Sunday, 20 September 2026
‘Honest storytelling is a powerful means of change
09:15:23 AM IST
Kerala

ശബരിമലയിൽ അരവണ ക്ഷാമം; തീർത്ഥാടകർക്ക് ഒരാൾക്ക് ഒരു ടിൻ മാത്രം

ന്യൂസ് ഡെസ്ക് 20 September 2026, 9:15 am
SHARE

ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം. തീർത്ഥാടകർക്ക് ഒരാൾക്ക് ഒരു ടിൻ അരവണ മാത്രമാണ് നൽകുന്നത്. പുതിയ അരവണ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് നിയന്ത്രണമെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.

കന്നിമാസ പൂജകൾക്കായി നട തുറന്നതോടെ പ്രതിദിനം 40,000ത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്ത് എത്തുന്നത്. തിരക്ക് വർധിച്ചതോടെ അരവണയ്ക്കും അപ്പത്തിനും ക്ഷാമം അനുഭവപ്പെടുന്നത് തീർത്ഥാടകരെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ 20 ദിവസമായി അരവണ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. പ്ലാന്റിന്റെ പുനർനിർമാണമാണ് ഇതിന് കാരണമെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം.

ഇന്നലെ രാത്രി ഒരാൾക്ക് ഒരു ടിൻ അരവണ മാത്രമാണ് വിതരണം ചെയ്തത്. ഇതിനെ തുടർന്ന് തീർത്ഥാടകർ പ്രതിഷേധിച്ചു. മൂന്ന് ലക്ഷം ടിൻ അരവണ കരുതൽ സ്റ്റോക്കുണ്ടായിരുന്നെങ്കിലും തീർത്ഥാടകരുടെ എണ്ണം പ്രതീക്ഷിച്ചതിലും വർധിച്ചതാണ് ക്ഷാമത്തിന് കാരണമെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. എന്നാൽ തിരക്ക് മുൻകൂട്ടി കണ്ട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വീഴ്ച സംഭവിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്.

തീർത്ഥാടന സീസണിന് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ ടെൻഡർ, ലേല നടപടികൾ വൈകുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. സാധാരണ സെപ്റ്റംബർ പകുതിയോടെ 80 ശതമാനം മുന്നൊരുക്കങ്ങളും പൂർത്തിയാക്കാറുണ്ട്. ഇത്തവണ ടെൻഡർ നടപടികൾ പോലും പൂർത്തിയായിട്ടില്ലെന്നാണ് ആരോപണം.

അരവണ ഡപ്പികളും ഫ്ലിപ്പ് ലിഡുകളും ആവശ്യത്തിന് സംഭരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റിൽ എത്തേണ്ടിയിരുന്ന അരവണ ഡപ്പികൾക്കായുള്ള ടെൻഡർ നടപടികൾ മാത്രമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. ഇതോടെ വരാനിരിക്കുന്ന തീർത്ഥാടനകാലത്ത് അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →