Sunday, 20 September 2026
‘Honest storytelling is a powerful means of change
06:41:47 PM IST
Kerala

‘വിദ്യാർഥി രാഷ്ട്രീയം വിലക്കില്ല’; കേരള സർവകലാശാലയിലെ വിവാദ രേഖയിൽ വിശദീകരണവുമായി മന്ത്രി റോജി എം. ജോൺ

ന്യൂസ് ഡെസ്ക് 20 September 2026, 6:41 pm
SHARE

വിദ്യാർഥി രാഷ്ട്രീയം വിലക്കാനുള്ള തീരുമാനമൊന്നും കേരള സർവകലാശാല കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി റോജി എം. ജോൺ. ഇതുസംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് സിൻഡിക്കേറ്റിന്റെ ഉപസമിതിയെ സർവകലാശാല നിയോഗിച്ചിരുന്നു. ഉപസമിതിയുടെ ചർച്ചയ്ക്കായി നിയമ സമിതി തയ്യാറാക്കിയ രേഖ മാത്രമാണ് പുറത്തുവന്നതെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാർഥി സംഘടനകളിൽ നിന്ന് അഭിപ്രായം തേടുകയും വീണ്ടും ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്താൽ മാത്രമേ ഇത് മാർഗനിർദ്ദേശമായി കണക്കാക്കാനാകൂ. വിദ്യാർഥി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നാണ് സർക്കാരിന്റെ നയം. വിദ്യാർഥി രാഷ്ട്രീയത്തിന് വിരുദ്ധമായ ഒരു തീരുമാനവും യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും റോജി എം. ജോൺ പറഞ്ഞു.

അതേസമയം, കേരള സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ വിദ്യാർഥി രാഷ്ട്രീയം വിലക്കാനുള്ള നീക്കം യുവതലമുറയെ ഭയക്കുന്നതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. വൈസ് ചാൻസലറുടെ നീക്കത്തിനെതിരെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തി. ക്യാമ്പസുകളിൽ സമാധാനം നിലനിർത്തുന്നതിനുള്ള പ്രാരംഭ ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്നും പുറത്തുവന്നത് ഔദ്യോഗിക രേഖയല്ലെന്നുമാണ് വൈസ് ചാൻസലറുടെ വിശദീകരണം.

s
ന്യൂസ് ഡെസ്ക്
View all posts →