Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:59 PM IST
World

അമേരിക്കയിലേക്ക് കുടിയേറാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇരുട്ടടിയുമായി ട്രംപ്; വിസാ അഭിമുഖങ്ങൾ നിർത്തിവെച്ചു, കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം

ന്യൂസ് ഡെസ്ക് 26 August 2026, 12:17 pm
SHARE

അമേരിക്കയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ സ്വപ്‌നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി ട്രംപ് ഭരണകൂടം. യുഎസിലേക്ക് പോയി ജോലി ചെയ്ത് താമസിക്കാനാഗ്രഹിക്കുന്നവർക്ക് വീണ്ടും നിയന്ത്രണങ്ങളേർപ്പെടുത്തി ട്രംപ് ഭരണകൂടം. കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണു പുറത്തുവരുന്ന വിവരം. കുടിയേറ്റ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അമേരിക്കൻ എംബസികളിലും കോൺസുലേറ്റുകളിലും വിസാ അഭിമുഖങ്ങളും മറ്റ് നടപടിക്രമങ്ങളും നിർത്തിവെച്ചു.

വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസാ അപേക്ഷകൾക്ക് 1,03,265 ഡോളർ (98 ലക്ഷം രൂപയോളം) ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് പുതിയ വാർത്തയെത്തുന്നത്. അമേരിക്കൻ എംബസികളിലും കോൺസുലേറ്റുകളിലും വീസ സംബന്ധമായ അഭിമുഖവും മറ്റ് നടപടികളും താത്കാലികമായി നിർത്തിവച്ചതായാണ് ആ​ഗോള വാര്‍ത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്യുന്നത്. എത്ര നാളത്തേക്കാണു നടപടിയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ ദിവസങ്ങളിൽ അപ്പോയ്‌ന്റ്മെന്റ് ലഭിച്ച ആളുകൾക്ക് അഭിമുഖം മാറ്റിവച്ചെന്ന് ഇമെയിലിലൂടെ അറിയിപ്പു ലഭിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലെ അമേരിക്കൻ കോൺസുലേറ്റ് ഓഫിസുകളിലെ ജീവനക്കാർക്കായി നടത്തുന്ന ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായാണു നടപടിയെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകുന്ന വിശദീകരണം. ട്രെയിനിങ് പ്രോഗ്രാമിനുശേഷം അപ്പോയ്‌ന്റ്മെന്റുകൾ പുനഃക്രമീകരിക്കുമെന്നും എന്നാൽ എന്നാണെന്നു കൃത്യമായി പറയാനാകില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

2025-ൽ രണ്ടാമത്തെ പ്രാവശ്യം അധികാരത്തിലെത്തിയപ്പോള്‍ മുതൽ കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചു വരുന്നത്. വീസ അപേക്ഷകരിൽ കൂടുതലാളുകളെയും തള്ളിക്കളഞ്ഞതു കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണെന്നു പറയുമ്പോഴും പലസ്തീന്‍ അനൂകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തവരുടെയും വീസയ്ക്കും ഗ്രീന്‍ കാർഡിനായി അപേക്ഷിച്ച നിരവധി ആളുകളെയും അകാരണമായി തള്ളികളയുകയും ചെയ്തിട്ടുണ്ട്. വിസയും ഗ്രീൻ കാർഡുകളും റദ്ദാക്കൽ, അപേക്ഷകൾ തള്ളിക്കളയൽ എന്നിവ ഉൾപ്പെടെ നടപടികൾ പതിവായി. ഇസ്രയേലിന്റെ ആക്രമണം നേരിടുന്ന പാലസ്തീന് ഐക്യദാർഢ്യവുമായി യുഎസ്സിലെ സർവകലാശാലകളിലും കോളേജുകളിലും പ്രതിഷേധിച്ച വിദ്യാർഥികളിൽ ചിലർക്കെതിരെയാണ് ഈ നടപടികൾ പ്രയോഗിച്ചത്. കൂടാതെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനെ (ഐസിഇ) ഉപയോഗിച്ചുള്ള കുപ്രസിദ്ധമായ കൂട്ടനാടുകടത്തലുകൾക്കും റെയ്ഡുകൾക്കും ട്രംപ് നേരത്തേ ഉത്തരവിട്ടിരുന്നു.

തൊഴിൽ വീസയായ എച്ച്–1 ബിയിലും സമഗ്രമായ മാറ്റമാണ് ട്രംപ് ഭരണകൂടം ലക്ഷ്യംവയ്ക്കുന്നത്. പ്രാരംഭ ഘട്ടമായി അപേക്ഷ ഫീസ് കുത്തനെ ഉയർത്താനാണു പദ്ധതി. ഒരു അപേക്ഷയ്ക്ക് 1,03,265 ഡോളർ (ഏകദേശം 99 ലക്ഷം രൂപ) ഈടാക്കാനാണു പുതിയ ശുപാർശ. ഇതു പ്രധാനമായും കനത്ത പ്രഹരം ഏൽപ്പിക്കുന്നത് ഇന്ത്യന്‍ പ്രഫഷനലുകൾക്കാണ്. കാരണം അമേരിക്കയിൽ ഐടി, ബിസിനസ് മേഖലകളിൽ ജോലി ചെയ്യുന്നവരിൽ വലിയൊരു വിഭാഗവും ഇന്ത്യൻ വംശജരാണ്. വിവിധ ആവശ്യങ്ങള്‍ക്കായി അമേരിക്കയിൽ എത്തിയശേഷം അസൈലം വീസ പ്രകാരം രാജ്യത്തു തുടരുന്ന രണ്ട് ലക്ഷത്തിലധികം ആളുകളുടെ വീസ റദ്ദാക്കാനും ട്രംപ് ലക്ഷ്യമിടുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →