Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:12 PM IST
Kerala

ഓരോ മോഡിഫിക്കേഷനും 5000 വീതം, പിഴ ഈടാക്കിയാല്‍ മോഡിഫിക്കേഷന്‍ മാറ്റി വീണ്ടും വാഹനം ഹാജരാക്കണം; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

ന്യൂസ് ഡെസ്ക് 25 August 2026, 9:30 am
SHARE

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്. മോഡിഫിക്കേഷനുകൾ പരിശോധിച്ച് നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങളിൽ പിഴ ഈടാക്കാൻ ഗതാഗത കമ്മീഷണർ നിർദേശം നൽകി. വാഹന മോഡിഫിക്കേഷനെതിരെ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കൊപ്പം പൊലീസും കർശന നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെ ഇതുസംബന്ധിച്ച നിർദേശം ഗതാഗത കമ്മീഷണർ എല്ലാ ഉദ്യോഗസ്ഥർക്കും നൽകിയിരുന്നു. വാഹനത്തിൽ നടത്തിയ ഓരോ അനധികൃത മോഡിഫിക്കേഷനും പ്രത്യേകം പിഴ ഈടാക്കണമെന്നാണ് നിർദേശം. മോഡിഫിക്കേഷനുകൾ നീക്കം ചെയ്ത് വാഹനം യഥാർഥ രൂപത്തിലേക്ക് മാറ്റിയെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എത്ര വാഹനങ്ങൾ പരിശോധിച്ചു, എത്ര തുക പിഴയായി ഈടാക്കി തുടങ്ങിയ വിവരങ്ങൾ അടുത്ത മാസം മൂന്നാം തീയതിക്കകം എല്ലാ ആർടിഒമാരും റിപ്പോർട്ട് ചെയ്യണമെന്നും ഗതാഗത കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്.

വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത ആൾട്ടറേഷനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രത്യേകം പിഴ ചുമത്തണം. അനധികൃത ആൾട്ടറേഷനുകൾ നീക്കം ചെയ്ത ശേഷം വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാൻ ഉടമയ്ക്ക് നിർദേശം നൽകണമെന്നും ഉത്തരവിലുണ്ട്.

ഒരു വാഹനത്തില്‍ നടത്തുന്ന അനധികൃത രൂപമാറ്റം ഓരോന്നിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു, അടൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനു പോയ ജീപ്പില്‍ ആറ് മോഡിഫിക്കേഷന്‍ ഉണ്ടായിട്ടും ആകെ 5,000 രൂപ മാത്രം പിഴ ചുമത്തിയ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

തീവ്രപ്രകാശമുള്ള എൽഇഡി, റെഡ്-ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, അനധികൃത സൈറൺ, വീൽ സ്‌പേസറുകൾ, വീതിയേറിയ ടയറുകൾ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ നടപടി വേണമെന്നും കോടതി നിർദേശിച്ചു. ഇത്തരം മാറ്റങ്ങൾ ഡ്രൈവർമാരുടെ കാഴ്ചയെ ബാധിക്കുകയും കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →