നെഞ്ചുവേദനയെ തുടർന്ന് ബിഗ് ബോസ് 20’ന്റെ വേദിയിൽ കുഴഞ്ഞുവീണ് സൽമാൻ ഖാൻ; പിന്നാലെ മാപ്പ് പറഞ്ഞ് താരം
റിയാലിറ്റി ഷോയായ ‘ബിഗ് ബോസ് 20’ന്റെ വേദിയിൽ നെഞ്ചുവേദനയെ തുടർന്ന് സൽമാൻ ഖാൻ കുഴഞ്ഞുവീണെന്ന രീതിയിൽ പ്രചരിച്ച വാർത്തകളിൽ വിശദീകരണവുമായി താരം. തനിക്ക് യാതൊരു ആരോഗ്യപ്രശ്നവുമില്ലെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിലാണ് ഷോയുടെ പ്രമോ എഡിറ്റ് ചെയ്തതെന്നും സൽമാൻ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പ്രമോ പുറത്തുവിട്ടതിൽ ആരാധകരോട് താരം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
‘വീക്കെൻഡ് കാ വാർ’ എപ്പിസോഡിന്റെ പ്രമോയിൽ സൽമാൻ ഖാൻ നെഞ്ചിൽ കൈവെച്ച് വേദനയോടെ വേദിയിൽ കിടക്കുന്നതും ഡോക്ടറെ വിളിക്കുന്നതുമാണ് കാണിച്ചിരുന്നത്. ഇതോടെ താരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടായെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമായി. എന്നാൽ തനിക്ക് യാതൊരു ആരോഗ്യപ്രശ്നവുമില്ലെന്നും ബിഗ് ബോസ് ഹൗസിലെ മത്സരാർഥിയായ ഖാസി തൗഖീറിന് ഒരു പാഠം പഠിപ്പിക്കാനാണ് താൻ അത്തരത്തിൽ അഭിനയിച്ചതെന്നും സൽമാൻ പറഞ്ഞു.
ഹൗസിനുള്ളിൽ ഖാസി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടെന്നും അഭിനയിച്ച് മറ്റ് മത്സരാർഥികളെ ഭയപ്പെടുത്തിയിരുന്നു. പിന്നീട് മെഡിക്കൽ റൂമിലെത്തിയപ്പോഴാണ് ഇത് പ്രാങ്ക് മാത്രമായിരുന്നുവെന്ന് ഖാസി വ്യക്തമാക്കിയത്. ആരോഗ്യം ഉപയോഗിച്ച് തമാശ കളിക്കുന്നതും മറ്റുള്ളവരുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്നതും തെറ്റാണെന്ന് ബോധ്യപ്പെടുത്താനാണ് താൻ വേദിയിൽ നെഞ്ചുവേദന അഭിനയിച്ചതെന്ന് സൽമാൻ വിശദീകരിച്ചു.
എന്നാൽ ഈ സന്ദർഭം ഒഴിവാക്കി തെറ്റിദ്ധാരണ ഉണ്ടാകുന്ന തരത്തിലാണ് പ്രമോ എഡിറ്റ് ചെയ്തതെന്ന് സൽമാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമർശിച്ചു. ഷോ പ്രമോട്ട് ചെയ്യാനുള്ള അണിയറപ്രവർത്തകരുടെ രീതിയായിരിക്കാം ഇതെന്നും, സംഭവത്തിൽ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞു. തുടർന്ന് സംഭവത്തിന്റെ പൂർണ സന്ദർഭം വ്യക്തമാക്കുന്ന പുതിയ പ്രമോയും ചാനൽ അധികൃതർ പുറത്തുവിട്ടു.
ഇതേ എപ്പിസോഡിൽ സമൂഹമാധ്യമങ്ങളിലെ ട്രോളർമാർക്കെതിരെയും സൽമാൻ ഖാൻ പ്രതികരിച്ചു. താരങ്ങളുടെ രൂപത്തെയും പ്രായത്തെയും ശരീരപ്രകൃതിയെയും അധിക്ഷേപിച്ച് കമന്റുകൾ ഇടുന്നവർക്കെതിരെയായിരുന്നു വിമർശനം. തന്റെ രൂപത്തെക്കുറിച്ചുള്ള ട്രോളുകൾക്ക് മറുപടിയായി വേദിയിൽ തൊപ്പിയും ടി-ഷർട്ടും ഊരിമാറ്റിയ താരം, തന്റെ ശരീരഘടന ഇതുതന്നെയാണെന്നും ട്രോൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ചെയ്യാമെന്നും പറഞ്ഞു.
‘ഇത്രയും വർഷം കെട്ടിപ്പടുത്ത കരിയറിനെ ബാധിക്കുമെന്ന പേടിയായിരുന്നു, ഉർവശിയുടെ വിശദീകരണം വേദനിപ്പിച്ചു’; അവതാരക ദക്ഷ രവീന്ദ്രനാഥ്
‘എന്തൊക്കെ നാടകങ്ങളാണ് നടക്കുന്നത്, മാന നഷ്ടത്തിന് സിവിൽ കേസ് ഫയൽ ചെയ്തത് നല്ല കാര്യം’; സനൽകുമാർ ശശിധരൻ