Friday, 11 September 2026
‘Honest storytelling is a powerful means of change
06:20:03 PM IST
World

മിയാമിയിൽ ആമസോൺ കാർഗോ വിമാനം തകർന്ന് അപകടം; അഞ്ച് മരണം

ന്യൂസ് ഡെസ്ക് 7 September 2026, 10:01 am
SHARE

മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വാഹനങ്ങളിൽ ഇടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് നിയന്ത്രണം വിട്ട ബോയിങ് 767 വിമാനം സമീപത്തെ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം.

പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നിന്ന് എത്തിയ പ്രൈം എയർ ഫ്ലൈറ്റ് 7598 ആണ് അപകടത്തിൽപ്പെട്ടത്. വിമാനം വാഹനങ്ങളിൽ ഇടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു. വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റും സഹപൈലറ്റും കുടുങ്ങിയതായും വാഹനങ്ങളിലുണ്ടായിരുന്നവരും അപകടത്തിൽപ്പെട്ടതായും മിയാമി-ഡേഡ് കൗണ്ടി ഫയർ ചീഫ് റേ ജദല്ല പറഞ്ഞു. ഒരു വ്യക്തിയെ വാഹനത്തിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ എല്ലാ റൺവേകളും ടാക്സിവേകളും അടച്ചു. അറുപതോളം അഗ്നിരക്ഷാ വാഹനങ്ങളും 200-ഓളം അഗ്നിരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിലും തീയണയ്ക്കുന്നതിനുമായി സ്ഥലത്തെത്തി. അപകടത്തിന്റെ യഥാർഥ കാരണം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷിക്കും. എൻടിഎസ്ബി അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി അറിയിച്ചു.

അതേസമയം വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടതായി ആമസോൺ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പ്രാദേശിക അധികൃതരുമായി സഹകരിച്ച് അന്വേഷണം നടത്തുകയാണെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം ലൂയിസ്‌വില്ലെയിലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുപിഎസ് വിമാനം അപകടത്തിൽപ്പെട്ട് മൂന്ന് പൈലറ്റുമാരും നിലത്തുണ്ടായിരുന്ന 12 പേരും മരിച്ചിരുന്നു.

s
ന്യൂസ് ഡെസ്ക്
View all posts →