Monday, 17 August 2026
‘Honest storytelling is a powerful means of change
10:53:08 AM IST
Kerala

ആയിരം ജീവനുകൾ, ആയിരം ഒളിച്ചോട്ടങ്ങൾ: കുടുംബമഹിമ കാക്കാൻ ചോരക്കുഞ്ഞിനെ എറിയുന്ന മലയാളി സമൂഹത്തിന്റെ കാപട്യം

Saj Kurian 5 August 2026, 12:02 pm
SHARE

തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ കഴിഞ്ഞ ദിവസം പുലർച്ചെ 3:35-ന് എത്തിയ 2.57 കിലോ തൂക്കമുള്ള അഞ്ചു ദിവസം പ്രായമായ പെൺകുഞ്ഞ് കേരളത്തിന് ഒരു ഓർമ്മപ്പെടുത്തലാണ്. 2002-ൽ ആരംഭിച്ച പദ്ധതിയിലെ ആയിരമത്തെ അതിഥിയായ അവൾക്ക് ‘സഹസ്ര’ എന്ന് പേരിട്ടതും വാർത്തകളിൽ നിറഞ്ഞു. എന്നാൽ, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ ഒരിടം എന്ന ആശ്വാസത്തിനപ്പുറം, ചോരക്കുഞ്ഞിനെ ഇരുമ്പറയിൽ ഉപേക്ഷിച്ചു കടന്നുകളയുന്ന മാതാപിതാക്കളുടെ എണ്ണം ആയിരം തികഞ്ഞു എന്നത് പ്രബുദ്ധമെന്ന് അഹങ്കരിക്കുന്ന മലയാളി സമൂഹത്തിന്റെ മുഖത്തേറ്റ വലിയൊരു അടിയാണ്.
​നവജാത ശിശുക്കളെ ചവറ്റുകുട്ടയിൽ എറിയുന്നത് തടയാനാണ് അമ്മത്തൊട്ടിൽ ആരംഭിച്ചതെങ്കിലും, ഇന്ന് അത് മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും വ്യാജ അഭിമാനം സംരക്ഷിക്കാനുള്ള ഒരു സർക്കാർ ഒളിത്താവളമായി മാറിയിരിക്കുകയാണ്. ദാരിദ്ര്യമോ പട്ടിണിയോ അല്ല, മറിച്ച് “സമൂഹം എന്ത് പറയും” എന്ന ഭയമാണ് മിക്കവാറും ഈ കൊടുംക്രൂരതയ്ക്ക് പിന്നിൽ. പുറത്ത് സദാചാരം പ്രസംഗിക്കുന്ന മലയാളി, കുടുംബമഹിമയ്ക്കും തറവാടിത്തത്തിനും കോട്ടം തട്ടാതിരിക്കാൻ സ്വന്തം ചോരയെ പാതിരാത്രിയിൽ ഒരു യന്ത്രത്തൊട്ടിലിൽ ഉപേക്ഷിക്കാൻ യാതൊരു മടിയും കാണിക്കുന്നില്ല. സമൂഹത്തിന്റെ കണ്ണിൽ മാന്യന്മാരായി വിലസാനും, കുടുംബത്തിന്റെ വ്യാജ സൽപ്പേര് കളങ്കപ്പെടാതെ കാക്കാനുമുള്ള ഒരു എളുപ്പവഴിയായി ഇത്തരം സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ഇവിടെ കാണാൻ കഴിയുന്നത്.


​കഴിഞ്ഞ 24 വർഷത്തിനിടെ അമ്മത്തൊട്ടിലുകളിൽ ഉപേക്ഷിക്കപ്പെട്ട 1,000 കുഞ്ഞുങ്ങളിൽ 681 പേരും പെൺകുഞ്ഞുങ്ങളാണ്; ആൺകുട്ടികൾ വെറും 319 മാത്രം. ആദ്യമായി ലഭിച്ച ‘നിത്യ’, നൂറാമത്തെ കുഞ്ഞ് ‘ശതശ്രീ’, ഇപ്പോൾ ‘സഹസ്ര’ എന്നിവരെല്ലാം പെൺകുട്ടികളാണ് എന്നത് യാദൃച്ഛികമല്ല. പെൺകുഞ്ഞ് ജനിക്കുന്നത് ഇപ്പോഴും ഒരു ബാധ്യതയായി കാണുന്ന നമ്മുടെ പുരോഗമന ചിന്തയുടെ പൊള്ളത്തരമാണ് ഈ കണക്കുകൾ വിളിച്ച് പറയുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ഉപേക്ഷിക്കപ്പെട്ടത് തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ് (667 കുഞ്ഞുങ്ങൾ). കോട്ടയം (43), കൊല്ലം (38), മലപ്പുറം (34), പാലക്കാട് (34), പത്തനംതിട്ട (28), തൃശ്ശൂർ (27), ആലപ്പുഴ (26), കോഴിക്കോട് (25), എറണാകുളം (21), കണ്ണൂർ (21), ഇടുക്കി (20), കാസർഗോഡ് (16) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ.


​കുഞ്ഞിനെ ഉപേക്ഷിച്ചതിന്റെ പിറ്റേന്ന് മുതൽ യാതൊരു കുറ്റബോധവുമില്ലാതെ തങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് മടങ്ങാൻ ഈ മാതാപിതാക്കൾക്ക് കഴിയുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. ഒരു കുഞ്ഞിന് അതിന്റെ വേരുകളും സ്നേഹവും നിഷേധിക്കുന്നത് എത്ര വലിയ കുറ്റകൃത്യമാണ്? ദത്തെടുക്കലിലൂടെ ഈ കുഞ്ഞുങ്ങൾക്ക് പുതിയ ജീവിതം ലഭിക്കുന്നുണ്ടാകാം, എന്നാൽ അമ്മത്തൊട്ടിലിന്റെ സൈറൺ മുഴങ്ങുമ്പോൾ നമ്മൾ ആഘോഷിക്കേണ്ടത് ഒരു ജീവൻ രക്ഷിച്ചതിനെക്കുറിച്ചല്ല. മറിച്ച്, സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ മാതാപിതാക്കൾക്ക് ധൈര്യം നൽകുന്ന, നമ്മുടെ സമൂഹത്തിന്റെയും കുടുംബങ്ങളുടെയും ഈ അങ്ങേയറ്റത്തെ സദാചാര കാപട്യത്തെ മുഖംനോക്കാതെ വിമർശിക്കുകയാണ് വേണ്ടത്.

Read More
s
Saj Kurian
View all posts →