‘ഇതുകൊണ്ട് തിരിച്ചടി മറികടക്കാനാകില്ല’; സിപിഐഎം കരട് റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനം
വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാനായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിനെതിരെ സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. റിപ്പോർട്ട് ശുഷ്കമാണെന്നും ബ്രാഞ്ച് തലം മുതൽ നടന്ന ചർച്ചകളുടെ അന്തസത്ത ഇതിൽ പ്രതിഫലിച്ചിട്ടില്ലെന്നും നേതാക്കൾ വിമർശിച്ചു.
പരമ്പരാഗത രീതിയിലുള്ള പ്രശ്നപരിഹാരവും റിപ്പോർട്ട് തയ്യാറാക്കലും ഇനി മതിയാകില്ലെന്നും നേതാക്കൾ പറഞ്ഞു. നിലവിലെ റിപ്പോർട്ടുമായി വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലേക്ക് പോകാനാകില്ലെന്നും അഭിപ്രായമുയർന്നു. പി. ജയരാജൻ, എം.ബി. രാജേഷ്, ജെ. മേഴ്സിക്കുട്ടിയമ്മ, എൻ.എൻ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കളാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെ വിമർശിച്ചത്.
ബ്രാഞ്ച് ശക്തിപ്പെടുത്തണം, ജനബന്ധം മെച്ചപ്പെടുത്തണം തുടങ്ങിയ പതിവ് നിർദേശങ്ങൾ മാത്രമാണ് റിപ്പോർട്ടിലുള്ളതെന്നും ഇതുകൊണ്ടുമാത്രം പാർട്ടി നേരിടുന്ന തിരിച്ചടി മറികടക്കാനാകില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
“അസാധാരണ സാഹചര്യത്തിൽ അസാധാരണമായ നടപടിയാണ് വേണ്ടത്. അതിന് പര്യാപ്തമല്ല നിലവിലെ റിപ്പോർട്ട്” എന്നായിരുന്നു എം.ബി. രാജേഷിന്റെ വിമർശനം. കണ്ണൂരിൽ നിന്നുള്ള ടി.വി. രാജേഷും പാലക്കാട് നിന്നുള്ള എൻ.എൻ. കൃഷ്ണദാസും സമാന വിമർശനങ്ങൾ ഉന്നയിച്ചു. അതേസമയം സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് സമാപിക്കും.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!