അഭിനയത്തിൽ നിന്ന് സംവിധാനത്തിലേക്ക് ഉണ്ണി മുകുന്ദൻ; 50-ാം ചിത്രമൊരുങ്ങുന്നത് പനോരമ സ്റ്റുഡിയോസിനൊപ്പം
നടൻ ഉണ്ണി മുകുന്ദൻ ഇനി സംവിധായകനും. ഉണ്ണി മുകുന്ദൻ ഫിലിംസും ദേശീയ പുരസ്കാര ജേതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പനോരമ സ്റ്റുഡിയോസും ചേർന്നൊരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ രചയിതാവിന്റെയും സംവിധായകന്റെയും കുപ്പായമണിയുന്നത്. ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് ഒരുക്കുന്നത്.
ഉണ്ണി മുകുന്ദന്റെ കരിയറിലെ 50-ാമത് ചിത്രം കൂടിയാണിത്. ‘മേപ്പടിയാൻ’ മുതൽ ‘മാർക്കോ’ വരെയുള്ള സിനിമകളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളും പ്രമേയങ്ങളും പരീക്ഷിച്ച താരം, തന്റെ 50-ാം ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്കും ചുവടുവയ്ക്കുന്നത്. ‘മാർക്കോ’യ്ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ഉണ്ണി മുകുന്ദൻ ചിത്രമെന്ന പ്രത്യേകതയും പുതിയ സിനിമയ്ക്കുണ്ട്.
‘ഓംകാര’, ‘സ്പെഷ്യൽ 26’, ‘പ്യാർ കാ പഞ്ച്നാമ’, ‘റെയ്ഡ്’, ‘ഷൈത്താൻ’, ‘ദൃശ്യം’ ഫ്രാഞ്ചൈസി തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നിർമാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. അഭിഷേക് പഥക് സംവിധാനം ചെയ്ത ‘ദൃശ്യം 2’ വൻ വിജയമായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ‘ദൃശ്യം: ദി കൺക്ലൂഷൻ’ ഒക്ടോബർ 2ന് റിലീസിനൊരുങ്ങുകയാണ്.
ഉണ്ണി മുകുന്ദനുമായുള്ള കൂട്ടുകെട്ടിൽ വലിയ പ്രതീക്ഷയുണ്ടെന്ന് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു. ഉണ്ണിയുടെ 50-ാം ചിത്രത്തിൽ തന്നെ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത് ഈ കൂട്ടുകെട്ടിന് കൂടുതൽ പ്രത്യേകത നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ പേര്, മറ്റ് അഭിനേതാക്കൾ, ചിത്രീകരണം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിവരങ്ങൾ ഉടൻ പുറത്തുവിടും.
ദീപിക-രൺവീർ കുടുംബത്തിലേക്ക് വീണ്ടും കുഞ്ഞതിഥി; രണ്ടാമതും പെൺകുഞ്ഞ്, സന്തോഷവാർത്ത പങ്കുവെച്ച് ദീപികയും രൺവീറും
‘അതൊന്നും വേണ്ട’; യുവാവിന്റെ സ്വകാര്യത കാത്ത് ആസിഫ് അലി, സോഷ്യൽ മീഡിയയിൽ കയ്യടി