‘വിമർശനങ്ങൾ എന്നെ ബാധിച്ചിട്ടില്ലെന്ന് പറയാനാകില്ല, യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കുക എന്നതാണ് പ്രധാനം’; ധ്രുവ് വിക്രം
നടി അനുപമ പരമേശ്വരൻ നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായ നടൻ ധ്രുവ് വിക്രം വിഷയത്തിൽ പ്രതികരണവുമായി രംഗത്ത്. അനുപമ പരാമർശിച്ച മുൻ കാമുകൻ ധ്രുവ് വിക്രമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളും തനിക്കെതിരായ വിമർശനങ്ങളും തന്നെ ബാധിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇന്ത്യ ടുഡേ തമിഴ് സംഘടിപ്പിച്ച റൗണ്ട് ടേബിൾ പരിപാടിയിൽ ധ്രുവ് സംസാരിച്ചത്.
സിനിമ പോലൊരു മേഖല തിരഞ്ഞെടുക്കുമ്പോൾ തന്നെ വിമർശനങ്ങളും അതിന്റെ ഭാഗമാണെന്ന് മനസിലാക്കിയിരുന്നുവെന്ന് ധ്രുവ് പറഞ്ഞു. വിമർശനങ്ങൾ തന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് പറയാനാകില്ലെന്നും, എന്നാൽ യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കുക എന്നതാണ് പ്രധാനമെന്നും താരം വ്യക്തമാക്കി. “നിങ്ങൾ ആരാണെന്നും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും സ്വയം തിരിച്ചറിയണം. നിങ്ങൾ സ്നേഹിക്കുന്നവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ട കാര്യങ്ങളെയും സംരക്ഷിക്കണം. സത്യത്തോടൊപ്പം നിൽക്കുമ്പോൾ മറ്റുള്ളവരുടെ വിമർശനങ്ങൾക്ക് ഒരു പരിധിക്കപ്പുറം നിങ്ങളെ സ്വാധീനിക്കാനാകില്ല,” ധ്രുവ് പറഞ്ഞു.
സ്വയം തിരിച്ചറിഞ്ഞ് ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും സ്വകാര്യ ജീവിതത്തെ പരമാവധി സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും ധ്രുവ് ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ നിരീക്ഷണങ്ങൾക്കപ്പുറം സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾ ഒരാൾക്ക് സ്വന്തമായൊരു ലോകം സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നേരിട്ട് പ്രതികരിക്കാതെ, പൊതുവായ നിലപാടാണ് ധ്രുവ് പങ്കുവെച്ചത്.
സോഷ്യൽ മീഡിയയിൽ അധികം സജീവമാകാത്തതിന്റെ കാരണവും ധ്രുവ് വ്യക്തമാക്കി. ഷൂട്ടിങ്ങിനും എഡിറ്റിങ്ങിനും ഏറെ ഇഷ്ടമാണെന്നും അച്ഛനെയും മരുമകളെയും വളർത്തുമൃഗങ്ങളെയും ചിത്രീകരിച്ച് വീഡിയോകൾ തയ്യാറാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ലെന്നും വ്യക്തമാക്കി. സിനിമയുടെ പ്രമോഷൻ സമയത്താണ് സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുന്നത്. മറ്റ് സമയങ്ങളിൽ വായനയും സംഗീതവുമൊക്കെയായി സമയം ചെലവഴിക്കാനാണ് താൽപര്യമെന്നും സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നത് ബോധപൂർവം എടുത്ത തീരുമാനമല്ലെന്നും ധ്രുവ് കൂട്ടിച്ചേർത്തു.
‘സനൽകുമാറിന്റെ ഭാര്യ അധ്യാപികയാണ്, ഇയാൾക്ക് നാലഞ്ച് ഷോക്ക് കൊടുത്താൽ ശരിയാകും’; ശാന്തിവിള ദിനേശ്
‘ആ കുഴിയിൽ അകപ്പെടുമ്പോൾ പുറത്തുനിന്നുള്ള ആരുടേയും ശബ്ദം കേൾക്കാനാകില്ല, വീണാലും വീണ്ടും എഴുന്നേറ്റ് മുന്നോട്ട് പോകണം’; ശ്രദ്ധനേടി അഖിൽ എൻആർഡിയുടെ വാക്കുകൾ