Friday, 11 September 2026
‘Honest storytelling is a powerful means of change
08:30:02 PM IST
National

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരായ അധിക്ഷേപം ജാതീയ വിവേചനത്തിന്റെ പ്രതിഫലനം; മോദി ഇടപെടണമെന്ന് രാഹുൽ ഗാന്ധി

ന്യൂസ് ഡെസ്ക് 29 August 2026, 3:24 pm
SHARE

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ഓഗസ്റ്റ് 8ന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് കേസെടുക്കണമെന്നും ഖർഗെയ്ക്ക് നീതി ഉറപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

രാജ്യത്തെ ദളിത് വിഭാഗങ്ങൾ ഇന്നും നേരിടുന്ന ജാതീയ വിവേചനത്തിന്റെ വലിയൊരു യാഥാർഥ്യമാണ് ഖർഗെയ്‌ക്കെതിരായ അധിക്ഷേപത്തിലൂടെ പുറത്തുവന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്കൂളുകളിൽ ദളിത് വിദ്യാർഥികളെക്കൊണ്ട് ശുചീകരണ ജോലികൾ ചെയ്യിക്കുന്നതും ചായക്കടകളിൽ ദളിതർക്ക് പ്രത്യേക പേപ്പർ കപ്പുകളിൽ ചായ നൽകുന്നതുമെല്ലാം രാജ്യത്ത് തുടരുന്ന വിവേചനത്തിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് മല്ലികാർജുൻ ഖർഗെയുടെ മാത്രം പ്രശ്നമല്ലെന്നും രാജ്യത്ത് നിലനിൽക്കുന്ന വലിയൊരു സാമൂഹിക യാഥാർഥ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും രാഹുൽ പറഞ്ഞു. ഖർഗെ പങ്കെടുത്ത റാലിക്ക് ശേഷം വേദി ശുദ്ധീകരിച്ച നടപടി ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവും ഗുരുതരമായ കുറ്റകൃത്യവുമാണെന്നും അദ്ദേഹം ആരോപിച്ചു.

ദളിതർക്ക് തുല്യമായ ബഹുമാനം ലഭിക്കണമെന്ന് ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പ്രധാനമന്ത്രി നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മല്ലികാർജുൻ ഖർഗെ, കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി, രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരും സമാനമായ അവഗണനകൾ നേരിട്ടിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സംഭവം രാജ്യത്ത് തുടരുന്ന ജാതീയ വിവേചനത്തിനെതിരായ ഗൗരവമായ ചർച്ചയ്ക്ക് വഴിയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

s
ന്യൂസ് ഡെസ്ക്
View all posts →