Tuesday, 22 September 2026
‘Honest storytelling is a powerful means of change
06:45:29 PM IST
National

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

ന്യൂസ് ഡെസ്ക് 22 September 2026, 6:44 pm
SHARE

ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 4 മുതൽ 10 വരെയാണ് ഇടക്കാല ജാമ്യം. അതേസമയം, ഷർജീൽ ഇമാമിന്റെ സ്ഥിരജാമ്യാപേക്ഷയിൽ സെപ്റ്റംബർ 30ന് ഡൽഹി ഹൈക്കോടതി വാദം കേൾക്കും.

2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെയുണ്ടായ ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഡൽഹി പൊലീസ് ഷർജീൽ ഇമാമിനെയും ഉമർ ഖാലിദിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ജനുവരിയിൽ ഇരുവരുടെയും ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.

കലാപത്തിൽ ഇരുവർക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പ്രാഥമിക തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടെന്നായിരുന്നു അന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസിൽ നിരവധി പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്. ഇവരിൽ ചിലർക്ക് വിവിധ ഘട്ടങ്ങളിലായി ജാമ്യം ലഭിച്ചിട്ടുണ്ട്.

താഹിർ ഹുസൈൻ, ഉമർ ഖാലിദ്, ഖാലിദ് സൈഫി, ഇഷാരത്ത് ജഹാൻ, മീരാൻ ഹൈദർ, ഗൾഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ, ഷദാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, സലീം മാലിക്ക്, സലീം ഖാൻ, അത്താർ ഖാൻ, ഫൈസാൻ ഖാൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ആസിഫ് ഇഖ്ബാൽ തൻഹ, സഫൂറ സർഗർ, ദേവാംഗന കലിത, നതാഷ നർവാൾ എന്നിവർക്ക് വിവിധ ഘട്ടങ്ങളിൽ ജാമ്യം ലഭിച്ചിട്ടുണ്ട്.

s
ന്യൂസ് ഡെസ്ക്
View all posts →