Monday, 14 September 2026
‘Honest storytelling is a powerful means of change
10:52:30 AM IST
World

സമാധാനം അകലെ; ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ ഒമാനിൽ നടക്കേണ്ട ചർച്ച മാറ്റിവെച്ചു

ന്യൂസ് ഡെസ്ക് 14 September 2026, 8:07 am
SHARE

ഒമാനിൽ നടക്കാനിരുന്ന ഇറാൻ-ഗൾഫ് രാജ്യങ്ങളുടെ ഹോർമുസ് ചർച്ച മാറ്റിവച്ചു. ഇറാഖ് ഒഴികെയുള്ള രാജ്യങ്ങളുടെ ആവശ്യത്തെ തുടർന്നാണ് യോഗം മാറ്റിവെച്ചതെന്നാണ് റിപ്പോർട്ട്. ചർച്ചയ്ക്ക് പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ക്രിയാത്മക ചർച്ചകൾക്ക് കൂടുതൽ അനുകൂലമായ സാഹചര്യം ഒരുക്കാൻ സമയം ആവശ്യമാണെന്നാണ് ഒമാന്റെ വിശദീകരണം. ചർച്ച മാറ്റിവെച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിനായി സുരക്ഷിതമായ താൽക്കാലിക പാത ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് യോഗം നിശ്ചയിച്ചിരുന്നത്. കടലിടുക്കിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള താൽക്കാലിക സംയുക്ത നാവിഗേഷൻ ഇടനാഴി ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് ചർച്ചയിലുണ്ടായിരുന്നത്.

എന്നാൽ മേഖലയിൽ നിലനിൽക്കുന്ന സംഘർഷവും രാജ്യങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും ചർച്ചയ്ക്ക് തിരിച്ചടിയായി. ബഹ്റൈൻ ഇറാനുമായുള്ള കൂട്ടായ ചർച്ചയിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന് മുമ്പ് ഇത്തരമൊരു ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് ബഹ്റൈൻ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

ഇതിനിടെയാണ് ഹോർമുസ് കടലിടുക്കിൽ ഇറാന്റെ വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഖഷ്മ് ദ്വീപിന് സമീപമുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.

മേഖലയിലെ സംഘർഷം എണ്ണവിതരണത്തിലും ശക്തമായ പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ട്. സൗദി അറേബ്യയുടെ പ്രധാന ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ ആക്രമണത്തെ തുടർന്ന് പ്രവർത്തനം നിർത്തിയതും ഹോർമുസിലെ കപ്പൽ ഗതാഗതത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും ആഗോള എണ്ണവില ഉയരാൻ കാരണമായി. ബ്രെന്റ് ക്രൂഡ് വില 108 ഡോളറിന് മുകളിലെത്തിയതായി റിപ്പോർട്ടുകളുണ്ട്.

ഹോർമുസ് കടലിടുക്ക് ആഗോള എണ്ണ-വാതക വിതരണത്തിലെ നിർണായക പാതയായതിനാൽ, ഇവിടെ കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള നീക്കങ്ങൾ ആഗോള ഊർജവിപണിയും ഉറ്റുനോക്കുകയാണ്. ചർച്ച മാറ്റിവെച്ചത് മേഖലയിൽ സംഘർഷം കുറയ്ക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

s
ന്യൂസ് ഡെസ്ക്
View all posts →