Friday, 11 September 2026
‘Honest storytelling is a powerful means of change
08:35:09 PM IST
Kerala

‘പഴയ കീഴ്‌വഴക്കം തുടരണമെന്ന വാദം അംഗീകരിക്കാനാകില്ല’; പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ

ന്യൂസ് ഡെസ്ക് 30 August 2026, 7:58 am
SHARE

പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ടതിനെതിരെ സിപിഐഎം ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐ. പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ചർച്ചകൾ അനിവാര്യമാണെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് വ്യക്തമാക്കി. വിഷയം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കാതിരുന്നത് സിപിഐഎം ആവശ്യപ്പെട്ടതിനെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് രൂപീകരണം മുതൽ ഇതുവരെ പ്രതിപക്ഷ നേതൃസ്ഥാനവും ഉപനേതൃസ്ഥാനവും സിപിഐഎമ്മിൽ തന്നെ നിക്ഷിപ്തമായിരുന്നുവെന്നും അതേ കീഴ്‌വഴക്കം തുടരണമെന്ന വാദം സംസ്ഥാനത്തും രാജ്യത്തുമുണ്ടായ മാറ്റങ്ങളെ അംഗീകരിക്കാനുള്ള വൈമുഖ്യമായേ കാണാനാകൂവെന്നും രാജാജി മാത്യു തോമസ് വ്യക്തമാക്കി. ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച രാഷ്ട്രീയ സംവാദത്തെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയുമായി ബന്ധപ്പെട്ട വിഷയമായി കാണാനാണ് സിപിഐ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന എൽഡിഎഫിൽ കൂട്ടായ നേതൃത്വവും കൂട്ടായ ഉത്തരവാദിത്തവും അനിവാര്യമാണ്. തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച നേതൃപരമായ പോരായ്മകളെക്കുറിച്ചും ഇത്തരം സാഹചര്യങ്ങളെക്കുറിച്ചും സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വിശദമായി പരാമർശിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ യുക്തിപൂർവം വിലയിരുത്തി, മുന്നണിരാഷ്ട്രീയത്തെ ജനകീയ ആവശ്യവും അനിവാര്യതയുമാക്കി എങ്ങനെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാമെന്നതിനെക്കുറിച്ച് സിപിഐ, സിപിഐഎം ഉൾപ്പെടെയുള്ള ഘടകകക്ഷികൾ സ്വന്തം നിലയിലും കൂട്ടായും ചിന്തിച്ചുവരികയാണ്. ഈ ചർച്ചകളിൽ ഉയർന്നുവന്ന പ്രധാന ആശയങ്ങളിലൊന്നാണ് മുന്നണിയുടെ സംഘടനാ സംവിധാനത്തിൽ കൂട്ടായ നേതൃത്വവും ഉത്തരവാദിത്തവും ഉറപ്പാക്കുകയെന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ഉഭയകക്ഷി ചർച്ചകളിൽ സിപിഐ ഉന്നയിച്ചതെന്നും രാജാജി മാത്യു തോമസ് വിശദീകരിച്ചു.

എന്നാൽ, വിഷയം ഉഭയകക്ഷി ചർച്ചകളിൽ മാത്രം ഒതുക്കണമെന്നും എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കേണ്ടതില്ലെന്നും സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടു. സിപിഐ അത് അംഗീകരിക്കുകയും മുന്നണിവേദിയിൽ വിഷയം പരാമർശിക്കാതിരിക്കുകയും ചെയ്തു. എന്നാൽ, സജീവമായ മാധ്യമസംസ്കാരം നിലനിൽക്കുന്ന കേരളത്തിൽ ഇത്തരം വിഷയങ്ങൾ എക്കാലത്തേക്കും രഹസ്യമായി സൂക്ഷിക്കാനാകില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് ഉഭയകക്ഷി ചർച്ചയിലെ വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്താൻ കാരണമായത്. അത്തരമൊരു സാഹചര്യത്തിൽ സിപിഐയുടെ നിലപാട് വ്യക്തമായി വ്യക്തമാക്കേണ്ട ബാധ്യത പാർട്ടിക്കുണ്ടെന്നും രാജാജി മാത്യു തോമസ് വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →