മോദിയുടെ സ്വന്തം ഗ്യാനേഷ് കുമാര്‍!; 10 മാസത്തിനിടെ 14 തവണ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടികളില്‍ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തി; പുറത്തുവരുന്നത് ഗ്യാനേഷും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ
തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതത്തിന് വേണ്ടി ഏകപക്ഷീയ നീക്കങ്ങള്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തിയെന്ന് വ്യക്തമാകുന്ന റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് പേര് ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തയിട്ടും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പിലാക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളെ അടക്കം സ്വാധീനിച്ച എസ്ഐആറില്‍ 10 മാസത്തിനിടെ 14 തവണ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഔദ്യോഗികമായി തന്നെ നടപടികളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പുകമ്മിഷണര്മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങിയതാണ് കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷന്. എസ്ഐആറുമായി ബന്ധപ്പെട്ട് സുഖ്ബീറും വിവേകും പലവട്ടം വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നെന്നാണ് വ്യക്തമാകുന്നത്. എസ്ഐആര്‍ അഥവാ സ്പെഷല്‍ ഇന്റന്‍സീവ് റിവിഷനുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അംഗങ്ങള്‍ക്കിടയിലും ഭിന്നതകള്‍ ഉയര്ന്നിരുന്നെന്നത് എത്രത്തോളം നടപടികളില്‍ സുതാര്യത ഉണ്ടായിരുന്നുവെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.
2025 ജൂണില്‍ ബിഹാറില്‍ ആരംഭിച്ച ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ സാധാരണ ഗതിയില്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ കൃത്യമാക്കുന്നതിന് മാത്രമായുള്ള ഒരു നടപടിക്രമം അത് സാധാരണ പോലെയായിരുന്നില്ല എന്നാണ് ഓരോ തെളിവായി പുറത്തുവരുന്നത്. ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ’ രാജ്യത്തുണ്ടാക്കിയ പ്രതിഷേധങ്ങളും പ്രതിപക്ഷ വിമര്‍ശനങ്ങളും തിരഞ്ഞെടുപ്പ് അട്ടിമറി ആക്ഷേപങ്ങളും വെറുതെയല്ലെന്നതിലേക്ക് ഒരിക്കല്‍ കൂടി വെളിച്ചം വീശുകയാണ് പുറത്തുവരുന്ന വിവരങ്ങള്‍.
30 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 13 കോടിയിലധികം പേരുകള്‍ നീക്കം ചെയ്യുന്നതിലേക്ക് നയിച്ച എസ്ഐആര്‍ ആര്‍ക്കൊക്കെ വോട്ട് ചെയ്യാം, ആര്‍ക്കൊക്കെ പാടില്ല എന്ന് തീരുമാനിക്കുന്നതിലെ കമ്മീഷന്റെ പങ്കിനെച്ചൊല്ലി ശക്തമായ പൊതുചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിന്നു. എസ്ഐആര്‍ നടപടികളുടെ ഭാഗമായി രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്തിരുന്നുവെന്ന് മാത്രമല്ല രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങളെ സ്വാധീനിക്കുംവിധത്തില് ഇത് മാറുകയും ചെയ്തിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഇതേ കാലയളവില്‍ പലതവണ, മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ തന്നെ ഈ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ഇത്രയും വസ്തുതകള്‍ മുന്നില്‍ നില്‍ക്കെയാണ് എസ്ഐആറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കഴിഞ്ഞ പത്തുമാസത്തിനിടെ കേന്ദ്ര സര്‍ക്കാരിന്റെ ഇഷ്ടക്കാരനായ ഗ്യാനേഷ് കുമാറല്ലാത്ത മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സുഖ്ബീറും വിവേകും പതിനാലുതവണ വിയോജിപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു എന്ന കാര്യം പുറത്തുവരുന്നത്. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് ആണ് നിര്‍ണായകമായ ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടിരിക്കുന്നത്.
തങ്ങളുടെ അനുമതിയില്ലാതെ കൈക്കൊണ്ടിരിക്കുന്ന തീരുമാനങ്ങള്‍ പലതും നിയമവിരുദ്ധമാണെന്ന് സുഖ്ബീറും വിവേകും ഫയലില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ചില വിയോജിപ്പുകള്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായ ഗ്യാനേഷ് കുമാറിനും ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കും വിവേകും സുഖ്ബീറും അയച്ചിരുന്നുവെന്നാണ് വിവരം. പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങളിലാണ് വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നത്.
മൂന്ന് കമ്മീഷണര്‍മാരുടെയും മേല്‍നോട്ടത്തിലാണ് എസ്.ഐ.ആര്. (SIR) രാജ്യവ്യാപകമായി നടപ്പിലാക്കുന്നത്. എന്നാല്‍, തങ്ങളുടെ അറിവില്ലാതെ തീരുമാനങ്ങള്‍ എടുക്കുകയും ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി, കഴിഞ്ഞ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണയെങ്കിലും സന്ധുവും ജോഷിയും ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്; ഇതില്‍ ഒരൊറ്റ ദിവസം നാല് തവണ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവര്‍ ഔദ്യോഗിമായി വിയോജിപ്പ് രേഖപ്പെടുത്തിയെന്നത് അങ്ങേയറ്റം സംശയാസ്പദമായ ഒരു സാഹചര്യമാണിതെന്ന് വ്യക്തമാക്കുകയാണ്.
പുതിയ വോട്ടര്‍മാരുടെ രജിസ്ട്രേഷന്, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യലും തിരിച്ചുകൊണ്ടുവരലും, SIR നടപടിക്രമങ്ങളിലൂടെ വോട്ടര്‍മാരുടെ പേരുകള്‍ പുനഃസ്ഥാപിക്കുന്നതിനെതിരായ അപ്പീലുകള്‍ സമര്‍പ്പിക്കല്‍, കൂടാതെ വോട്ടര്‍ പട്ടികയുടെ തന്നെ സംരക്ഷണവും സുരക്ഷയും എന്നിവയിലടക്കം വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് ഇരുവരും. ഇവയുമായി ബന്ധപ്പെട്ട എല്ലാ ആക്ഷേപങ്ങളുടെയും പകര്‍പ്പുകള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും അയച്ചുനല്‍കിയിരുന്നുവെന്നും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും അയച്ചുവെന്നതും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്.
ഇത്തരത്തിലുള്ള ഒരു രേഖാമൂലമുള്ള പരാതിയില്‍ സന്ധു ആരോപിക്കുന്ന ഒരു കാര്യം രണ്ട് കമ്മീഷണര്‍മാരുടെ രേഖാമൂലമുള്ള ഉപദേശത്തിന് വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്‍ത്തിച്ചതെന്നും, ആ നടപടി ‘അംഗീകാരമില്ലാത്തതും നിയമവിരുദ്ധവുമാണെന്നുമാണ്. ഇതിലൊന്നും നടപടിയാകുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ഏറ്റവും ഒടുവിലായി പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ജോഷിയും സന്ധുവും ക്യാബിനറ്റ് സെക്രട്ടറിക്ക് പ്രത്യേകം കത്തുകള്‍ അയക്കുക കൂടി ചെയ്തു. തിരഞ്ഞെടുപ്പ് പട്ടികയുടെ ഐടി സംവിധാനത്തിന്മേലുള്ള മേല്‍നോട്ടത്തിന്റെ ഒരു തലം തന്നെ ഇല്ലാതാക്കുന്ന തരത്തില്‍ ജോലി വിഭജനത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചായിരുന്നു ആ പരാതികള്‍. തങ്ങളുടെ അറിവില്ലാതെയാണ് ഈ മാറ്റങ്ങള്‍ വരുത്തിയതെന്നും, അതിനാല്‍ അവ റദ്ദാക്കുകയാണെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിനുശേഷം സെപ്റ്റംബര്‍ 9-ന്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി കൂടിക്കാഴ്ച നടത്തി. നാല് മാസത്തിനിടയിലുള്ള അവരുടെ ആദ്യത്തെ സമ്പൂര്‍ണ്ണ യോഗമായിരുന്നു അതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഡൽഹി കലാപ ഗൂഢാലോചന കേസ്; ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം
രാഹുലിന്റെ ചോരയ്ക്ക് ദാഹിച്ച ഇ.ഡിക്ക് കേരളത്തിൽ റെഡ് കാർപെറ്റ്; സംഘപരിവാറിനായി ഇടതുപക്ഷത്തെ വേട്ടയാടാൻ വി.ഡി സതീശൻ