Tuesday, 22 September 2026
‘Honest storytelling is a powerful means of change
02:06:03 PM IST
Kerala

‘ഇഡി ഡിജിപിക്ക് കൊടുക്കുന്ന കത്ത് അവഗണിക്കാനാവില്ല, പ്രാഥമിക അന്വേഷണം നടത്തിയിട്ടേ FIR ഇടാൻ പറ്റൂ’; രമേശ് ചെന്നിത്തല

ന്യൂസ് ഡെസ്ക് 22 September 2026, 2:05 pm
SHARE

മാസപ്പടി കേസിൽ അഴിമതി നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡിജിപിക്ക് നൽകിയ കത്ത് അവഗണിക്കാനാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിശദീകരണം. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളൂവെന്ന കോടതി ഉത്തരവ് നിയമോപദേശത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഏത് രീതിയിലുള്ള അന്വേഷണം വേണമെന്നത് ഡിജിപി തീരുമാനിക്കും. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അന്വേഷണത്തിൽ തീരുമാനമെടുത്തതെന്നും അന്വേഷണ ചുമതല ഡിജിപിക്ക് നൽകിയതായും ചെന്നിത്തല വ്യക്തമാക്കി. ഇഡിയുടെ കത്ത് തള്ളിക്കളയാനാകില്ലെന്നും മണ്ഡൽ കേസിലെ സുപ്രീം കോടതി വിധി ഇക്കാര്യത്തിൽ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിഎംആർഎൽ–എക്സാലോജിക് കേസിൽ ഇഡിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അന്വേഷണം നടത്താനും സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്‌ക്കെതിരെയും അന്വേഷണം നടത്തും.

ഇഡി കത്തിൽ പരാമർശിച്ചിരിക്കുന്ന വിവരങ്ങളാകും അന്വേഷണത്തിന്റെ പരിധിയിൽ വരിക. അന്വേഷണത്തിന്റെ സ്വഭാവവും ഏത് രീതിയിൽ അന്വേഷണം നടത്തണമെന്നതും ഡിജിപി തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മണ്ഡൽ കേസിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

s
ന്യൂസ് ഡെസ്ക്
View all posts →