Monday, 21 September 2026
‘Honest storytelling is a powerful means of change
09:57:29 AM IST
Kerala

‘നീ പോടാ പൂക്കി മോനേ’ ബാനർ വിവാദം; എസ്എഫ്ഐക്കെതിരെ പൊലീസിൽ പരാതി നൽകി കെഎസ്‌യു

ന്യൂസ് ഡെസ്ക് 21 September 2026, 9:57 am
SHARE

ചവറ ഗുഹാനന്ദപുരം സ്കൂളിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി സ്ഥാപിച്ച വിവാദ ബാനറിനെതിരെ പൊലീസിൽ പരാതി നൽകി കെഎസ്‌യു. മുഖ്യമന്ത്രി വി.ഡി. സതീശനെ വ്യക്തിപരമായി അപമാനിക്കുകയും അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്കും സൽപ്പേരിനും കളങ്കം വരുത്തുകയും ലക്ഷ്യമിട്ടാണ് ബാനർ സ്ഥാപിച്ചതെന്നാണ് കെഎസ്യുവിന്റെ ആരോപണം. കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ കൊല്ലം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. സംഭവത്തിൽ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

ബാനറിനെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. അതേസമയം, ബാനറിലെ പ്രയോഗത്തെ ന്യായീകരിച്ചാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം പ്രതികരിച്ചത്. ‘പൂക്കി’ എന്നത് ജെൻ സി വിഭാഗം പോസിറ്റീവായും ക്യൂട്ട്നെസ് സൂചിപ്പിക്കാനും ഉപയോഗിക്കുന്ന വാക്കാണെന്നും അതിൽ അപാകതയില്ലെന്നുമായിരുന്നു ചിന്തയുടെ വിശദീകരണം. സ്കൂൾ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ഭാഗമായി വിദ്യാർഥികൾ നടത്തിയ സാധാരണ പ്രതികരണമായാണ് ബാനറിനെ കാണേണ്ടതെന്നും അവർ പറഞ്ഞു.

അതേസമയം, സംഭവത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വാദപ്രതിവാദം തുടരുകയാണ്. മുൻപ് ഇടതുപക്ഷ നേതാക്കൾക്കെതിരെ കെഎസ്യു നടത്തിയ പ്രചാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ-സിപിഎം അനുകൂലികൾ ബാനറിനെ ന്യായീകരിക്കുന്നത്. എന്നാൽ വിദ്യാർഥികളെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളുള്ള ബാനർ ഉയർത്തിയത് അംഗീകരിക്കാനാകില്ലെന്നാണ് കെഎസ്യുവിന്റെയും കോൺഗ്രസ് നേതാക്കളുടെയും നിലപാട്.

s
ന്യൂസ് ഡെസ്ക്
View all posts →