മുല്ലപ്പെരിയാറിൽ കൂടുതൽ വിശദമായ സുരക്ഷാ പരിശോധന വേണം; കേരളത്തിന്റെ ആവശ്യം ആവർത്തിച്ച് മന്ത്രി മോൻസ് ജോസഫ്
മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ വിശദമായ സുരക്ഷാ പരിശോധന വേണമെന്ന ആവശ്യം ആവർത്തിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. അണക്കെട്ടിന്റെ സുരക്ഷാ പരിശോധന കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണെന്നും നേരത്തെ നടന്ന പരിശോധനകൾ തൃപ്തികരമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കേരളത്തിന്റെ ആശങ്കകൾ ഉദ്യോഗസ്ഥർ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ നടന്ന പരിശോധന തൃപ്തികരമാണെങ്കിലും കൂടുതൽ വിശദമായ പരിശോധന ആവശ്യമാണെന്നാണ് കേരളത്തിന്റെ നിലപാട്. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി ഘടനാപരമായ പരിശോധന അടക്കമുള്ള തുടർ പരിശോധനകൾ നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വിഷയങ്ങൾ ചർച്ച ചെയ്തതായും നിലവിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സുപ്രീംകോടതി നിർദേശപ്രകാരം നടന്ന സമഗ്ര സുരക്ഷാ പരിശോധനയുടെ ഭാഗമായി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുമായി അഞ്ചംഗ വിദഗ്ധ സമിതി ചർച്ച നടത്തിയിരുന്നു. ഒരുദിവസം മാത്രം പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിലുള്ള ആശങ്ക കേരളത്തിന്റെ പ്രതിനിധികൾ സമിതിയെ അറിയിച്ചു. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ ഉൾപ്പെടെ കൂടുതൽ വിശദമായി പരിശോധിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.
അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ പൂർണമായി പരിഹരിക്കുന്നതിനായി വിദഗ്ധ പരിശോധനകളും തുടർ പരിശോധനകളും ആവശ്യമാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!