Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:26 PM IST
National

മെറ്റയ്ക്ക് കേന്ദ്ര ഏജൻസികളുടെ ‘ടേക്ക്‌ഡൗൺ’ പെരുമഴ; 5 മാസത്തിൽ 2 ലക്ഷം ഉത്തരവുകൾ, ദിവസവും 1,275 പരാതി!

ആൻ മരിയ കെ ജോസ് 18 August 2026, 11:37 am
SHARE

സോഷ്യൽ മീഡിയയിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനായി സർക്കാർ ഏജൻസികൾ മെറ്റയ്ക്ക് നൽകിയ നിർദേശങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചതായി റിപ്പോർട്ട്. അഞ്ച് മാസത്തിനിടെ മാത്രം പോസ്റ്റുകളും വീഡിയോകളും ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഏകദേശം രണ്ട് ലക്ഷത്തോളം ഉത്തരവുകളാണ് ലഭിച്ചതെന്നാണ് കണക്ക്. ശരാശരി പ്രതിദിനം 1,275 പരാതികളോ നീക്കം ചെയ്യാനുള്ള നിർദേശങ്ങളോ മെറ്റയ്ക്ക് ലഭിക്കുന്ന തരത്തിലാണ് നടപടികൾ.

ഇതിൽ വലിയൊരു പങ്കും അടുത്തിടെ രാജ്യത്ത് നടന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) സമരവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾക്കെതിരെയായിരുന്നു. ജന്തർമന്തർ സമരത്തിനിടെ വ്യാജവാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ, എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ടുള്ള അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ പ്രചരിച്ചതായി ഡൽഹി പൊലീസ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു.

അതേസമയം, സർക്കാർ ഏജൻസികളുടെ ഇത്തരം ഇടപെടലുകൾ സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെയും വിമർശനാത്മക ഉള്ളടക്കത്തെയും എത്രത്തോളം ബാധിക്കുന്നുവെന്ന ചർച്ചയും ശക്തമാകുകയാണ്. CJP സമരവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളും അക്കൗണ്ടുകളും നിയന്ത്രിക്കപ്പെട്ടതായി മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നതിനിടെയാണ് മെറ്റയ്ക്ക് ലഭിക്കുന്ന ടേക്ക്‌ഡൗൺ നിർദേശങ്ങളുടെ കണക്കും ശ്രദ്ധ നേടുന്നത്. അതിനിടെ, പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചെന്ന പരാതിയിൽ മെറ്റ ഇന്ത്യ മേധാവി ഉൾപ്പെടെയുള്ളവർക്കെതിരെ ഹൈദരാബാദ് സൈബർ പൊലീസ് കേസെടുത്തതും വിവാദം കൂടുതൽ ചൂടുപിടിപ്പിച്ചിട്ടു.

s
ആൻ മരിയ കെ ജോസ്
View all posts →