Sunday, 9 August 2026
‘Honest storytelling is a powerful means of change
03:18:35 AM IST
Business

700 രൂപ ശമ്പളത്തിൽ നിന്ന് 11 സ്കൂളുകളുടെ ഉടമയായി, കൊറോണ വില്ലനായപ്പോൾ എല്ലാം തകർന്നു; ഒടുവിൽ തരിശുഭൂമിയിൽ മുരിങ്ങ നട്ട് ചരിത്രം തിരുത്തി സുരേഖ

SHARE

ജീവിതത്തിൽ പരാജയങ്ങൾ വരുമ്പോൾ തളർന്നിരിക്കുന്നവർ സുരേഖ രാജ്കുമാർ എന്ന ഈ കർണാടക സ്വദേശിനിയുടെ കഥയൊന്ന് കേൾക്കണം. 2005-ൽ വെറും 700 രൂപ മാസശമ്പളത്തിന് ജോലിക്ക് കയറി പിന്നീട് 11 സ്കൂളുകളുടെ ഉടമയായി മാറിയ വ്യക്തിയാണ് സുരേഖ. എന്നാൽ കോവിഡ് എന്ന മഹാമാരി അവരുടെ ജീവിതം തകിടംമറിച്ചു. അവിടെയും തളരാതെ 21 ഏക്കർ തരിശുഭൂമിയിൽ മുരിങ്ങ കൃഷി ആരംഭിച്ച സുരേഖ ഒറ്റ വർഷം കൊണ്ട് സ്വന്തമാക്കിയത് 70 ലക്ഷം രൂപ! ആരെയും അമ്പരപ്പിക്കുന്നതാണ് ഈ പോരാട്ടത്തിന്റെ കഥ.

​പ്രതിസന്ധികളെ തോൽപ്പിച്ച അധ്യാപിക

2005-ൽ ബി.എഡ് പൂർത്തിയാക്കിയ സുരേഖ വെറും 700 രൂപ ശമ്പളത്തിലാണ് അധ്യാപികയായി കരിയർ തുടങ്ങുന്നത്. പിന്നീട് ജോലിസ്ഥലത്ത് നേരിട്ട ചില ദുരനുഭവങ്ങളെത്തുടർന്ന് അവിടെ നിന്നും രാജിവെച്ചു. എന്നാൽ തോറ്റുകൊടുക്കാൻ അവർ ഒരുക്കമായിരുന്നില്ല. കയ്യിലുണ്ടായിരുന്ന ചെറിയ സമ്പാദ്യമായ 20,000 രൂപയും 30 വിദ്യാർത്ഥികളുമായി അവർ സ്വന്തമായി ഒരു സ്കൂൾ തുടങ്ങി. 2014 ആയപ്പോഴേക്കും കലബുറഗി ജില്ലയിലുടനീളം ‘ബസവ രത്ന’ എന്ന പേരിൽ 11 സ്കൂളുകളുടെ ശൃംഖലയായി അത് വളർന്നു. പ്രതിവർഷം 40 ലക്ഷത്തോളമായിരുന്നു അന്ന് അവരുടെ വരുമാനം. എന്നാൽ കോവിഡ് വന്നതോടെ ഓൺലൈൻ ക്ലാസുകളിലേക്ക് പഠനം മാറി, കുട്ടികൾ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് കൊഴിഞ്ഞുപോയതോടെ വരുമാനം വെറും അഞ്ചുലക്ഷമായി കൂപ്പുകുത്തി. അങ്ങനെയാണ് അവർ ആ നിർണ്ണായക തീരുമാനമെടുത്തത്. സ്കൂളുകൾ പൂട്ടി കൃഷിയിലേക്ക് ഇറങ്ങുക!

പരാജയത്തിൽ നിന്നും പാഠം പഠിച്ച് വൻവിജയം

സ്വന്തം നാടായ ഹൊനാഗുണ്ടയിലെ (Honagunta) വെള്ളമില്ലാത്ത 21 ഏക്കർ തരിശുഭൂമിയിലാണ് സുരേഖ മുരിങ്ങ കൃഷി (ODC3 ഇനം) തുടങ്ങിയത്. 40 ലക്ഷത്തോളം രൂപ വായ്പയെടുത്തും കടം വാങ്ങിയുമായിരുന്നു തുടക്കം. എന്നാൽ മുൻപരിചയമില്ലാത്തതിനാൽ ആദ്യവർഷം തന്നെ വലിയ തിരിച്ചടി നേരിട്ടു. 800 ക്വിന്റൽ മുരിങ്ങ വെറും 10 രൂപയ്ക്കാണ് അവർക്ക് വിൽക്കേണ്ടി വന്നത്.

എന്നാൽ അവിടെയും അവർ തളർന്നില്ല. രാസവളങ്ങൾ ഉപേക്ഷിച്ച് പൂർണ്ണമായും ഓർഗാനിക് രീതിയിലേക്ക് (ജീവാമൃതം, നീമാസ്ത്രം) കൃഷി മാറ്റി. 5 തേനീച്ചപ്പെട്ടികൾ കൂടി വെച്ചതോടെ വിളവ് 30% വർദ്ധിച്ചു. ​ഇന്ന് അവരുടെ തോട്ടത്തിൽ 7000-ത്തോളം മുരിങ്ങ മരങ്ങളുണ്ട്. ഈ വർഷം ഇതുവരെ 70 ലക്ഷം രൂപയാണ് സുരേഖയുടെ വരുമാനം! 300 ക്വിന്റൽ പച്ച മുരിങ്ങക്ക വിറ്റതിലൂടെ 30 ലക്ഷവും, കിലോയ്ക്ക് 3000 രൂപ നിരക്കിൽ വിത്തുകൾ വിറ്റതിലൂടെ 40 ലക്ഷവും അവർ നേടി. ലണ്ടൻ, വാഷിംഗ്ടൺ, ഒമാൻ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് വരെ ഇന്ന് സുരേഖയുടെ മുരിങ്ങ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →