‘രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടും, കരുവന്നൂർ കേസിൽ സിപിഎമ്മിനെ പ്രതിയാക്കി’; പിണറായി വിജയൻ
ഇഡിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഷ്ട്രീയമായി ഇഡി നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് പിണറായി വിജയൻ പറഞ്ഞു. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ ശക്തമായ നടപടിയെടുത്തിരുന്നു. എന്നാൽ ഇഡി ഇടപെട്ട് ഒരു രാഷ്ട്രീയ പാർട്ടിയെ തന്നെ പ്രതിയാക്കുന്ന സാഹചര്യമുണ്ടായെന്നും പിണറായി കുറ്റപ്പെടുത്തി. ഇത്തിത്താനം സഹകരണ ബാങ്കിന്റെ നൂറാം വാർഷികാഘോഷ വേദിയിലായിരുന്നു പ്രതികരണം.
കരുവന്നൂർ ബാങ്ക് കേസിൽ അഴിമതി നടത്തിയവരെ ഇഡി സ്വാധീനിച്ച് മാപ്പുസാക്ഷികളാക്കിയെന്നാണ് പിണറായി വിജയന്റെ ആരോപണം. ഇഡി പറയുന്ന കാര്യങ്ങൾ മൊഴിയായി നൽകണമെന്ന് ആവശ്യപ്പെട്ടതായും, പിന്നീട് അത്തരം മൊഴികൾ വലിയ തെളിവുകളായി അവതരിപ്പിച്ച് സിപിഐഎമ്മിനെ പ്രതിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിമാരായി പ്രവർത്തിച്ചവരെയെല്ലാം കേസിൽ പ്രതികളാക്കിയെന്നും പിണറായി ആരോപിച്ചു.
അതേസമയം, മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷനിരയിലെ പ്രധാന നേതാവിനുമെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്തിൽ സർക്കാർ ഉടൻ നടപടിയെടുക്കില്ലെന്നാണ് സൂചന. നിയമോപദേശം തേടുന്നതിനും കേസിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ സമയം എടുത്ത ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക. ധൃതി പിടിച്ച് തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ.
കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കി തകർക്കാനാണ് ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടലുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഐഎം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!