Friday, 11 September 2026
‘Honest storytelling is a powerful means of change
08:32:56 PM IST
National

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ അഴിച്ചുപണി; പിന്നോക്ക സമുദക്കാരിയായ വനിതാ പ്രൊഫസർ മുതൽ അയോധ്യ അഭിഭാഷകൻ വരെ

ന്യൂസ് ഡെസ്ക് 3 September 2026, 6:18 pm
SHARE

അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൽ മൂന്ന് പുതിയ ട്രസ്റ്റിമാരെ കൂടി ഉൾപ്പെടുത്തി. ഇതോടെ ട്രസ്റ്റിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ അംഗവും എത്തി. മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്രയെ ആദ്യ സിഇഒയായി നിയമിച്ചതിന് പിന്നാലെ ട്രഷററായിരുന്ന ഗോവിന്ദ് ദേവ് ഗിരിയെ ജനറൽ സെക്രട്ടറിയായും നിയമിച്ചു.

ഡോ. നിർമല യാദവ്, അഭിഭാഷകൻ മദൻ മോഹൻ പാണ്ഡെ, വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മഹേഷ് ഭഗ്ചന്ദ്ക എന്നിവരാണ് പുതിയ ട്രസ്റ്റിമാർ. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമായാണ് നിയമനമെന്നാണ് ട്രസ്റ്റ് വ്യക്തമാക്കുന്നത്. വനിതാ-ഒബിസി പ്രാതിനിധ്യത്തിനൊപ്പം വിദ്യാഭ്യാസം, നിയമം, വ്യവസായം തുടങ്ങിയ മേഖലകളിലെ പരിചയവും ട്രസ്റ്റിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.

കഴിഞ്ഞ വർഷം ബിമലേന്ദ്ര മോഹൻ മിശ്രയുടെ മരണത്തെ തുടർന്നും, സംഭാവനാ ക്രമക്കേട് വിവാദത്തിന് പിന്നാലെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയും അംഗം അനിൽ മിശ്രയും രാജിവച്ചതിനെ തുടർന്നും ഒഴിവുവന്ന സ്ഥാനങ്ങളിലേക്കാണ് പുതിയ നിയമനങ്ങൾ. ട്രസ്റ്റിന്റെ പ്രവർത്തനം വിപുലീകരിക്കുകയും ഭരണസംവിധാനം ശക്തിപ്പെടുത്തുകയും ജനവിശ്വാസം വർധിപ്പിക്കുകയും ചെയ്യുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

ട്രസ്റ്റിലെ ആദ്യ വനിതാ അംഗമായ ഡോ. നിർമല യാദവ് ഉത്തർപ്രദേശിലെ ശിക്കോഹാബാദിൽ നിന്നുള്ള വിരമിച്ച കോളേജ് പ്രിൻസിപ്പലാണ്. ഹിന്ദിയിലും സംസ്കൃതത്തിലും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയ 66കാരിയായ നിർമല 19 വർഷം കോളേജ് പ്രിൻസിപ്പലായും 15 വർഷം സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 74കാരനായ മദൻ മോഹൻ പാണ്ഡെ ദീർഘകാലം രാമജന്മഭൂമി കേസുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹാജരായ അഭിഭാഷകനാണ്. 68കാരനായ മഹേഷ് ഭഗ്ചന്ദ്ക വ്യവസായിയും സാമൂഹിക പ്രവർത്തകനുമാണ്. അശോക് സിംഗാൾ ഫൗണ്ടേഷനുമായും വേൾഡ് ഹിന്ദു ഇക്കണോമിക് ഫോറവുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അദ്ദേഹം പുതിയ ട്രഷററായാണ് ചുമതലയേൽക്കുന്നത്.

s
ന്യൂസ് ഡെസ്ക്
View all posts →