിനെ തുടർന്നാണ് ദലിതർ ഉൾപ്പെടെയുള്ളവർ ചേർന്ന് ശുദ്ധീകരണ ചടങ്ങ് നടത്തിയതെന്നാണ് ഇവരുടെ വാദം. ഓഗസ്റ്റ് എട്ടിനാണ് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത കോൺഗ്രസ് റാലി നടന്നത്. റാലിക്ക് പിന്നാലെ ശ്രീരാമ സേന എന്ന സംഘടനയുടെ നേതൃത്വത്തിൽ വേദിയിലും മൈതാനത്തും ചാണകവെള്ളവും ഗംഗാജലവും തളിച്ച് ശുദ്ധീകരണ ചടങ്ങ് നടത്തിയിരുന്നു.

s
ന്യൂസ് ഡെസ്ക്
View all posts →