Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:50 PM IST
Uncategorized

‘ജാതി-മത ഭേദമില്ലാതെ ഒരുമയുടെ ഓണം, ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ’; വിഡി സതീശൻ

ആൻ മരിയ കെ ജോസ് 25 August 2026, 3:36 pm
SHARE

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മലയാളത്തിന്റെ മഹനീയ സങ്കൽപമാണ് ഓണമെന്നും ജാതി-മത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിജീവനത്തിന് പ്രേരണയും ആത്മവിശ്വാസവും നൽകുന്നതാണ് ഓരോ ഓണാഘോഷങ്ങളും. പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് പകരുന്ന ഓണം, സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കാൻ എല്ലാവർക്കും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങൾ ഇപ്പോഴും പൂർണമായി മാറിയിട്ടില്ലെങ്കിലും ആഘോഷങ്ങളിലൂടെ അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവും നേടാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനായി സർക്കാർ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഇത്തവണത്തെ തിരുവോണം സന്തോഷവും മുന്നോട്ടുള്ള യാത്രയിൽ കരുത്തും പകരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതിൽനിന്ന് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവർ തക്കംപാർത്തിരിക്കുന്ന കാലമാണിത്. ഈ സാഹചര്യത്തിൽ ജാതി-മത വ്യത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായി നിൽക്കണമെന്ന സന്ദേശമാണ് ഓണം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണെന്നും എല്ലാവർക്കും ഊഷ്മളമായ ഓണാശംസകൾ നേരുന്നതായും അദ്ദേഹം കുറിച്ചു.

Read More
s
ആൻ മരിയ കെ ജോസ്
View all posts →