പാലത്തായി കേസ്; ഹൈക്കോടതി വിധി സർക്കാരും പ്രോസിക്യൂഷനും ഇരന്നുവാങ്ങിയ തോൽവി യെന്ന് സമസ്ത, കേസ് കൈകാര്യം ചെയ്ത രീതിയിൽ ഗുരുതര വീഴ്ചയുണ്ടായി
പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. ഹൈക്കോടതി വിധി സർക്കാരും പ്രോസിക്യൂഷനും ഇരന്നുവാങ്ങിയ തോൽവിയാണെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം എഡിറ്റോറിയലിൽ കുറ്റപ്പെടുത്തി. സർക്കാർ മനഃപൂർവം കേസ് തോറ്റുകൊടുത്തുവെന്നും പ്രോസിക്യൂഷന്റെ അലംഭാവമാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമായതെന്നുമാണ് എഡിറ്റോറിയലിലെ വിമർശനം. അതിജീവിതയോടുള്ള അനീതിയാണ് സംഭവിച്ചതെന്നും കേസ് കൈകാര്യം ചെയ്ത രീതിയിൽ ഗുരുതര വീഴ്ചയുണ്ടായെന്നും സമസ്ത ആരോപിച്ചു.
കേരളത്തിലെ ഇരുമുന്നണികളും ബിജെപി നേതാവിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും എഡിറ്റോറിയലിൽ ആരോപിക്കുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഡിജിപി ഫലപ്രദമായ ഇടപെടൽ നടത്തിയില്ലെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും സമസ്ത കുറ്റപ്പെടുത്തി. കേസിൽ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. പോക്‌സോ വകുപ്പുകൾ പ്രകാരം 40 വർഷം തടവും, രണ്ട് വകുപ്പുകളിലായി 20 വർഷം വീതം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
തുടർന്ന് ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ പത്മരാജൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതി ഉന്നയിച്ച വാദങ്ങൾ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. 2020 ജനുവരിയിലാണ് ഒമ്പത് വയസുകാരി പീഡനത്തിനിരയായെന്ന പരാതി പൊലീസിന് ലഭിച്ചത്. പാനൂർ പൊലീസ് അന്വേഷിച്ച കേസിൽ പ്രതിയായ പത്മരാജൻ അറസ്റ്റിലായിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പരാതിയിൽ പോക്‌സോ നിയമം നിലനിൽക്കില്ലെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ വലിയ വിവാദത്തിനും വഴിവെച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!