‘നിവിൻ പോളിയുടെ കരിയറിലെ ആദ്യ നേട്ടം, മമിതയുടെ മൂന്നാമത്തെ സിനിമ’; 200 കോടി പിന്നിട്ട് ‘ബെത്ലഹേം’
നിവിൻ പോളി–ഗിരീഷ് എ.ഡി. കൂട്ടുകെട്ടിലൊരുങ്ങിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ 200 കോടി ക്ലബ്ബിൽ ഇടംനേടുന്ന ഏഴാമത്തെ മലയാള ചിത്രമായി. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഇതുവരെ ഏകദേശം 203 കോടിയാണ് ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ.
കേരളത്തിലും വിദേശ വിപണികളിലും മികച്ച പ്രതികരണം തുടരുന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ‘മഞ്ഞുമ്മൽ ബോയ്‌സ്’, ‘എമ്പുരാൻ’, ‘ലോക’, ‘വാഴ 2’, ‘തുടരും’, ‘ദൃശ്യം 3’ എന്നിവയാണ് 200 കോടി ക്ലബ്ബിലെത്തിയ മറ്റ് മലയാള ചിത്രങ്ങൾ.
കഴിഞ്ഞ രണ്ട് ചിത്രങ്ങളിൽ നിന്നായി നിവിൻ പോളി ബോക്സ് ഓഫീസിൽ ഏകദേശം 350 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ നായിക മമിത ബൈജുവിനും ഇത് ശ്രദ്ധേയമായ റെക്കോർഡാണ്. തുടർച്ചയായി മൂന്ന് സിനിമകളിലൂടെ 200 കോടി ക്ലബ്ബിലെത്തുന്ന താരമെന്ന നേട്ടമാണ് മമിത സ്വന്തമാക്കിയത്. വിജയ് നായകനായ ‘ജനനായകൻ’, സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നിവയ്ക്ക് പിന്നാലെയാണ് മമിതയുടെ മൂന്നാമത്തെ 200 കോടി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’.
വേഗത്തിൽ 200 കോടി ക്ലബ്ബിലെത്തിയ മലയാള സിനിമകളുടെ പട്ടികയിലും ‘ബെത്ലഹേം’ മുന്നേറ്റം നടത്തി. 11 ദിവസം കൊണ്ടാണ് ചിത്രം 200 കോടി പിന്നിട്ടത്. 13 ദിവസം കൊണ്ട് നേട്ടം സ്വന്തമാക്കിയ ‘ലോക’യെ മറികടന്നാണ് ‘ബെത്ലഹേം’ മൂന്നാം സ്ഥാനത്തെത്തിയത്. അഞ്ച് ദിവസം കൊണ്ട് 200 കോടി നേടിയ ‘എമ്പുരാൻ’ ഒന്നാം സ്ഥാനത്തും ഒൻപത് ദിവസം കൊണ്ട് നേട്ടം കൈവരിച്ച ‘ദൃശ്യം 3’ രണ്ടാം സ്ഥാനത്തുമാണ്.
‘പ്രേമലു’വിന് ശേഷം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിവസം മുതൽ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. ബോക്സ് ഓഫീസ് കണക്കുകൾ ചിത്രം ഇൻഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുകയാണെന്ന സൂചനയാണ് നൽകുന്നത്.
നിവിൻ പോളി അവതരിപ്പിക്കുന്ന ജസ്റ്റിനും മമിത ബൈജു അവതരിപ്പിക്കുന്ന ആഷിയും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇരുവരുടെയും രംഗങ്ങൾ തിയറ്ററുകളിൽ ചിരിയും വൈകാരിക മുഹൂർത്തങ്ങളും ഒരുപോലെ സമ്മാനിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മലയാളത്തിലെ ദൃശ്യം 3 അല്ല, ഹിന്ദി പതിപ്പ് തീർത്തും വ്യത്യസ്തം; ‘ദൃശ്യം: ദി കൺക്ലൂഷൻ’ ട്രെയ്ലർ പുറത്ത്!
‘ഇവർ കഞ്ചാവാണോ വലിക്കുന്നത്?’; നടൻ രവി മോഹന്റെയും കെനീഷയുടേയും സ്വകാര്യവീഡിയോ ലീക്കായി, സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം