പൊരുതിക്കയറിയ ലങ്കൻ വീര്യം; ഇന്ത്യയെ വെള്ളം കുടിപ്പിച്ച് അഞ്ചാം ദിനം സമനില തൂക്കി; രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി ദിനുഷയുടെ മാജിക്
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കു സമനില. രണ്ടാം ടെസ്റ്റും വിജയിച്ച് ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരമെന്ന ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി സോണൽ ദിനുഷയും കൂട്ടരും. ഫോളോ ഓണിനയക്കപ്പെട്ടിട്ടും ബാറ്റിങ് നിരയുടെ കരുത്തിൽ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് വിജയത്തോളം പോന്ന സമനില. രണ്ടാം ഇന്നിങ്സിൽ ഫോളോ ഓൺ ചെയ്ത ശ്രീലങ്ക അവസാന ദിവസം ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 429 റൺസെടുത്തുനിൽക്കെ, ഇരു ടീമുകളും സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു.
ആദ്യ മത്സരം വിജയിച്ച ഇന്ത്യ 1–0ന് പരമ്പര സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിലും സെഞ്ചറി തികച്ച ശ്രീലങ്കൻ മധ്യനിര താരം സോനൽ ദിനുഷയാണ് ഇന്ത്യയുടെ വിജയ സാധ്യതകൾ ഇല്ലാതാക്കിയത്. ഫോളോ ഓൺ ചെയ്ത് അഞ്ചാം ദിനം ബാറ്റിങ് തുടർന്ന ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 429 റൺസിൽ നിൽക്കെ മത്സരം അവസാനിച്ചു.
ആറിന് 229 റൺസെന്ന നിലയിൽ അവസാനദിനം ബാറ്റിങ് ആരംഭിച്ച ലങ്കയുടെ മൂന്ന് വിക്കറ്റുകൾ മാത്രമാണ് അഞ്ചാം ദിനം ഇന്ത്യയ്ക്ക് വീഴ്ത്താനായത്. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടിയ സോണൽ ദിനുഷയാണ് ഇന്ത്യയ്ക്കും വിജയത്തിനുമിടയിൽ വിലങ്ങുതടിയായത്. 264 പന്തുകൾ നേരിട്ട താരം 133* റൺസുമായി പുറത്താകാതെ നിന്നു.
പരമ്പരയിൽ ദിനുഷയുടെ മൂന്നാം സെഞ്ചുറിയായിരുന്നു ഇത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ മൂന്ന് സെഞ്ചുറികൾ നേടുന്ന മൂന്നാമത്തെ ശ്രീലങ്കൻ ബാറ്ററായിരിക്കുകയാണ് ദിനുഷ. അരവിന്ദ ഡിസിൽവയും കുമാർ സംഗക്കാരയുമാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവർ. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന എട്ടാമത്തെ ലങ്കൻ താരം കൂടിയാണ് ദിനുഷ.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി സ്പിന്നർമാരായ മാനവ് സുത്താറും രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, സരാൻഷ് ജെയിൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.
ആറിന് 229 റൺസെന്ന നിലയിൽ അവസാനദിനം ബാറ്റിങ് ആരംഭിച്ച ലങ്കയ്ക്ക് സോണൽ ദിനുഷ – കെഷാര നുവാന്ത കൂട്ടുകെട്ടാണ് രക്ഷയായത്. അഞ്ചാം ദിനം ഇന്ത്യയുടെ ക്ഷമയെ പരീക്ഷിച്ച ഈ സഖ്യം ആദ്യ സെഷൻ പൂർണമായും പിടിച്ചുനിന്നു. ബൗളർമാരെ മാറ്റി മാറ്റി പരീക്ഷിച്ചിട്ടിും ഈ കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യയ്ക്കായില്ല. ഒടുവിൽ 150 പന്തിൽ നിന്ന് 46 റൺസെടുത്ത നുവാന്തയെ സ്ലിപ്പിൽ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച് മാനവ് സുതാറാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഏഴാം വിക്കറ്റിൽ ഒന്നിച്ച ഈ സഖ്യം 242 പന്തുകൾ നേരിട്ട് 112 റൺസ് സ്‌കോർ ബോർഡിൽ ചേർത്ത ശേഷമാണ് പിരിഞ്ഞത്. 82-ാം ഓവറിൽ പുതിയ പന്തെടുത്തിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യയ്ക്ക് 105-ാം ഓവർ വരെ കാക്കേണ്ടി വന്നു.
പിന്നാലെ 28 പന്തുകൾ നേരിട്ട് രണ്ടു റൺസെടുത്ത പ്രഭാത് ജയസൂര്യയെ രവീന്ദ്ര ജഡേജ മടക്കിയെങ്കിലും ഒമ്പതാം വിക്കറ്റിൽ ഒന്നിച്ച ദിനുഷ – ലഹിരു കുമാര സഖ്യവും ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചു. 169 പന്തുകൾ നേരിട്ട ഈ സഖ്യം 47 റൺസ് കൂട്ടിച്ചേർക്കുകയും ചെയതു. 90 പന്തുകൾ നേരിട്ട കുമാര 12 റൺസെടുത്താണ് പുറത്തായത്. തുടർന്നെത്തിയ അസിത ഫെറാൻഡോയും 24 പന്തുകൾ പിടിച്ചു നിന്നതോടെ ഇന്ത്യ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.
തുടർച്ചയായ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചുറി നേടിയ പസിന്ദു സൂര്യബന്ദാര (173 പന്തിൽ 92), കാമിന്ദു മെൻഡിസ് (92 പന്തിൽ 55), കാമിൽ മിഷാര (39 പന്തിൽ 32) എന്നിവരുടെ ബാറ്റിങ് മികവിലാണ് രണ്ടാം ഇന്നിങ്സിൽ തുടക്കത്തിൽ ലങ്ക ഇന്ത്യൻ ബൗളിങ്ങിനെതിരേ പിടിച്ചു നിന്നത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 503 റൺസടിച്ച് ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറേലും സെഞ്ചറി നേടിയതോടെയാണ് ഇന്ത്യ മികച്ച സ്കോറിലേക്കെത്തിയത്. 193 പന്തുകൾ നേരിട്ട ദേവ്ദത്ത് പടിക്കല്‍ 117 റൺസാണ് ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കിയത്. 177 പന്തുകളിൽനിന്ന് ധ്രുവ് ജുറേൽ 115 റൺസും കണ്ടെത്തി. ഋഷഭ് പന്ത് (89 പന്തിൽ 63), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (108 പന്തിൽ 50) എന്നിവർ അര്‍ധ സെഞ്ചറി തികച്ചു. ശ്രീലങ്കയ്ക്കായി അസിത ഫെർണാണ്ടോ നാലു വിക്കറ്റുകൾ വീഴ്ത്തി.
ഗംഭീറിന്റെ പെറ്റ് ഹർഷീത് റാണ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്ന് പുറത്ത്; ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിലും റാണയില്ല
കാവി വേണ്ട, നീല തന്നെ മതി; ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്സി കാവിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന് ഹോക്കി ഇന്ത്യ