ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹി ഒരുങ്ങി; ലോകനേതാക്കളുടെ സംഗമത്തിന് ഭാരത് മണ്ഡപം വേദിയാകും
18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹി ഒരുങ്ങി. സെപ്റ്റംബർ 12, 13 തീയതികളിൽ ഭാരത് മണ്ഡപത്തിലാണ് ബ്രിക്സ് അംഗരാജ്യങ്ങളിലെ നേതാക്കളുടെ ഉച്ചകോടി നടക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ. ‘പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം’ എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ ഔദ്യോഗിക മുദ്രാവാക്യം.
ഉച്ചകോടിയുടെ ഭാഗമായി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവന്മാർക്ക് അത്താഴവിരുന്ന് നൽകും. തുടർന്ന് നേതാക്കൾ ഭാരത് മണ്ഡപം പരിസരത്ത് ഒരുമിച്ച് മരം നടും. ‘ഭാരത് ഇന്നൊവേറ്റ്സ്’ എന്ന പ്രദർശനവും നേതാക്കൾ സന്ദർശിക്കും. ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷൻ നടക്കും. ഉച്ചകോടി ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.
ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയിലെ പ്രധാന മേഖലകളെല്ലാം വർണാഭമായ പോസ്റ്ററുകളും ദീപാലങ്കാരങ്ങളും കൊണ്ട് നിറഞ്ഞുകഴിഞ്ഞു. വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ, വിദേശ പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനാ മേധാവികൾ, പ്രമുഖ വ്യക്തികൾ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും. പ്രതിനിധികൾക്കായി നഗരത്തിലെ ഒമ്പത് ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
വിദേശ നേതാക്കളുടെ സന്ദർശനം കണക്കിലെടുത്ത് ദില്ലിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തുന്നത്. ഉച്ചകോടിയുമായി ബന്ധപ്പെട്ട് നഗരത്തിലെ പ്രധാന റോഡുകളിലും മേഖലകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി ദില്ലി ട്രാഫിക് പൊലീസ് വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി