Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:21 PM IST
Kerala

‘മക്കളിൽ’ മരുമകൾ ഉൾപ്പെടില്ല; മരുമകളും പേരക്കുട്ടിയും ജീവനാംശം നൽകണമെന്ന പെൻഷൻകാരിയായ 83-കാരിയുടെ ഹർജി തള്ളി ഹൈക്കോടതി

ന്യൂസ് ഡെസ്ക് 10 September 2026, 12:00 pm
SHARE

മരുമകൾ ‘മക്കൾ’ എന്ന നിർവചനത്തിൽ ഉൾപ്പെടില്ലെന്ന് കേരള ഹൈക്കോടതി. വിദ്യാർത്ഥിയായ കൊച്ചുമകളോട് മുത്തശ്ശിക്ക് ജീവനാംശം നൽകാൻ നിർദേശിക്കാനാകില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ വ്യക്തമാക്കി. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള 2007ലെ നിയമപ്രകാരമാണിത്.

മരിച്ച മകന്റെ ഭാര്യയിൽനിന്നും മകളിൽനിന്നും പ്രതിമാസം 15,000 രൂപ വീതം ജീവനാംശം ആവശ്യപ്പെട്ട് 83കാരിയായ മുത്തശ്ശി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. മരുമകൾക്ക് ലഭിക്കുന്ന കുടുംബ പെൻഷനിൽ വിഹിതം അനുവദിക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടിരുന്നു.

ഹർജിക്കാരിയുടെ മകൻ കെഎസ്ഇബിയിൽ സീനിയർ സൂപ്രണ്ടായിരുന്നെന്നും മകന്റെ സർവീസ് ആനുകൂല്യങ്ങളിൽനിന്ന് 12.28 ലക്ഷം രൂപ ഹർജിക്കാരിക്ക് നേരിട്ട് നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ഹർജിക്കാരിക്ക് സ്വന്തമായി സർവീസ് പെൻഷൻ ലഭിക്കുന്നുണ്ടെന്നതും കോടതി പരിഗണിച്ചു.

കൊച്ചുമകൾക്കെതിരായ ജീവനാംശ ആവശ്യം പരിഗണിക്കവെ, കൊച്ചുമകൾ വിദ്യാർത്ഥിയാണെന്നും വിദ്യാഭ്യാസ വായ്പയുടെ സഹായത്തോടെയാണ് പഠനം തുടരുന്നതെന്നും ഈ സാഹചര്യത്തിൽ കൊച്ചുമകളോട് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

മരിച്ച മകന്റെ ഭാര്യയ്ക്ക് ലഭിക്കുന്ന കുടുംബ പെൻഷനിൽ മുതിർന്ന പൗരന് വിഹിതം ആവശ്യപ്പെടാൻ മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമത്തിൽ വ്യവസ്ഥയില്ല. അത്തരമൊരു അവകാശവാദമുണ്ടെങ്കിൽ മറ്റ് നിയമപരമായ മാർഗങ്ങൾ തേടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →