ചെരുപ്പില്ലാതെ സാരിയുടുത്ത് ഓടി 47കാരി; മക്കളുടെ പഠനത്തിനായി രമാബായ് നേടിയ മാരത്തോൺ വിജയം
രമാബായ് രൺവീറിന് അത് വെറുമൊരു ഓട്ടമത്സരമായിരുന്നില്ല. മക്കളുടെ വിദ്യാഭ്യാസത്തിനായി ജീവിതത്തോട് തന്നെ ഓട്ടമത്സരം നടത്തിക്കൊണ്ടിരിക്കുന്ന ഒരു അമ്മയുടെ പോരാട്ടമായിരുന്നു ആ ഓട്ടം. മഹാരാഷ്ട്രയിൽ നടന്ന അമൃത് ദൗഡ് മത്സരത്തിൽ ചെറുപ്പക്കാരായ നിരവധി ഓട്ടക്കാരെ പിന്നിലാക്കി 47കാരിയായ രമാബായ് ഒന്നാമതെത്തിയപ്പോൾ, കാണികൾക്ക് മുന്നിൽ തെളിഞ്ഞത് പ്രായമോ സാഹചര്യങ്ങളോ തളർത്താത്ത അസാധാരണമായ ആത്മവിശ്വാസത്തിന്റെ കഥയായിരുന്നു.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബാജോഗായിയിൽ ഭാരതീയ ശിക്ഷൺ പ്രസാരക് സംസ്ഥ സംഘടിപ്പിച്ച അമൃത് ദൗഡ് ഓട്ടമത്സരത്തിലാണ് പാചകത്തൊഴിലാളിയായ രമാബായ് പങ്കെടുക്കാനെത്തിയത്. മറ്റ് മത്സരാർഥികൾ സ്‌പോർട്‌സ് ഷൂസും ട്രാക്ക് സ്യൂട്ടും ധരിച്ചെത്തിയപ്പോൾ രമാബായ് സാരിയായിരുന്നു ധരിച്ചിരുന്നത്. കാലിൽ ചെരുപ്പുപോലുമില്ലായിരുന്നു. എന്നാൽ മത്സരത്തിൽ ജയിക്കണമെന്ന വാശിയേക്കാൾ മുന്നിൽ ഉണ്ടായിരുന്നത് 3000 രൂപയുടെ സമ്മാനത്തുകയായിരുന്നു.
ഭർത്താവിന്റെ മരണശേഷം പെൺമക്കളുടെ വിദ്യാഭ്യാസത്തിനായി ഏറെ ബുദ്ധിമുട്ടിയാണ് രമാബായ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ മത്സരത്തിൽ ലഭിക്കുന്ന 3000 രൂപ കുടുംബത്തിന് വലിയ ആശ്വാസമാകുമെന്ന് അവർ കരുതി. വലിയ ഓട്ടക്കാരിയെന്ന അംഗീകാരത്തിനായിരുന്നില്ല രമാബായിയുടെ വരവ്; മക്കളുടെ പഠനച്ചെലവിലേക്ക് ഒരു കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലായിരുന്നു ആ ഓട്ടം.
എന്നാൽ ഓട്ടം തുടങ്ങിയതോടെ ചിത്രം മാറി. പ്രായത്തിന്റെയും വേഷത്തിന്റെയും പരിമിതികളെ മറികടന്ന് രമാബായ് മുന്നേറി. ചെരുപ്പില്ലാത്ത കാലുകളുമായി, ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെപ്പോലെ തന്നെ ഓട്ടത്തിന്റെ വെല്ലുവിളികളെയും അതിജീവിച്ചാണ് അവർ വിജയം സ്വന്തമാക്കിയത്. ഒരു അമ്മയുടെ മക്കൾക്കായുള്ള പോരാട്ടം എത്രത്തോളം ശക്തമായിരിക്കാമെന്നതിന് തെളിവായി മാറുകയായിരുന്നു രമാബായ് രൺവീറിന്റെ ഈ മാരത്തോൺ വിജയം.
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി