‘പാർട്ടിയുടെ ദൗർബല്യങ്ങളും പോരായ്മകളും തിരുത്തും, തെറ്റായ പ്രചാരവേല നടക്കുന്നു’; എം വി ഗോവിന്ദൻ
സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയെക്കുറിച്ച് തെറ്റായ പ്രചാരവേലകൾ നടക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മാർഗരേഖ അവതരണം പൂർത്തിയായെന്നും പാർട്ടിയുടെ ദൗർബല്യങ്ങളും പോരായ്മകളും തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വർഗീയത ഉൾപ്പെടെയുള്ള വലതുപക്ഷ ആശയങ്ങൾക്ക് സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനപരമായ കാര്യങ്ങൾ മറികടക്കുന്നതിനുള്ള പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മാറ്റങ്ങൾക്ക് പ്രധാന പങ്കുവഹിച്ചത് ഇടതുപക്ഷമാണെങ്കിലും സംസ്ഥാനത്തെ 20 ശതമാനം ജനങ്ങളുടെ ജീവിതം ഇപ്പോൾ താഴോട്ടുപോകുന്നുവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ബിജെപി കേരള രാഷ്ട്രീയത്തിൽ പിടിമുറുക്കാൻ നടത്തുന്ന ശ്രമം ഗൗരവമായി കാണണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയതും ഗൗരവപൂർവം വിലയിരുത്തേണ്ടതാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ നേരിടാൻ പ്രത്യയശാസ്ത്രപരമായ ശക്തമായ പ്രതിരോധം തീർക്കണം. ന്യൂനപക്ഷ താൽപര്യത്തിന്റെ പേരിലാണ് പ്രവർത്തിക്കുന്നതെങ്കിലും മുസ്ലിം ലീഗിന്റെ ലക്ഷ്യം സമ്പന്നരുടെ താൽപര്യം സംരക്ഷിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രാദേശിക തലത്തിൽ ഉയർന്നുവരുന്ന പരാതികൾ പരിഹരിക്കാൻ ഫലപ്രദമായ സംവിധാനം വേണമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പുതിയ മേഖലകളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുകയും പാർട്ടി അംഗങ്ങളുടെ നിലവാരം ഉയർത്തുകയും പാർട്ടി വിദ്യാഭ്യാസം ശക്തിപ്പെടുത്തുകയും വേണം. പ്രത്യയശാസ്ത്ര കരുത്ത് വർധിപ്പിക്കുന്നതിനും ഇടപെടലുകൾ ഉണ്ടാകണം. പിണറായി വിജയനെതിരെ ഇ.ഡിയും മാധ്യമങ്ങളും നടത്തുന്ന നീക്കങ്ങൾ പാർട്ടിക്കെതിരായ കടന്നാക്രമണമാണെന്ന എം.എ. ബേബിയുടെ പരാമർശത്തിലും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
ഇ.ഡി. എന്ന് പ്രത്യേകം പറയേണ്ടതില്ലെന്നും എങ്ങനെയാണ് കടന്നാക്രമണം നടക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാപരമായും നയപരമായും പ്രത്യയശാസ്ത്രപരമായും തിരുത്തലുകൾ നടത്തുമെന്നും നേതാക്കളുടെ പെരുമാറ്റം ഉൾപ്പെടെ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തലുകൾ നടപ്പാക്കിയോ എന്ന് മൂന്ന് മാസം കൂടുമ്പോൾ പരിശോധിക്കും. അവതരിപ്പിച്ച രേഖ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഏകകണ്ഠമായി അംഗീകരിച്ചതാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ആറുവരി ദേശീയപാതയിൽ ബസുകൾ നിർത്താൻ പാടില്ല, സ്വകാര്യ ബസുകൾ സർവീസ് റോഡ് വഴി മാത്രം; നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് എംവിഡി
‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്’; തെറ്റുകൾ പറ്റാത്തവരല്ല, പറ്റിയ തെറ്റുകളിലെ തുറന്ന് പറയലുകളും തിരുത്തലുകളും ആണ് വേണ്ടതെന്ന് എം എ ബേബി