അതിമാരക കളനാശിനി പാരക്വാറ്റ് നിരോധനം: അന്തിമ ഉത്തരവ് വൈകരുത്
ഡോ ജോസ് ജോസഫ്
ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകൾ ആത്മഹത്യ ചെയ്യാൻ തെരഞ്ഞെടുക്കുന്ന മാരക കളനാശിനി പാരക്വാറ്റിന് അവസാനം ഇന്ത്യയിലും നിരോധനം വരുന്നു.ഇതിൻ്റെ ഭാഗമായി ‘പാരക്വാറ്റ് ഡൈക്ലോറൈഡ് നിരോധന ഉത്തരവ്, 2026’ – ൻ്റെ കരട് ജൂലൈ 13 ന് കേന്ദ്രം ഗസറ്റിൽ പ്രസിദ്ധീകരിച്ചു, അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് പൊതുജനങ്ങൾക്കും ഈ കളനാശിനിയുടെ വ്യാപരവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തെ അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാന തീയതി കഴിഞ്ഞ ഓഗസ്റ്റ് 13-ന് അവസാനിച്ചു.പാരക്വാറ്റ് നിരോധനം പരിശോധിക്കാൻ 2026 ജനുവരിയിൽ കേന്ദ്ര ഗവണ്മെൻ്റ് കൃഷി ശാസ്ജ്ഞരും ഡോക്ടർമാരും അടങ്ങിയ ഒരു വിദഗ്ദ സമിതിയെ നിയമിച്ചിരുന്നു. ജൂണിൽ സമിതി റിപ്പോർട്ട് സമർപ്പിച്ചു.പാരക്വാറ്റ് സുരക്ഷയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങൾ പരിശോധിച്ച വിദഗ്ദ സമിതി ഏകകണ്ഠേന ഈ കളനാശിനി നിരോധിക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. റിപ്പോർട്ട് പരിഗണിച്ച കേന്ദ്ര ഗവണ്മെൻ്റ് 1968-ലെ കേന്ദ്ര കീടനാശിനി നിയമത്തിൻ്റെ സെക്ഷൻ 27 പ്രകാരമാണ് പാരക്വാറ്റ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. അന്തിമ വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ രാജ്യത്ത് പാരാക്വാറ്റ് ഡൈക്ലോറൈഡിന്റെ ഇറക്കുമതി, നിർമ്മാണം, വിതരണം, വില്പന, കൃഷിയിടങ്ങളിലെ ഉപയോഗം എന്നിവക്കെല്ലാം സമ്പൂർണ്ണ നിരോധനം നിലവിൽ വരും.
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൂന്നാമത്തെ കളനാശിനി
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൂന്നാമത്തെ കളനാശിനിയാണ് പാരക്വാറ്റ് ഡൈക്ലോറൈഡ്.ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കളനാശിനികളിലൊന്നാണിത്.2023-24 ൽ 1.05 ലക്ഷം ടൺ പാരക്വാറ്റാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്.പാരക്വാറ്റ് ഒരു നോൺ-സെലക്ടീവ് കോൺടാക്റ്റ് കളനാശിനിയാണ്. വേരുകളെ ബാധിക്കാതെ സമ്പർക്കത്തിൽ വരുന്ന എല്ലാ സസ്യങ്ങളുടെയും പച്ച ഭാഗങ്ങൾ നശിപ്പിക്കുന്നു.65 വർഷമായി പാരക്വാറ്റ് വിപണിയിലുണ്ട്.1961-ൽ ഇംപീരിയൽ കെമിക്കൽ ഇൻഡസ്ട്രീസ് (ഐസിഐ) എന്ന കമ്പനി ആദ്യമായി ബ്രിട്ടനിൽ പാരക്വാറ്റ് വ്യാവസായികമായി ഉത്പാദിപ്പിച്ചു തുടങ്ങി.1962-ൽ ഇത് ഗ്രാമക്സോൺ എന്ന വാണിജ്യ ബ്രാൻഡിൽ ലഭ്യമായി. 1993-ൽ ഐസിഐയുടെ പുനഃസംഘടനയ്ക്ക് ശേഷം, പുതുതായി രൂപീകരിച്ച സെനെക്ക കമ്പനി പാരക്വാറ്റ് നിർമ്മാണത്തിൻ്റെ അവകാശിയായി. 2000-ൽ, സെനെക്കയെ സ്വിസ് കമ്പനിയായ നൊവാർട്ടിസ് അഗ്രോകെമിക്കൽസ് എന്ന കമ്പനിക്ക് വിറ്റു, കമ്പനി പിന്നീട് സ്വിറ്റ്സർലൻഡിൽ ആസ്ഥാനമുള്ള സിൻജെൻ്റ എജി എന്ന് പേര് മാറ്റി. 2016-ൽ, ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ കെംചൈന സിൻജെൻ്റ വാങ്ങി. സിൻജെൻ്റക്ക് പുറമെ ആഗോള വ്യാപകമായി 377 കമ്പനികൾ ഈ കളനാശിനിയുടെ ‘ജെനറിക് ‘ ഫോർമുലേഷനുകൾ ഉല്പാദിപ്പിക്കുന്നു.
പാരക്വറ്റും പാർക്കിൻസൺസ് രോഗവും
പതിറ്റാണ്ടുകളായി, പാരക്വാറ്റുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യരിൽ രക്തവും തലച്ചോറും തമ്മിലുള്ള അതിർവരമ്പുകൾ മറികടന്ന് ഈ രാസവസ്തു തലച്ചോറിൽ എത്തില്ലെന്നായിരുന്നു വിശ്വാസം.എന്നാൽ 2000 കളുടെ തുടക്കത്തിൽ നടത്തിയ പഠനങ്ങളിൽ ഈ രാസവസ്തു തലച്ചോറിലേക്ക് പ്രവേശിക്കുമെന്ന് കണ്ടെത്തി. ഒരിക്കൽ തലച്ചോറിൽ എത്തിയാൽ പാർക്കിൻസൺസ് രോഗം ലക്ഷ്യമിട്ടുള്ള ഡോപാമൈൻ ഉത്പാദിപ്പിക്കുന്ന ന്യൂറോണുകളെ ബാധിക്കും.പാർക്കിൻസൺസുമായി ബന്ധപ്പെട്ട ഒരു പ്രോട്ടീൻ കുമിഞ്ഞു കൂടാൻ പാരാക്വാറ്റ് പ്രോത്സാഹിപ്പിക്കുമെന്ന് ഇതു സംബന്ധിച്ച പഠനം നടത്തിയ ഡോ. ഡൊണാറ്റോ ഡി മോണ്ടെ പറയുന്നു.പാരക്വാറ്റുമായി ദീർഘകാല സമ്പർക്കമുണ്ടായവർക്ക് ഈ രോഗം വരാനുള്ള സാധ്യത രണ്ടര മടങ്ങ് കൂടുതലാണെന്നാണ് കാലിഫോർണിയ സർവകലാശാലയിലെ ന്യൂറോളജി പ്രൊഫസറായ ഡോ. കരോലിൻ ടാനർ നേതൃത്വം നൽകിയ ഒരു പഠനത്തിൽ കണ്ടെത്തിയത്,പാരക്വാറ്റ് പാർക്കിൻസൺസ് പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കും. സിൻജെന്റയുടെ മുൻഗാമികളായ ഇംപീരിയൽ കെമിക്കൽ ഇൻഡസ്ട്രീസിലെയും ഷെവ്‌റോൺ കെമിക്കലിലെയും ഗവേഷകർ 1970-കളിൽ തന്നെ പാരക്വാറ്റ് മസ്തിഷ്ക കോശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തിയിരുന്നു.പരിസ്ഥിതി വർക്കിംഗ് ഗ്രൂപ്പിന്റെ ഒരു പ്രോജക്റ്റായ ‘ദി ന്യൂ ലീഡ്’എന്ന വാർത്താ വെബ്‌സൈറ്റിന് 2022-ൽ ലഭിച്ച കോർപ്പറേറ്റ് രേഖകൾ ഇക്കാര്യം വെളിപ്പെടുത്തുന്നു.
അമേരിക്കയിൽ പാരക്വാറ്റിനെതിരെ വ്യവഹാര പ്രളയം
പാരക്വാറ്റ് കളനാശിനി പാർക്കിൻസൺസ് രോഗം ഉൾപ്പെടെ നാഡീവ്യവസ്ഥയുടെ ശിഥിലീകരണത്തിന് കാരണമായി എന്ന പരാതിയുമായി അമേരിക്കൻ കോടതികളിൽ ആയിരക്കണക്കണക്കിന് കേസുകൾ പാരക്വാറ്റ് നിർമ്മാതാക്കളായ ബഹുരാഷ്ട്ര കമ്പനി സിൻജെൻ്റയ്ക്കും വിതരണക്കാർക്കുമെതിരെ നിലവിലുണ്ട്.2021-ൽ, കുടുംബത്തിന് പാർക്കിൻസൺസ് രോഗത്തിന്റെ ചരിത്രമൊന്നുമില്ലെങ്കിലും, പാരക്വാറ്റ് സമ്പർക്കത്തെത്തുടർന്ന് പാർക്കിൻസൺസ് ബാധിച്ച ഏകദേശം 300 പേർക്ക് നിർമ്മാതാക്കളായ സിൻജെൻ്റ കമ്പനി 187.5 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കാൻ ഇല്ലിനോയിസ് സ്റ്റേറ്റ് കോടതി വിധിച്ചു.6,600-ലധികം ക്ലെയിമുകൾക്ക് മേൽനോട്ടം വഹിച്ച സതേൺ ഇല്ലിനോയിസിലെ ഒരു ഫെഡറൽ കോടതി, ഒരു നിർദ്ദിഷ്ട ആഗോള ഒത്തുതീർപ്പ് നടത്തുന്നതിനുള്ള ഒരു ഫണ്ടിന് ഈ വർഷം അംഗീകാരം നൽകി.പാരക്വാറ്റ് കളനാശിനി തുടർച്ചയായി പ്രയോഗിക്കുന്ന സ്ഥലങ്ങളുടെ സമീപത്തുള്ള താമസം പാർക്കിൻസൺസ് രോഗത്തിനും നാഡീവ്യൂഹത്തിൻ്റെ തകർച്ചക്കും കാരണമാകുമെന്നാണ് ഇരകളുടെ വാദം. ഇക്കാര്യം കമ്പനി അധികൃതർക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അത് പൊതുസമൂഹത്തിൽ നിന്നും മറച്ചുവെച്ചു എന്നും ഇരകൾ തെളിവ് സഹിതം കോടതികളിൽ വാദിക്കുന്നു.
പാരക്വാറ്റ് തൈറോയിഡ്, ജനന വൈകല്യങ്ങൾക്ക് കാരണം
അമേരിക്കയിലെ ഏറ്റവും വലിയ കാർഷിക സംസ്ഥാനമായ കാലിഫോർണിയ 2026 ഓഗസ്റ്റിൽ പാരക്വാറ്റ് ഉപയോഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാൻ തീരുമാനിച്ചു.2024- ൽ കാലിഫോർണിയ സ്റ്റേറ്റ് കീടനാശിനി നിയന്ത്രണ അതോറിറ്റിയോട് പാരക്വാറ്റ് സുരക്ഷിതത്വം വീണ്ടും വിലയിരുത്താൻ അധികാരികൾ ആവശ്യപ്പെട്ടിരുന്നു.ആ വർഷം അവസാനം പുറത്തിറങ്ങിയ നിയന്ത്രണ ഏജൻസിയുടെ പ്രാഥമിക കണ്ടെത്തലുകൾ,പാരക്വാറ്റ് തൈറോയ്ഡ് ഗ്രന്ഥികൾക്ക് ദോഷഫലങ്ങൾ ഉണ്ടാക്കുമെന്നും ജനന വൈകല്യങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്നും സൂചിപ്പിക്കുന്നു.ഇതിനെ തുടർന്നാണ് കാലിഫോർണിയയിൽ പാരക്വാറ്റ് നിരോധിക്കാനുള്ള തീരുമാനം. ഈ കളനാശിനി പ്രജനനത്തെയും ഭ്രൂണവളർച്ചയെയും തകരാറിലാക്കുന്ന ഒരു മാരക രാസവസ്തുവാണ്. ഇത് പ്രയോഗിക്കുന്ന പ്രദേശങ്ങൾക്കടുത്ത് താമസിക്കുന്ന ഗർഭിണികളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.ഒരിക്കൽ ഈ വിഷം മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ രക്തപ്രവാഹത്തിലേക്ക് അതിവേഗം ആഗിരണം ചെയ്യപ്പെടുന്നു.അതിലൂടെ അത് വൃക്കകൾ, കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിൽ എത്തും. ശ്വാസകോശങ്ങൾക്കാണ് ഏറ്റവും കൂടുതൽ നാശം വരുത്തുക.ശ്വാസകോശം മറ്റ് അവയവങ്ങളെ അപേക്ഷിച്ച് 10 മുതൽ 20 മടങ്ങ് വരെ വേഗത്തിൽ അതിനെ ആഗിരണം ചെയ്യുന്നു. രക്തം ഫിൽട്ടർ ചെയ്യുന്ന വൃക്കകളിൽ കുമിഞ്ഞു കൂടും.ഒരിക്കൽ അകത്തുകടന്നാൽ, പാരക്വാറ്റ് പ്രതിപ്രവർത്തനങ്ങളുടെ ഒരു നീണ്ട പരമ്പരയ്ക്ക് തന്നെ കാരണമാകുന്നു,
പാരക്വാറ്റ് പരിസ്ഥിതിയെ നശിപ്പിക്കും
മണ്ണിലും ജലാശയങ്ങളിലും കുമിഞ്ഞു കൂടുന്ന, അറിയപ്പെടുന്ന ഒരു രാസ മലിനീകരണ വസ്തുവാണ് പാരക്വാറ്റ്. ഭക്ഷ്യ ശൃംഖലയിൽ പ്രവേശിച്ചാൽ അത്യന്തം അപകടകാരിയായി മാറും.ജലാശയങ്ങളിൽ കള നശീകരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത് ജലസ്രോതസ്സുകളെ മലിനമാക്കും. ജലജീവികളുടെ വൈവിധ്യത്തിനും ഹാനികരമാണ്. കടലിലെ മത്സ്യങ്ങളെക്കാൾ ശുദ്ധജല മത്സ്യങ്ങൾക്കാ’ണ് പാരക്വാറ്റ് കൂടുതൽ അപകടകരം. ഇത് ഉള്ളിൽ ചെല്ലുന്ന മനുഷ്യർക്കും ജീവികൾക്കും മാത്രമല്ല, പരിസ്ഥിതിക്കും അപകടകരമാണ്. കളകൾ നശിച്ചതിനു ശേഷവും പാരാക്വാറ്റ് മണ്ണിൽ തന്നെ ദീർഘകാലം തുടരും. പാരക്വാറ്റിന്റെ “അർദ്ധായുസ്സ്”, അഥവാ ഒരു നിശ്ചിത അളവിൽ കീടനാശിനി വിഘടിച്ച് പകുതിയായി കുറയാൻ എടുക്കുന്ന സമയം ആറ് വർഷമാണ്.
ആത്മഹത്യക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കീടനാശിനി
വികസ്വര രാജ്യങ്ങളിലെ കാർഷിക മേഖലകളിൽ ആത്മഹത്യയ്ക്ക് തെരഞ്ഞെടുക്കുന്ന പ്രധാന മാർഗങ്ങളിലൊന്നാണ് കീടനാശിനികൾ, കീടനാശിനികളുമായി ബന്ധപ്പെട്ട് ലോകത്ത് പ്രതിവർഷം ഒരു ലക്ഷത്തിൽ അധികം മരണങ്ങൾ നടക്കുന്നുവെന്നാണ് ഏകദേശ കണക്ക്.ഇന്ത്യയിലാണ് ലോകത്ത് കീടനാശിനിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത്.2024-ൽ ഇന്ത്യയിൽ 26,921 പേർ കീടനാശിനി കഴിച്ച് മരിച്ചു.ഈ മരണങ്ങളിൽ നാലിൽ ഒന്നും – (7,123 ) തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ നിന്നായിരുന്നുവെന്ന് 2026 മെയ് മാസം നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലും ആളുകൾ ആത്മഹത്യക്ക് ഏറ്റവും കൂടുതൽ ഉപയോഗിച്ച കളനാശിനി പാരക്വാറ്റ് ആയിരുന്നു.2026 ഫെബ്രുവരിയിൽ ഇന്ത്യൻ ജേണൽ ഓഫ് ക്രിട്ടിക്കൽ കെയർ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് ,2015 നും 2024 നും ഇടയിൽ പഠനവിധേയമാക്കിയ 166 പാരാക്വാറ്റ് വിഷബാധ കേസുകളിൽ
ഏകദേശം 80 ശതമാനം പേരും മരണമടഞ്ഞുവെന്നാണ്. ആത്മഹത്യാ നിരക്കിൽ ഏറ്റവും മുന്നിലുള്ള 10 രാജ്യങ്ങളിൽ ഒന്നാണ് അറ്റ്ലാൻ്റിക് തീരത്തുള്ള ദക്ഷിണ അമേരിക്കൻ രാജ്യമായ സുരിനാം. ഈ രാജ്യത്ത് ആളുകൾ ആത്മഹത്യക്ക് ഉപയോഗിക്കുന്ന പ്രധാന ഉപാധി കുറഞ്ഞ വിലയ്ക്ക് എളുപ്പത്തിൽ ലഭിക്കുന്ന പാരക്വാറ്റ് കളനാശിനിയാണ്.
ഇന്ത്യയിൽ കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് പ്രധാന കാരണം പാരക്വാറ്റ്
ഇന്ത്യയിൽ കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് പാരക്വാറ്റ് ഉള്ളിൽ ചെന്നാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത് ഏറ്റവും രൂക്ഷം. ആറ് വർഷത്തെ കണക്കുകൾ പഠന വിധേയമാക്കിയ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഈ കളനാശിനി അടിയന്തിരമായി നിയന്ത്രിക്കണമെന്ന് തമിഴ്നാട്ടിലെയും ആന്ധ്രപ്രദേശിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതിയിരുന്നു.. പാരക്വാറ്റ് വിഷബാധയേറ്റ 80.9 ശതമാനം ആളുകളും ആശുപത്രിയിൽ അഡ്മിറ്റാകുന്ന ഘട്ടത്തിൽ തന്നെ മൃതിയടയുന്നതായി ഈ ഡോക്ടർമാരുടെ പഠനത്തിൽ കണ്ടെത്തി.പാരക്വാറ്റ് നിരോധിച്ച ദക്ഷിണ കൊറിയ, തായ്വാൻ എന്നീ രാജ്യങ്ങളിൽ കുറഞ്ഞ കാലം കൊണ്ട് കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ 50 ശതമാനത്തോളം കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.. ഈ കളനാശിനി സ്ഥിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ മുൻനിരയിൽ ഹൈദരാബാദിലെ ഡോക്ടേഴ്സ് എഗൻസ്റ്റ് പാരക്വാറ്റ് പോയിസൺ (ഡിഎപി പി ) എന്ന സംഘടനയുമുണ്ട്.പാരക്വാറ്റ് ഉള്ളിൽ
ചെന്നാൽ മരണനിരക്ക് ഏകദേശം 90 മുതൽ 95 ശതമാനം വരെയാണെന്നും അതിജീവന നിരക്ക് തീരെ കുറവാണെന്നും ഈ സംഘടന പറയുന്നു. അതിജീവിക്കുന്നവർ തന്നെ പിന്നീട് അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും.
കേരളത്തിൻ്റെ തോട്ടം മേഖലയിലും അപകടകാരി
‘ കേരളത്തിൻ്റെ തോട്ടം മേഖല ഈ കളനാശിനി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ഭീതിയിലാണ്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയോട് ചേർന്ന തേയില, ഏലം തോട്ട മേഖലകളാണ് കൂടുതൽ ഭീഷണി നേരിടുന്നത്. മറുമരുന്നില്ലാത്ത മാരക വിഷമാണ് പാരക്വാറ്റ്. നേരിയ അളവിൽ ഉള്ളിൽ ചെന്നാൽ പോലും മരണം സുനിശ്ചിതം.ഒരു ഗ്ലാസ് വേണമെന്നില്ല, ഒരു സ്പൂൺ ഉള്ളിൽ ചെന്നാലും മരിക്കും. മരണം വേദനാജനകമായിരിക്കും. കഷ്ടിച്ച് രക്ഷപ്പെടുന്ന കേസുകളിൽ വളരെക്കാലം കഴിയുമ്പോൾ പോലും ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ തകരാറിലാകും.കോട്ടയം മെഡിക്കൽ കോളേജിൽ 2025-ലെ ആദ്യത്തെ ആറ് മാസങ്ങളിൽ പാരക്വാറ്റ് വിഷബാധയേറ്റ് അഡ്മിറ്റായ 23 പേർ മരിച്ചു. ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച 26 പേരിൽ മൂന്ന് പേർ മാത്രമാണ് കഷ്ടിച്ച് രക്ഷപെട്ടത്.പാരക്വാറ്റ് അറിയാതെ ഉള്ളിൽ ചെന്നവരും കളനാശിനി തളിച്ചവരും ആത്മഹത്യക്ക് ഉപയോഗിച്ചവരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. വർഷങളായി കേരളത്തിലെ റബ്ബർ, തേയില, കാപ്പി, ഏലം തോട്ട മേഖലകൾ ഈ കളനാശിനിയുടെ അനിയന്ത്രിത ഉപയോഗത്തിൻ്റെ ഭീഷണിയിലാണ്.
ഈ കളനാശിനി ഉള്ളിൽ ചെന്നാൽ ഭക്ഷ്യവിഷ ബാധയുടെയും എലിപ്പനിയുടെയും മറ്റ് പകർച്ച വ്യാധികളുടെയും ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനാൽ കളനാശിനിയാക്ക് കാരണമെന്ന് തിരിച്ചറിയില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറയുന്നു. ആദ്യം വായിൽ പൊള്ളൽ ഏൽക്കും. പിന്നീട് ഛർദ്ദി ഉണ്ടാകാം.വൃക്ക, കരൾ തുടങ്ങിയ ആന്തരികാവയവങ്ങൾ ക്രമേണ തകരാറിലാകും.അവസാനം ശ്വാസകോശത്തെ ബാധിക്കും.42 ദിവസം വരെ ജീവിച്ചിരുന്നേക്കാമെങ്കിലും മരണം ദുസ്സഹമായിരിക്കും. കൂടിയ അളവിൽ ഉള്ളിൽ ചെന്നാൽ മരണം പെട്ടെന്നായിരിക്കും.
ഇന്ത്യയിൽ പാരക്വാറ്റ് ഉപയോഗം വ്യാപകം
ലോകാരോഗ്യ സംഘടന ‘മിതമായി അപകടകാരിയായ ‘ വിഷവസ്തുവിൻ്റെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നതെങ്കിലും അത്യന്തം മാരകമാണ് ഈ കളനാശിനി.ഇത് തേയില, കാപ്പി, റബ്ബർ എന്നീ തോട്ടവിളകളും ആപ്പിൾ, നെല്ല്, ഗോതമ്പ്, മക്കച്ചോളം എന്നീ ഭക്ഷ്യവിളകളും ഉൾപ്പെടെ 10 വിളകളിൽ മാത്രം ഉപയോഗിക്കാനാണ് കേന്ദ്രത്തിൻ്റെ അനുമതി. ജലാശയങ്ങളിലെ കളകൾ നീക്കാനും ഇത് തളിക്കാം.
10 വിളകളിൽ മാത്രം ഉപയോഗിക്കാൻ അംഗീകാരമുള്ള പാരക്വറ്റ് 23 വിളകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് നാല് വർഷം മുമ്പ് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്വർക്ക് (ഇന്ത്യ) പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നു. ശുപാർശ ചെയ്യപ്പെടാത്ത വിളകളിലും വ്യാപകമായി ഉപയോഗിക്കുന്നു. പാരക്വാറ്റ് ഡൈ ക്ലോറൈഡ് 24% എസ് എൽ എന്ന ഫോർമുലേഷനാണ് ഇന്ത്യയിൽ അനുവാദം. ഇതിൻ്റെ 24 ബ്രാൻഡുകൾ ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്നു.ചെറുകിട കർഷകരെ ലക്ഷ്യമിട്ട് ചില സംസ്ഥാനങ്ങളിൽ പാരക്വാറ്റ് 100 മില്ലിയുടെയും 200 മില്ലിയുടെയും ചെറിയ പാക്കറ്റുകളിൽ വിറ്റഴിക്കുന്നത് കൂടുതൽ അപകടം സൃഷ്ടിക്കുന്നു. ഒരു നിയന്ത്രണവുമില്ലാതെ വിറ്റഴിക്കുന്നതിനാൽ പാരക്വാറ്റ് ആത്മഹത്യക്ക് പുറമെ കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു.2025 ജൂലൈയിൽ കോതമംഗലത്ത് ഒരു യുവതി കാമുകനെ കൊന്നത് പാരക്വാറ്റ് വിഷം നൽകിയാണ്.
കേരളം 2011ൽ നിരോധിച്ചു, ഹൈക്കോടതി റദ്ദാക്കി
2011 -ൽ സംസ്ഥാന സർക്കാർ കേരളത്തിൽ പാരക്വാറ്റിൻ്റെ ഉപയോഗം നിരോധിച്ചു. നിരോധനം നിലനിന്നപ്പോഴും അയൽ സംസ്ഥാനങ്ങളിൽ ഇത് സുലഭമായി ലഭിക്കുമായിരുന്നു. നിരോധനത്തിനെതിരെ എഫ്എംസി ഇന്ത്യ, യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് തുടങ്ങിയ കീടനാശിനി നിർമ്മാണ കമ്പനികളും കീടനാശിനി നിർമ്മാണ അസോസിയേഷനുകളും തോട്ടം ഉടമകളും ഹൈക്കോടതിയെ സമീപിച്ചു.1968-ലെ ഇന്ത്യൻ കീടനാശിനി നിയമം അനുസരിച്ച്, ഒരു സംസ്ഥാന സർക്കാരിന് ഒരു കീടനാശിനി പ്രമാവധി 60 ദിവസത്തേക്ക് മാത്രമേ നിരോധിക്കാൻ സാധിക്കൂ. ഇത് പിന്നീട് 30 ദിവസത്തേക്ക് കൂടി നീട്ടാം.. ഇതിൻ്റെ അടിസ്ഥാനത്തിൽ 2022-ൽ കേരളത്തിലെ പാരക്വാറ്റ് നിരോധനം കേരളാ ഹൈക്കോടതി നീക്കി.2023-ഒക്ടോബറിൽ ഒഡീഷ സർക്കാർ ഈ കളനാശിനി 60 ദിവസത്തേക്ക് നിരോധിച്ചു. തെലുങ്കാന ഈ വർഷം മാർച്ചിൽ പാരക്വാറ്റിൻ്റെ ഉപയോഗം നിരോധിച്ചു.വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ചാണ് പാരക്വാറ്റ് നിരോധിക്കാനുള്ള കേന്ദ്രത്തിൻ്റെ ഇപ്പോഴത്തെ തീരുമാനം.
കളനാശിനി ഉല്പാദക കമ്പനിക്ക് ആഘാതം
ഇന്ത്യയിൽ പാരക്വാറ്റുമായി ബന്ധപ്പെട്ട് 1500 ലേറെ കമ്പനികൾക്ക് കേന്ദ്ര ഗവണ്മെൻ്റ് ലൈസൻസ് നൽകിയിട്ടുണ്ട്. ലൈസൻസുള്ള എല്ലാ കമ്പനികളും ഉല്പാദകരല്ല. ടെക്നിക്കൽ ഗ്രേഡ് ഇറക്കുമതി, ഫോർമുലേഷൻ ഉല്പാദനം, ബ്രാൻഡിംഗ്, റീ പാക്കിംഗ്, റീ ലേബലിംഗ്, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഈ ലൈസൻസുകൾ. ഇതിൽ നിർമ്മാണവുമായി നേരിട്ട് ബന്ധപ്പെട്ട ലൈസൻസുകൾ കുറവാണ്.1500 കോടി രൂപയാണ് പാരക്വാറ്റിൻ്റെ ഇന്ത്യയിലെ വാർഷിക വിപണി.ഇന്ത്യയിലെ വൻകിട കളനാശിനി ഉല്പാദകരായ യു പി എൽ കമ്പനിക്കായിരിക്കും നിരോധനത്തിൻ്റെ ഏറ്റവും വലിയ സാമ്പത്തിക ആഘാതം.മറ്റൊരു പ്രമുഖ പാരക്വാറ്റ് ഉല്പാദകരായ ധനുക്ക അഗ്രി ടെക് കമ്പനിയെയും ബാധിക്കും. റാലിസ് ഇന്ത്യ, കൊറമാൻഡൽ ഇൻ്റർനാഷണൽ എന്നീ കമ്പനികൾക്ക് നഷ്ടം താരതമ്യേന കുറവായിരിക്കും. പാരക്വാറ്റിൻ്റെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വാണിജ്യ ബ്രാൻഡ് ഗ്രാമക്സോണാണ്. 2023-ൽ ബഹുരാഷ്ട്ര കമ്പനി സിൻജെൻ്റയിൽ നിന്നും ക്രിസ്റ്റൽ ക്രോപ് പ്രൊട്ടക്ഷൻ എന്ന ഇന്ത്യൻ കമ്പനി ഗ്രാമക്സോണിൻ്റെ ഇന്ത്യൻ ട്രേഡ് മാർക്ക് അവകാശം വിലയ്ക്കു വാങ്ങി.പാരക്വാറ്റ് നിരോധനം ഈ കമ്പനിയെ നേരിട്ട് ബാധിക്കും ചൈനയിൽ നിന്നുമാണ് ഇന്ത്യയിലേക്ക് ഏറ്റവുവും കൂടുതൽ പാരക്വാറ്റിൻ്റെ ടെക്നിക്കൽ ഗ്രേഡ് ആക്ടീവ് ഇൻഗ്രേഡിയൻ്റ് ഇറക്കുമതി ചെയ്യുന്നത്. ഇത് നിർമ്മിക്കുന്ന ചൈനീസ് കമ്പനികൾക്കും ഇന്ത്യൻ ഇറക്കുമതിക്കാർക്കും നിരോധനം സാമ്പത്തിക നഷ്ടം ഉണ്ടാക്കും.പാരക്വാറ്റ് കളനാശിനി ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന കമ്പനികൾക്കും നഷ്ടമുണ്ടാകും.
അന്തിമ ഉത്തരവ് വൈകിപ്പിക്കാൻ നീക്കം
പാരക്വാറ്റ് നിരോധനം വൻ സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാൽ പരമാവധി വൈകിപ്പിക്കാനാണ് ഇന്ത്യയിലെ കളനാശിനി നിർമ്മാണ കമ്പനികളുടെ ശ്രമം.അന്തിമ നിരോധന ഉത്തരവിൽ ഒറ്റയടിക്കുള്ള നിരോധനം ഏർപ്പെടുത്തിയാൽ വൻ നിലവിൽ വൻ സ്റ്റോക്ക് കൈവശമുള്ള കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. നിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നും നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കാൻ അവസരം നൽകണമെന്നുമാണ് കമ്പനികളുടെ ആവശ്യം.പാരക്വാറ്റിൻ്റെ വിലക്കുറവും കർഷകർക്കിടയിലുള്ള പ്രിയവും തൊഴിലാളി ക്ഷാമവുമെല്ലാം അവർ നിരോധനത്തിനെതിരെ ചൂണ്ടിക്കാട്ടുന്നു.
എഴുപതിലേറെ രാജ്യങ്ങളിൽ പാരക്വാറ്റ് നിരോധനം
മറ്റ് രാജ്യങ്ങളിൽ നിരോധിക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്ത 66 കീടനാശിനികളുടെ ഇന്ത്യയിലെ തുടർന്നുള്ള ഉപയോഗം വിലയിരുത്താൻ 2013-ൽ കേന്ദ്ര കൃഷി വകുപ്പ് ഡോ അനുപം വർമ്മ കമ്മറ്റിയെ നിയോഗിച്ചിരുന്നു. കമ്മറ്റി 20l5 ൽ നൽകിയ റിപ്പോർട്ടിൽ പാരക്വാറ്റ് ഉൾപ്പെടെയുള്ള 27 കീടനാശിനികൾ ഇന്ത്യയിൽ നിരോധിക്കണോ എന്ന് വിശദമായ പഠനങ്ങൾക്കു ശേഷം 2018- ൽ തീരുമാനിക്കണമെന്ന് ശുപാർശ ചെയ്തു. 2018-ൽ ഇത് പരിശോധിക്കാൻ നിയോഗിച്ച എസ് മൽഹോത്ര കമ്മറ്റി പാരക്വാറ്റ് ഉൾപ്പെടെയുള്ള 27 കീടനാശിനികളും ഉടൻ നിരോധിക്കണമെന്ന് ശുപാർശ ചെയ്തു. കീടനാശിനി കമ്പനികളുടെ സമ്മർദ്ദമുയർന്നപ്പോൾ കേന്ദ്രം പാരക്വാറ്റ് നിരോധന നീക്കത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. യൂറോപ്യൻ യൂണിയനും ചൈനയും ഉൾപ്പെടെ 70-ലേറെ രാജ്യങ്ങളിൽ പാരക്വാറ്റ് നിരോധനം നിലവിലുണ്ട്.ഇന്ത്യയിൽ പൊതുജനാരോഗ്യം കണക്കിലെടുത്ത് വർഷങ്ങൾക്ക് മുമ്പെ നിരോധിക്കേണ്ട കളനാശിനിയായിരുന്നു പാരക്വാറ്റ്.പാരക്വാറ്റ് നിരോധിച്ചു കൊണ്ടുള്ള അന്തിമ ഉത്തരവ് വൈകിയാൽ അത് പൊതുജനാരോഗ്യത്തിലും പരിസ്ഥിതിയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന