Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:20 PM IST
Kerala

ലഹരിക്കെതിരെ ‘തൂഫാൻ’ രണ്ടാംഘട്ടം; കുടുംബശ്രീയും ഹരിതകർമ്മ സേനയും ഭാഗമാകും, 1200 തദ്ദേശ സ്ഥാപനങ്ങളിലും പതാക ഉയർത്തും

ന്യൂസ് ഡെസ്ക് 5 September 2026, 4:59 pm
SHARE

സംസ്ഥാനത്ത് ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒന്നാംഘട്ട പ്രവർത്തനങ്ങൾ തുടരുന്നതിനൊപ്പം രണ്ടാംഘട്ടവും ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളെ മുൻനിർത്തിയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്കായിരിക്കും രണ്ടാംഘട്ടത്തിൽ പ്രധാന പരിഗണന. കുടുംബശ്രീ, ഹരിതകർമസേന എന്നിവയെയും പദ്ധതിയുടെ ഭാഗമാക്കും. 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ ദിവസം തൂഫാൻ പതാക ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി വാർഡ് തലത്തിൽ തൂഫാൻ സമിതികൾ രൂപീകരിക്കും. തൂഫാൻ ഗ്രാമസഭകൾ ചേരുകയും ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ‘തൂഫാൻ വാരിയേഴ്സിനെ’ കണ്ടെത്തുകയും ചെയ്യും. വാർഡുകളിൽ ബീറ്റ് പൊലീസ് സംവിധാനവും ശക്തമാക്കും. ജനജാഗ്രതാ സമിതികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി തൂഫാൻ സന്ദേശം വീടുകളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് മയക്കുമരുന്നെന്നും ലഹരി മാഫിയ ശക്തമാണെന്നും ചെന്നിത്തല പറഞ്ഞു. ലഹരിക്ക് അടിമപ്പെട്ടവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ആശുപത്രികളിൽ ‘തൂഫാൻ കെയർ’ ആരംഭിക്കും. സർക്കാർ-സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് അമ്മമാരുടെയും സഹോദരിമാരുടെയും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →