Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:11 PM IST
National

‘പാർട്ടി പരിപാടികളിൽ ‘വന്ദേമാതരം’ ഇനി ആദ്യ രണ്ട് ചരണങ്ങൾ മാത്രം’; നിലപാട് കടുപ്പിച്ച് കോൺഗ്രസ്, സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദ്ദേശം

ന്യൂസ് ഡെസ്ക് 18 August 2026, 12:33 pm
SHARE

എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം ആവർത്തിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കാവൂവെന്നാണ് കർശന നിർദേശം. ഓഗസ്റ്റ് 15ന് എഐസിസി ആസ്ഥാനത്ത് പതിവിൽ നിന്ന് വ്യത്യസ്തമായി ഗാനം പൂർണമായി ആലപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്.

രണ്ട് ചരണങ്ങൾ കഴിഞ്ഞിട്ടും ഗാനം അവസാനിക്കാതെ വന്നതോടെ മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇടപെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ബിജെപി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും വിഷയം രാഷ്ട്രീയ വിവാദമാകുകയും ചെയ്തു. അതേസമയം, പരിപാടിയുടെ സംഘാടനത്തിൽ ഉണ്ടായ ഏകോപനക്കുറവും പ്രോട്ടോക്കോൾ സംബന്ധിച്ച ആശയക്കുഴപ്പവുമാണ് പൂർണമായ ആലാപനത്തിന് കാരണമെന്നാണ് കോൺഗ്രസ് വൃത്തങ്ങളുടെ വിശദീകരണം.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ സേവാദളിനെതിരെ നടപടി ഉണ്ടാകില്ലെന്നാണ് സൂചന. സേവാദൾ അധ്യക്ഷൻ പി.വി. ശ്രീനിവാസനും മുൻ അധ്യക്ഷൻ ലാൽജി ദേശായിക്കുമായിരുന്നു പരിപാടിയുടെ നടത്തിപ്പ് ചുമതല. വിഷയത്തിൽ സേവാദൾ നേതൃത്വം ഹൈക്കമാൻഡിന് വാക്കാൽ വിശദീകരണം നൽകിയതായും റിപ്പോർട്ടുണ്ട്. പുതിയതായി ചുമതലയേറ്റ നേതൃത്വത്തിന് വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട പാർട്ടി പ്രോട്ടോക്കോൾ കൃത്യമായി അറിയില്ലായിരുന്നുവെന്നും വിശദീകരണമുണ്ട്.

അതേസമയം, കോൺഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലെ പരിപാടികളിലും വന്ദേമാതരം പൂർണമായി ആലപിച്ച സംഭവങ്ങൾ ചർച്ചയാകുന്നുണ്ട്. ഹിമാചൽ പ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ പൂർണ ഗാനം ആലപിച്ച സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാൻഡ് ഇപ്പോൾ സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം ആവർത്തിച്ചിരിക്കുന്നത്. കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും പൂർണ വന്ദേമാതരം ആലപിച്ചിരുന്നു. എഐസിസിയിലെ വിവാദത്തിന് പിന്നാലെ പാർട്ടി പരിപാടികളിലെ ആലാപനരീതി സംബന്ധിച്ച് വ്യക്തമായ നിലപാട് പ്രഖ്യാപിക്കുകയാണ് കോൺഗ്രസ് നേതൃത്വം.

s
ന്യൂസ് ഡെസ്ക്
View all posts →