Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:47 PM IST
Kerala

അത് സുകുമാരകുറുപ്പല്ല, പ്രചരിച്ച ചിത്രം ദാമോദര മേനോന്റേത്; സ്ഥിരീകരിച്ച് കേരള പൊലീസ്

ന്യൂസ് ഡെസ്ക് 28 August 2026, 3:56 pm
SHARE

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്നും ദാമോദര മേനോന്റേതാണെന്നാണ് പ്രാഥമിക നിഗമനമെന്നും സ്പെഷ്യൽ ബ്രാഞ്ച് എസിപി ബിജോയ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

ദാമോദര മേനോന്റെ പേരിൽ കരുമത്രയിൽ പത്ത് സെന്റ് ഭൂമിയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ പൊലീസ് പരിശോധിച്ചിട്ടുണ്ടെന്നും എസിപി വ്യക്തമാക്കി. പ്രചരിക്കുന്ന ചിത്രം ദാമോദര മേനോന്റേതാണെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ദാമോദര മേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് എസിപി ഫോണിൽ സംസാരിച്ചതായും പൊലീസ് വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങളുള്ള അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുകയാണെന്നാണ് അറിയിച്ചത്. 42 വർഷമായി പൊലീസ് അന്വേഷിക്കുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ഒരാളെക്കുറിച്ച് പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നു. മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ഇന്ത്യക്കാരിൽ നിന്നാണ് ചില ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചത്.

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് ദാമോദര മേനോന്റേതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏകദേശം 40 വർഷം മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. നിലവിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് ദാമോദര മേനോൻ.

Read More
s
ന്യൂസ് ഡെസ്ക്
View all posts →