Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:01 PM IST
Kerala

‘അങ്ങനെ ഒന്നും ചാവില്ല, അനുഭവിച്ചേ പോവൂ’; രോഗവസ്ഥയിലും വിടുന്നില്ല, സരിതയ്ക്ക് നേരെ സൈബർ ആക്രമണം

ന്യൂസ് ഡെസ്ക് 8 September 2026, 6:40 pm
SHARE

ഒരുകാലത്ത് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച പേരായിരുന്നു സരിത എസ്. നായരുടേത്. സോളാർ തട്ടിപ്പ് കേസും തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉയർത്തിയ ആരോപണങ്ങളും കേരള രാഷ്ട്രീയത്തിൽ വലിയ വിവാദമായി. സരിതയുടെ ആരോപണങ്ങൾ രാഷ്ട്രീയമായി വലിയ ചർച്ചയായെങ്കിലും, അവയിൽ പലതും നിയമപരമായും രാഷ്ട്രീയമായും തർക്കങ്ങൾക്ക് വിധേയമായിരുന്നു. ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതിനെ തുടർന്ന് ഉമ്മൻചാണ്ടിക്കെതിരെ വലിയ രാഷ്ട്രീയ സമ്മർദ്ദവും ഉണ്ടായി.

കാലം കടന്നുപോയപ്പോൾ സോളാർ വിവാദത്തിന്റെ രാഷ്ട്രീയ ചൂട് കുറഞ്ഞെങ്കിലും സരിത എസ്. നായരുടെ പേര് ഇടയ്ക്കിടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. ഇപ്പോഴിതാ, ഗുരുതര ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണെന്നും എപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപ്പെടാവുന്ന അവസ്ഥയിലാണെന്നും അവകാശപ്പെട്ടുള്ള സരിതയുടെ സോഷ്യൽ മീഡിയ കുറിപ്പാണ് വീണ്ടും ചർച്ചയാകുന്നത്. ഒരിക്കൽ ആരോപണങ്ങളിലൂടെ രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ സരിതയുടെ ജീവിതം ഇന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന വെളിപ്പെടുത്തലിലാണ് എത്തിനിൽക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി മുതൽ അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും ഇതിനിടയിൽ ഇടതുകൈയിൽ കടുത്ത വേദന അനുഭവപ്പെട്ട് കൈ അനക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായെന്നും അവർ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ രക്തക്കുഴലുകൾ പൊട്ടുകയും രണ്ട് പ്രധാന ബ്ലോക്കുകൾ കണ്ടെത്തുകയും ചെയ്തതായി സരിത വ്യക്തമാക്കി.

തലച്ചോറിലെ അണുബാധയെ തുടർന്ന് അടിയന്തരമായി ശസ്ത്രക്രിയ നടത്താൻ സാധിച്ചില്ലെന്നും രക്തയോട്ടം നിലച്ചതോടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ ഗാംഗ്രീൻ ബാധിച്ചതായും അവർ പറഞ്ഞു. അണുബാധ അസ്ഥിയിലേക്ക് പടർന്നതോടെ ജൂലൈയിൽ ശസ്ത്രക്രിയയിലൂടെ ചൂണ്ടുവിരൽ മുറിച്ചുമാറ്റേണ്ടിവന്നു. ശ്രീചിത്രയിലെ പരിശോധനയിൽ അപൂർവമായ സെർവിക്കൽ ബോൺ സംബന്ധമായ പ്രശ്നവും കണ്ടെത്തിയതായി സരിത വ്യക്തമാക്കി.

ഏത് നിമിഷവും വീണ്ടും രക്തം കട്ടപിടിക്കാനും അപ്രതീക്ഷിതമായി ജീവൻ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും സരിതയുടെ കുറിപ്പിലുണ്ട്. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളും ശാപവാക്കുകളും നിലവിലെ സാഹചര്യത്തിൽ തന്നെ ബാധിക്കുന്നില്ലെന്നും, വലിയ വേദനകളിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ പറഞ്ഞു. തന്നെ സ്നേഹിക്കുന്നവരും പ്രിയപ്പെട്ടവരും തനിക്കായി പ്രാർഥിക്കണമെന്നും സരിത അഭ്യർഥിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →