വി.ഡി സവർക്കറേക്കുറിച്ചുള്ള പരാമർശം; രാഹുലിനെതിരായ വിദ്വേഷപ്രസംഗ കേസ് സുപ്രീംകോടതി റദ്ദാക്കി
വി.ഡി. സവർക്കറെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ ക്രിമിനൽ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിൽ നിലനിന്നിരുന്ന കേസാണ് കോടതി റദ്ദാക്കിയത്.
രാഹുൽ ഗാന്ധിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതേത്തുടർന്നാണ് കേസും ഇതിന്റെ അടിസ്ഥാനത്തിൽ ലഖ്‌നൗ കോടതി പുറപ്പെടുവിച്ച സമൻസും സുപ്രീംകോടതി റദ്ദാക്കിയത്.
ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് നടപടി സ്വീകരിച്ചത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153-എ, 505 വകുപ്പുകൾ പ്രകാരം വിചാരണ നേരിടാൻ ലഖ്‌നൗ വിചാരണ കോടതി പുറപ്പെടുവിച്ച സമൻസിനെ ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ വിഷയത്തിൽ ഇടപെടാൻ അലഹാബാദ് ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
2022 നവംബർ 17ന് ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി വി.ഡി. സവർക്കറെ ബ്രിട്ടീഷുകാരുടെ സഹായിയെന്ന് വിശേഷിപ്പിച്ചത്. സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിൽനിന്ന് പെൻഷൻ വാങ്ങിയിരുന്നുവെന്നും രാഹുൽ ആരോപിച്ചിരുന്നു. ഇതിനെതിരെ അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ ലഖ്‌നൗവിലെ വിചാരണ കോടതിയിൽ ക്രിമിനൽ പരാതി നൽകുകയായിരുന്നു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന