മാസപ്പടി കേസിൽ പിണറായിക്കെതിരെ കേസെടുക്കുമോ? നിയമോപദേശം തേടി സർക്കാർ; ഇഡി നീക്കത്തിൽ സിപിഎമ്മിലും രാഷ്ട്രീയ പ്രതിരോധം ശക്തം
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയത്. വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും ചർച്ചയായേക്കും. യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കാനും സാധ്യതയുണ്ട്.
ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇഡിയുടെ നീക്കം രാഷ്ട്രീയ തിരിച്ചടിക്ക് വഴിവെക്കുമോ എന്ന ആശങ്കയും സർക്കാരിനുണ്ട്. ബിജെപി–കോൺഗ്രസ് ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ സിപിഐഎം പ്രതിരോധം തീർത്തത്. അതേസമയം, പിണറായി വിജയനെതിരായ ഇഡി നീക്കം സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതിയിലെ ചർച്ചകളിലും മാറ്റം വരുത്തിയേക്കും. ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം.
പിണറായി വിജയന് പ്രതിരോധം തീർത്ത് ഒറ്റക്കെട്ടായി അണിനിരക്കാനാണ് സിപിഎം തീരുമാനം. ഇതോടെ തെറ്റ് തിരുത്തൽ നടപടികളുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പ്രാധാന്യം കുറയാനാണ് സാധ്യത. ചർച്ചയുടെ ദിശ മാറുന്നത് പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനുമെതിരായ വിമർശനങ്ങളുടെ മൂർച്ച കുറയ്ക്കുകയും ചെയ്തേക്കും. ഇഡി നീക്കം പാർട്ടിക്കുള്ളിലെ ആഭ്യന്തര ചർച്ചകളെയും രാഷ്ട്രീയ പ്രതിരോധത്തിലേക്ക് മാറ്റുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!