‘സ്ഥലംമാറ്റത്തിന്റെ സമ്മർദമല്ല ആത്മഹത്യയ്ക്ക് കാരണം’; ആശാലതയുടെ മരണത്തിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് തിരിച്ചടി, എഡിഎം റിപ്പോർട്ട്
കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എഡിഎം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തയ്യാറായി. സ്ഥലംമാറ്റത്തെ തുടർന്നുണ്ടായ മാനസിക സമ്മർദമല്ല ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലെന്നാണ് വിവരം. റിപ്പോർട്ട് കളക്ടർക്ക് കൈമാറിയ ശേഷം റവന്യൂ കമ്മീഷണർക്ക് സമർപ്പിക്കും.
സ്ഥലംമാറ്റത്തെ തുടർന്നുള്ള മാനസിക സമ്മർദമാണ് ആശാലതയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവരുടെ ആരോപണങ്ങൾക്ക് വിരുദ്ധമായ വിവരങ്ങളാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ആശാലത നേരത്തെ തന്നെ നിരാശയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് സൂചന. ഐസ്ക്രീമിൽ എലിവിഷം കലർത്തി കഴിച്ച് ഗുരുതരാവസ്ഥയിലായ ആശാലത ചികിത്സയിലിരിക്കെ ഓഗസ്റ്റ് ഒമ്പതിനാണ് മരിച്ചത്.
സംസ്ഥാനത്ത് ഭരണ മാറ്റത്തിന് പിന്നാലെ രാഷ്ട്രീയ താൽപര്യത്തോടെ നടത്തിയ സ്ഥലംമാറ്റത്തിന്റെ ഇരയാണ് ആശാലതയെന്നായിരുന്നു ഉയർന്ന ആരോപണം. കുടുംബവും സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് എഡിഎമ്മിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. ചികിത്സയിൽ കഴിയുന്നതിനിടെ പൊലീസ് ആശാലതയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
വീട്ടിലും ഓഫീസിലും ഒറ്റപ്പെട്ടതായി തോന്നിയിരുന്നുവെന്നും അതുമൂലം മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്നും ആശാലത മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ആർക്കെതിരെയും പരാതിയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കാൻ തീരുമാനിച്ചതെന്നും മൊഴിയിലുണ്ടെന്നാണ് വിവരം. അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് കൈമാറിയ ശേഷം റവന്യൂ കമ്മീഷണർക്ക് സമർപ്പിക്കും.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!