മൂവാറ്റുപുഴ ജില്ലയ്ക്ക് പച്ചക്കൊടി വീശുമ്പോൾ യുഡിഎഫിൽ പൊട്ടിത്തെറി; തൊടുപുഴ നഷ്ടപ്പെടുമെന്ന ഭീതിയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം
മൂവാറ്റുപുഴ ജില്ല രൂപീകരണ നീക്കത്തിൽ യുഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. മുന്നണിയോഗത്തിൽ ശക്തമായ എതിർപ്പ് അറിയിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഒരുങ്ങുന്നു. പുതിയ ജില്ല രൂപീകരിക്കുന്നത് ഇടുക്കിയുടെ ഭാവിയെ തന്നെ ബാധിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ. എന്നാൽ മൂവാറ്റുപുഴ ജില്ല രൂപീകരിക്കാൻ നിലവിൽ രാഷ്ട്രീയമായി അനുകൂല സാഹചര്യമാണെന്നാണ് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ നിലപാട്. മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും അടുത്തതായി രൂപീകരിക്കുന്ന ജില്ല മൂവാറ്റുപുഴയായിരിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്തിന്റെ കിഴക്കൻ മേഖലയെ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യം പുതിയതല്ല. 1982ൽ കെ. കരുണാകരൻ മുന്നോട്ടുവെച്ച ആശയമാണ് വർഷങ്ങൾക്കിപ്പുറം വീണ്ടും സജീവമാകുന്നത്. എന്നാൽ ജില്ല രൂപീകരണത്തിനുള്ള നീക്കം ശക്തമാകുമ്പോൾ യുഡിഎഫിനുള്ളിൽ തന്നെയാണ് എതിർപ്പുയരുന്നത്. പ്രത്യേകിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ശക്തികേന്ദ്രമായ തൊടുപുഴയെ പുതിയ ജില്ലയിലേക്ക് മാറ്റാനുള്ള സാധ്യതയാണ് പ്രതിഷേധത്തിന് പിന്നിൽ.
തൊടുപുഴ താലൂക്ക് ഇടുക്കിയിൽ നിന്ന് മാറ്റി മൂവാറ്റുപുഴയോട് ചേർത്താൽ ജില്ലയുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം. ഭാഷാപരമായ പ്രത്യേകതകളുള്ള ഇടുക്കിയിൽ നിന്ന് തൊടുപുഴ കൂടി മാറ്റിയാൽ ദേവികുളം, പീരുമേട് താലൂക്കുകളിലെ തമിഴ് ഭൂരിപക്ഷം ജില്ലയുടെ സ്വാധീനഘടനയെ മാറ്റിമറിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മുല്ലപ്പെരിയാർ, മൂന്നാർ ഉൾപ്പെടുന്ന പ്രദേശങ്ങൾ കേരളത്തിന്റെ നിയന്ത്രണത്തിൽ നിന്ന് ദുർബലമാകാനുള്ള സാഹചര്യം പോലും ഇതിലൂടെ ഉണ്ടാകുമെന്ന ആശങ്കയും കേരള കോൺഗ്രസ് ഉയർത്തുന്നു.
തൊടുപുഴ നഷ്ടപ്പെട്ടാൽ ഇടുക്കിയിലെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തിന് തന്നെ വിള്ളൽ വീഴുമെന്ന ആശങ്കയും ജോസഫ് വിഭാഗത്തിനുണ്ട്. അതുകൊണ്ടുതന്നെ വിഷയത്തിൽ പരസ്യ പ്രതികരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് യുഡിഎഫ് വിശദമായ ചർച്ച നടത്തണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. കോട്ടയത്ത് നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ഈ ആവശ്യം മുന്നണിയിൽ ഉന്നയിക്കും. മൂവാറ്റുപുഴ ജില്ലയെന്ന ആവശ്യം ഒരു ഭരണപരമായ പുനഃസംഘടന മാത്രമല്ല, ഇടുക്കിയിലെ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ മാറ്റിമറിക്കാവുന്ന നീക്കമായി മാറുകയാണ്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!