Friday, 11 September 2026
‘Honest storytelling is a powerful means of change
06:21:29 PM IST
National

‘സിനിമാ ഡയലോഗിന് മറുപടി സിനിമാ രംഗം’; മുഖ്യമന്ത്രി വിജയ്‌യെ പരിഹസിച്ച് ഉദയനിധി, തമിഴ്നാട് നിയമസഭയിൽ പോര് മുറുകുന്നു

ന്യൂസ് ഡെസ്ക് 8 September 2026, 3:22 pm
SHARE

തമിഴ്നാട് നിയമസഭയിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകവും പ്രതിപക്ഷമായ ഡിഎംകെയും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ രൂക്ഷമാകുന്നു. പോലീസ് സേനയുടെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ ഡിഎംകെയെ കടുത്ത ഭാഷയിൽ വിമർശിച്ച മുഖ്യമന്ത്രി സി. ജോസഫ് വിജയിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. വിജയ് നായകനായെത്തിയ ‘സുറ’ എന്ന ചിത്രത്തിലെ വടിവേലുവിന്റെ പ്രശസ്ത ഹാസ്യരംഗം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് ഉദയനിധിയുടെ പരിഹാസം.

നിയമസഭയിലെ പോലീസ് ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് മുൻ ഡിഎംകെ സർക്കാരിന്റെ കാലത്തെ അഴിമതികളും നേതാക്കളെയും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിജയ് രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇതിന് മറുപടി പറയാൻ ഡിഎംകെ അംഗങ്ങൾ ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല. ഇതോടെ പ്രതിഷേധവുമായി ഡിഎംകെ എംഎൽഎമാർ സഭയുടെ നടുത്തളത്തിലിറങ്ങി. തുടർന്ന് സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ച ഉദയനിധി സ്റ്റാലിൻ, മുഖ്യമന്ത്രി വിജയ് തെളിവുകളൊന്നുമില്ലാതെ സിനിമയിലെ ഷൂട്ടിങ് ഡയലോഗുകൾ പോലെയാണ് നിയമസഭയിൽ സംസാരിക്കുന്നതെന്ന് വിമർശിച്ചു. ഇതിന് പിന്നാലെയാണ് വിജയ് തന്നെ നായകനായ ‘സുറ’ യിലെ വടിവേലുവിന്റെ കോമഡി രംഗം ഉദയനിധി തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന പരിഹാസസൂചനയായാണ് വീഡിയോ പങ്കുവെച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ.

നിയമസഭയിൽ വാക്ക് പോരിന് പിന്നാലെ വിജയിന്റെ തന്നെ സിനിമയിലെ രംഗം ആയുധമാക്കിയ ഉദയനിധിയുടെ പോസ്റ്റ് ഇതിനകം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയിട്ടുണ്ട്. വീഡിയോ പങ്കുവെച്ച് ഡിഎംകെ, ടിവികെ പ്രവർത്തകർ തമ്മിലുള്ള വാദപ്രതിവാദങ്ങളും ശക്തമായതോടെ തമിഴ്നാട് രാഷ്ട്രീയത്തിലെ പോര് സഭയ്ക്ക് പുറത്തേക്കും കടക്കുകയാണ്.

s
ന്യൂസ് ഡെസ്ക്
View all posts →