Friday, 11 September 2026
‘Honest storytelling is a powerful means of change
07:10:12 PM IST
World

സൗദിക്ക് നേരെ ഹൂതി ആക്രമണം; 73 പേർക്ക് പരുക്ക്, ശക്തമായ തിരിച്ചടിക്ക് മുന്നറിയിപ്പ്

ന്യൂസ് ഡെസ്ക് 9 September 2026, 9:02 am
SHARE

സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യകൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർക്ക് പരുക്കേറ്റു. അബ്ഹ, ഖമീസ് മുശൈത്ത്, ജിസാൻ, നജ്റാൻ നഗരങ്ങളാണ് ആക്രമണത്തിനിരയായത്. ജനവാസ മേഖലകൾക്ക് പുറമെ സാമ്പത്തിക, ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ചില എണ്ണ നിലയങ്ങളിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.

പരുക്കേറ്റവരിൽ സ്വദേശികളും പ്രവാസികളുമുണ്ട്. ആക്രമണത്തെ തുടർന്ന് ഓയിൽ പ്ലാന്റുകളിൽ ഉണ്ടായ തീപിടിത്തം ഫീൽഡ് ടീമുകൾ ഉടൻ നിയന്ത്രണവിധേയമാക്കി. തൊഴിലാളികളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കി പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള നടപടികൾ തുടരുകയാണെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു. ആക്രമണം സഹിക്കാനാവാത്ത പ്രകോപനമാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ തിരിച്ചടി നൽകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയവും സഖ്യസേനയും വ്യക്തമാക്കി.

അതിനിടെ, ഹൂത്തി ആക്രമണത്തെ അപലപിച്ച് ഗൾഫ്-അറബ് രാജ്യങ്ങൾ സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു. ജി.സി.സി കൗൺസിലിന് പുറമെ ഖത്തർ, ബഹ്റൈൻ, കുവൈത്ത്, യുഎഇ, ഈജിപ്ത്, ജോർദാൻ, ലബനൻ എന്നീ രാജ്യങ്ങളും സൗദിക്കൊപ്പം നിലപാടെടുത്തു. സൗദിയുടെ പരമാധികാരത്തെയും സുരക്ഷയെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് രാജ്യങ്ങൾ വ്യക്തമാക്കി. ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെയുള്ള ഹൂത്തി ഭീഷണി അവസാനിപ്പിക്കാൻ രാജ്യാന്തര സമൂഹം ശക്തമായ നടപടി സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

s
ന്യൂസ് ഡെസ്ക്
View all posts →