Monday, 21 September 2026
‘Honest storytelling is a powerful means of change
06:53:04 PM IST
Kerala

ഓണത്തിന് പാട്ടുവെച്ച് ആഘോഷിച്ചാൽ പണികിട്ടും? മുന്നറിയിപ്പുമായി പകർപ്പവകാശ ഏജൻസി

ന്യൂസ് ഡെസ്ക് 11 August 2026, 12:50 pm
SHARE

ഓണാഘോഷത്തിൽ പാട്ടുവെച്ച് ആഘോഷിക്കാൻ പദ്ധതിയെങ്കിൽ ഇനി സൂക്ഷിക്കണം. കാരണം ചിലപ്പോൾ നിയമക്കുരുക്കിൽപ്പെട്ടേക്കാം. പകർപ്പവകാശമുള്ള പാട്ടുകൾ പൊതുവിടങ്ങളിൽ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളാണ് കൂട്ടായ ഓണാഘോഷങ്ങളിലെ സംഗീതത്തിനും ബാധകമാകുന്നത്.

മ്യൂസിക് കമ്പനികളുടെ പകർപ്പവകാശ ലൈസൻസുകൾ കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ട ഏജൻസിയാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൊതുപരിപാടികളിലും കൂട്ടായ ആഘോഷങ്ങളിലും പകർപ്പവകാശമുള്ള ഗാനങ്ങൾ ഉപയോഗിക്കുമ്പോൾ ആവശ്യമായ അനുമതിയും ലൈസൻസും ഉറപ്പാക്കണമെന്നാണ് നിർദേശം.

1957-ലെ പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ആഘോഷ പരിപാടികളിൽ പകർപ്പവകാശമുള്ള സംഗീതം പൊതുവായി കേൾപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിന് ബന്ധപ്പെട്ട പകർപ്പവകാശ ഉടമകളിൽ നിന്നോ അംഗീകൃത പ്രതിനിധികളിൽ നിന്നോ മുൻകൂർ അനുമതി നേടേണ്ടതുണ്ട്.

ഇക്കാര്യം ചൂണ്ടിക്കാട്ടി പരിപാടികളുടെ സംഘാടകർക്ക് അല്ലെങ്കിൽ വേദി നൽകുന്നവർക്ക് അറിയിപ്പ് നൽകാറുണ്ടെന്ന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നൊവാക്‌സ് കമ്യൂണിക്കേഷൻസിന്റെ കേരളത്തിലെ പ്രതിനിധി എം. ഉണ്ണികൃഷ്ണൻ പറഞ്ഞു.

സാരേഗമ, യഷ് രാജ് ഫിലിംസ്, ടിപ്‌സ് മ്യൂസിക്, സീ മ്യൂസിക്, ഷെമാരൂ, വെൽവെറ്റ് വൈബ്‌സ്, ഹാപ്പി മ്യൂസിക്, റെഡ് റിബൺ തുടങ്ങിയ മ്യൂസിക് ലേബലുകളും ദലേർ മെഹന്ദി, ഗുർദാസ് മാൻ, കുമാർ സാനു, മികാ സിങ് തുടങ്ങിയ കലാകാരന്മാരും തങ്ങളുടെ സംഗീതസൃഷ്ടികളുടെ പബ്ലിക് പെർഫോമൻസ് അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ അനുമതിപത്രങ്ങൾ നൽകുന്നതിനും നൊവെക്‌സ് കമ്മ്യൂണിക്കേഷൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഓണാഘോഷങ്ങളുടെ ഭാഗമായി ഇവരുടെ റെക്കോർഡ് ചെയ്ത ഗാനങ്ങൾ ഉപയോഗിക്കുകയോ ഡിജെ പരിപാടികൾ നടത്തുകയോ പകർപ്പവകാശമുള്ള ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ലൈവ് പെർഫോമൻസുകളോ നൃത്തപരിപാടികളോ സംഘടിപ്പിക്കുകയോ ചെയ്യുന്നവർ നിശ്ചിത ലൈസൻസ് ഫീസ് അടച്ച് നൊവെക്‌സിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടണമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്.

പകർപ്പവകാശമുള്ള സംഗീതം അനുമതിയില്ലാതെ പൊതുപരിപാടികളിൽ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ നിയമാനുസൃതമായ തുടർനടപടികളിലേക്ക് കടക്കുമെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ആഘോഷവേളകളിൽ പകർപ്പവകാശവുമായി ബന്ധപ്പെട്ട ഇത്തരം മുന്നറിയിപ്പുകൾ നേരത്തെയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →