Sunday, 20 September 2026
‘Honest storytelling is a powerful means of change
08:09:57 AM IST
Kerala

‘മന്ത്രിയായ ശേഷമല്ല റേഞ്ച് റോവർ ഉപയോഗിക്കാൻ തുടങ്ങിയത്, ആവശ്യമായ അനുമതികൾ വാങ്ങി തന്നെയാണ് ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുള്ളത്’; കെ എം ഷാജി

ന്യൂസ് ഡെസ്ക് 20 September 2026, 8:09 am
SHARE

ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ച റേഞ്ച് റോവർ ഉടമയ്ക്ക് തിരികെ നൽകിയ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. സുഹൃത്തുക്കളുടെ വാഹനങ്ങൾ ഇനിയും ഉപയോഗിക്കുമെന്നും ആവശ്യമായ അനുമതികൾ വാങ്ങിയാണ് വാഹനം ഉപയോഗിച്ചതെന്നും ഷാജി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വാഹനം ഉപയോഗിക്കുന്നത് തടയുമെന്ന ഭീഷണി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയായ ശേഷമല്ല താൻ റേഞ്ച് റോവർ ഉപയോഗിക്കാൻ തുടങ്ങിയതെന്ന് കെ എം ഷാജി വ്യക്തമാക്കി. അധികാരസ്ഥാനങ്ങളൊന്നുമില്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി തവണ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളുടെ വാഹനങ്ങൾ നടപടിക്രമങ്ങൾ പാലിച്ച് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും നിയമപരമായ പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഷാജി പറഞ്ഞു. വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതല്ലെന്നും ആവശ്യമായ അനുമതികൾ വാങ്ങിയാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

റേഞ്ച് റോവർ ഉപയോഗിച്ചതും പിന്നീട് തിരികെ നൽകിയതുമാണ് ഇപ്പോൾ വാർത്തയാകുന്നതെന്നും നാടിനെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ ചർച്ച ചെയ്യേണ്ട സമയത്ത് മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾക്ക് പിന്നാലെ പോകുന്നത് എന്തിനാണെന്നും ഷാജി ചോദിച്ചു. മാധ്യമപ്രവർത്തകർ തങ്ങളുടെ ആർക്കൈവുകൾ പരിശോധിച്ചാൽ താൻ നേരത്തെയും ഈ വാഹനം ഉപയോഗിച്ചിരുന്നതായി വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് നിരവധി നല്ല സൗഹൃദങ്ങളുണ്ടെന്നും അവരിൽ പലർക്കും മുന്തിയ വാഹനങ്ങളുണ്ടെന്നും ഷാജി പറഞ്ഞു. സൗഹൃദങ്ങളുടെ പേരിൽ ഭരണസംവിധാനത്തിൽ നിന്ന് ആരെങ്കിലും അനധികൃതമായി എന്തെങ്കിലും നേടുന്നുണ്ടോയെന്നാണ് മാധ്യമങ്ങൾ അന്വേഷിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ അത്തരം സൗഹൃദങ്ങൾക്കായി എന്തെങ്കിലും അവിഹിതമായി ചെയ്യുന്നുവെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കണമെന്നും ഷാജി പറഞ്ഞു.

തന്നെ തടയുമെന്ന ഭീഷണി ഉയർത്തുന്നവരെയും അദ്ദേഹം വിമർശിച്ചു. താൻ സഞ്ചരിക്കുന്ന വാഹനം നിയമപരമായി നിരത്തിലിറക്കാൻ അർഹതയുള്ളതാണെങ്കിൽ അത് ഓടുക തന്നെ ചെയ്യുമെന്നും ഷാജി വ്യക്തമാക്കി. റേഞ്ച് റോവർ വിവാദവുമായി ബന്ധപ്പെട്ട് നാളെ രാവിലെ 11.30ന് പ്രധാനപ്പെട്ടൊരു കാര്യം പറയാനുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിന്റെ അവസാനം അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ റേഞ്ച് റോവർ കാർ ഉപയോഗിച്ചതും അത് തിരിച്ചു കൊടുത്തു എന്നതും ആണ് പുതിയ വാർത്ത.
നാടിനെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുള്ളപ്പോൾ മാധ്യമങ്ങൾ ഇതിന്റെ ഒക്കെ പുറകെ ആണോ പോകേണ്ടത്?!
സൈബർ സഖാക്കളും രാഷ്ട്രീയ ശത്രുക്കളും അവരുടെ പണി ചെയ്യുന്നതാണെന്ന് മനസ്സിലാക്കാം.
ആ പണി അവർ ഇപ്പോൾ തുടങ്ങിയതുമല്ല! മാധ്യമങ്ങൾ അങ്ങനെ ആണോ?!
ഇപ്പോൾ “ഫേമസ്” ആയ റേഞ്ച് റോവർ ഞാൻ മന്ത്രി ആയപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ല.
എത്രയോ വർഷങ്ങൾ ആയി ഞാൻ ഇടക്കിടെ ഉപയോഗിക്കുന്ന വാഹനം ആണ്.
ഞാൻ ഒരധികാര സ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരു പാട് തവണ ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്.

നിരവധി തവണ വരികയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ട്.
മാധ്യമ പ്രവർത്തകരെ, നിങ്ങളുടെ ആർക്കൈവിൽ നോക്കിയാൽ അത് കാണാം.
എനിക്ക് ഒരു പാട് നല്ല സൗഹൃദങ്ങൾ ഉണ്ട്. അവരിൽ പലർക്കും മുന്തിയ വാഹനങ്ങളും ഉണ്ട്.
അവരിൽ ആരുടെ വണ്ടിയും നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഉപയോഗിക്കുന്നതിൽ എന്തെങ്കിലു തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ വിഷയത്തിൽ നിയമപരമായ വല്ല പ്രശ്നങ്ങളും ഉണ്ടെങ്കിൽ അത് ചൂണ്ടി കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.

ആവശ്യമായ അനുമതികൾ വാങ്ങി തന്നെയാണ് ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുള്ളത്; കൂടാതെ, ഇത് ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന വാഹനവും അല്ല. നല്ല വാഹനങ്ങൾ വീട്ടിൽ വെറുതെ ലോക്ക് ചെയ്ത് വെച്ചിട്ടുള്ള സുഹൃത്തുക്കളോടാണ്, യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, ആവശ്യമായ അനുമതി എടുത്ത് ഞാൻ ഉപയോഗിച്ചോളാം.
മാധ്യമ പ്രവർത്തകരോടും പൊതു സമൂഹത്തോടും ഉള്ള അഭ്യർത്ഥന എന്തെന്നാൽ,
നിങ്ങൾ എന്റെ പിന്നാലെ തന്നെ ഉണ്ടായിക്കോളൂ; നിങ്ങൾ നിരന്തരം ഓഡിറ്റും ചെയ്യണം. ഇത് പോലെയുള്ള കാര്യങ്ങളെ പറ്റി അല്ല.

പകരം, എന്നെ ഭക്ഷണം തന്നു സ്നേഹിക്കുന്ന, താമസിക്കാൻ ഇടം തന്നു സഹായിക്കുന്ന, വാഹനം തരുന്ന എന്റെ സൗഹൃദങ്ങൾ, ആ സൗഹൃദങ്ങളുടെ പേരിൽ ഈ ഭരണ സംവിധാനത്തിൽ നിന്നും എന്തെങ്കിലും അവിഹിതമായി ആരെങ്കിലും നേടുന്നുണ്ടോ എന്ന് നിങ്ങൾ അന്വേഷിക്കണം. അങ്ങിനെ എന്തെങ്കിലു കണ്ടാൽ എന്നോടും പൊതു സമൂഹത്തോടും ഒരു മടിയുമില്ലാതെ വിളിച്ചു പറയണം.

ഇനി ഞാൻ തന്നെ അത്തരം സൗഹൃദങ്ങൾക്ക് വേണ്ടി എന്തെങ്കിലും അവിഹിതമായി ചെയ്യുന്നു എന്ന് നിങ്ങൾ കണ്ടാൽ ഒരു ദയയും കാണിക്കരുത്; എന്നെ പൊളിച്ചടുക്കണം.
പിന്നെ സി പി എം സൈബർ പോരാളികളോടും,വീട്ടിലിരിക്കുന്ന മുൻ മന്ത്രിമാരോടും എന്റെ സ്ഥിരം “അഭ്യൂദയ കാംക്ഷി” കളോടും,നിങ്ങളെയൊന്നും ഇത് വരെ പേടിച്ചിട്ടുമില്ല, ഇനിയൊട്ട് പേടിക്കാൻ തീരുമാനിച്ചിട്ടുമില്ല!! തടയൽ ഭീഷണിയുമായി യുദ്ധഭൂമിയിൽ ഇറങ്ങിയ ടീമിനോട് പറയാൻ ഉള്ളത്.
ഞാൻ സഞ്ചരിക്കുന്ന ഏത് വാഹനവും നിയമപരമായി നിരത്തിൽ ഇറക്കാൻ അർഹതയുള്ളത് ആണെങ്കിൽ അത് ഓടുക തന്നെ ചെയ്യും.
തടയാൻ എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ.
Note the point.
നാളെ രാവിലെ.
11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.
അതുവരെ ഗുഡ്നൈറ്റ്/

s
ന്യൂസ് ഡെസ്ക്
View all posts →